തൃശൂർ : എല്ലാ പ്രതിസന്ധികൾക്കിടയിലും കേരളം മുന്നേറുകയാണെന്നും തനത്, ആഭ്യന്തര, പ്രതിശീർഷ വരുമാനങ്ങൾ വർധിപ്പിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയൻ. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന കയ്പമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ തന്നെ പ്രവൃത്തികളിലൂടെ ആഭ്യന്തരവരുമാനം വർധിപ്പിക്കാനായെങ്കിലും വിഷമിപ്പിക്കുന്നത് കേന്ദ്രത്തിന്റെ നിസഹകരണമാണ്. നമ്മുടെ നാടിനോട് പ്രത്യേക പകയോടുള്ള സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾ ഒന്നിച്ച് കേരളം നേരിടുന്ന പ്രശ്നത്തെ കാണണം. ഓരോ മേഖലയിലും ഓരോ രംഗത്തും നമുക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അതു സങ്കുചിതമായ കക്ഷിരാഷ്ട്രീയമല്ല. അത് നാടിനു വേണ്ടിയാണ്. നവകേരളത്തെ ലോകത്തിലെ വികസിത മധ്യവരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നിനൊന്ന് മെച്ചപ്പെട്ട ജനാവലിയാണ് ഓരോ നവകേരള സദസ്സിലും എത്തുന്നത്. നമ്മുടെ നാട്ടിൽ ഇനിയും ചില കാര്യങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യമാണ് ഈ ജനാവലി ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ നാട്, അതിന്റെ ഭാവി ഭദ്രമായിരിക്കും എന്ന് ഉറപ്പാണ് ഈ സദസ്സ് നൽകുന്നത്. ഒരുമയോടെ ഐക്യത്തോടെ ഉള്ള ഒരു നാടിനെ ഒന്നിനും പിന്നോട്ടടിക്കാനാവില്ല. കേരളം നേരിടുന്ന പ്രശ്നങ്ങൾ ജനങ്ങളുടെ സമക്ഷം അവതരിപ്പിക്കാനാണ് നവകേരള സദസ്സ് ലക്ഷ്യമിട്ടത്. എന്നാൽ ജനങ്ങൾ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ബോധവമുള്ളവരാണെന്നാണ് ഈ സദസ്സിൽ പങ്കെടുക്കുന്ന പതിനായിരങ്ങൾ കാണിച്ചുതരുന്നത്. എന്റെ നാട് കൂടുതൽ നല്ല നിലയിൽ പോകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന്റെ തെളിവാണ് മഹാസംഗമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.ടി. ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. മോഹനൻ, കെ.പി. രാജൻ, നിഷ അജിതൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ടി.കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം അഹമ്മദ്, കെ.എസ്. ജയ, സുഗത ശശിധരൻ, മഞ്ജുള അരുണൻ, നിയോജകമണ്ഡലം ജനറൽ കൺവീനർ എം.എം ജോവിൻ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.