Sanju Samson: ഇങ്ങനെ പോയാൽ അടുത്ത ടി20 ടീമിൽ സഞ്ജുവിന് സ്ഥാനം ലഭിക്കുമോ എന്നത് തന്നെ സംശയമാണ്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി നേടിയ റെക്കോര്‍ഡിട്ട താരമാണ് സഞ്ജു സാംസണ്. കഴിഞ്ഞ വര്‍ഷം ആയിരുന്നു മലയാളിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സംസാണിന്റെ ഞെട്ടിപ്പിക്കുന്ന പ്രകടനങ്ങള്‍. അതിന് ശേഷം 2025 ലെ ആദ്യ ടി20 പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ സഞ്ജു അംഗമാവുകയും ചെയ്തു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ് വന്‍ പരാജയം ആയിരുന്നു. ആദ്യ മത്സരത്തില്‍ നേടിയ 26 റണ്‍സ് ആണ് പരമ്പരയിലെ ഇതുവരെയുള്ള സഞ്ജുവിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
ജോഫ്ര ആര്‍ച്ചറിന്റെ പന്തുകളിലാണ് മൂന്ന് മത്സരങ്ങളിലും സഞ്ജു പുറത്തായത്. അതും ബൗണ്‍സര്‍ പന്തുകള്‍ പുള്‍ ഷോട്ട് ചെയ്യാന്‍ ശ്രമിക്കവേ. ഏറെക്കുറേ സമാനമായരീതിയില്‍ ആണ് മൂന്ന് കളികളും സഞ്ജു പുറത്തായത്.
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ വിരാട് കോലിയുടെ തുടര്‍ച്ചയായുള്ള ഏഴ് പുറത്താകലുകളുമായി വേണമെങ്കില്‍ സഞ്ജുവിന്റെ ഈ പുറത്താകലുകളെ താരതമ്യം ചെയ്യാവുന്നതാണ്. ഒരേ തരത്തില്‍ ആയിരുന്നു കോലി അന്ന് ഏഴ് തവണ തുടര്‍ച്ചയായി പുറത്തായത്. ഇപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ സഞ്ജുവും അങ്ങനെ തന്നെ.
ഓപ്പണര്‍ സ്ഥാനം നല്കി ടീം ഏല്പിച്ച വിശ്വസ്തത സഞ്ജുവിന് പാലിക്കാന്‍ ആകുന്നുണ്ടോ എന്നാണ് ചോദ്യം. നാലാം ടി20 മത്സരത്തില്‍ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം ലഭിക്കുമോ എന്ന് ഉറപ്പില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയേക്കും എന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍. മുമ്പ് സഞ്ജു മധ്യനിരയില്‍ ആയിരുന്നു കളിച്ചിരുന്നത്. എന്നാല്‍ ഓപ്പണിങ് പൊസിഷനില്‍ ഇറങ്ങിയപ്പോള്‍ ആയിരുന്നു മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്.
ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 കളിലെ പ്രകടനത്തോടെ ആ വിമര്‍ശനങ്ങള്‍ ഏറെക്കുറേ കെട്ടടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴിചവയ്ക്കുക എന്നത് മാത്രമാണ് സഞ്ജുവിന്റെ മുന്നിലുള്ള വഴി. അല്ലാത്ത പക്ഷം, ഈ പരമ്പരയ്ക്ക് ശേഷം ടീമില്‍ നിലനില്ക്കുക എന്നത് തന്നെ ബുദ്ധിമുട്ടാകും.