കൊച്ചി: താനൂർ ബോട്ടപകടത്തിൽ ഇടപെട്ട് ഹൈക്കോടതി. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ലെന്ന് പറഞ്ഞ കോടതി ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും വ്യക്തമാക്കി. നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് കോടതി ആരാഞ്ഞു. നൂറുകണക്കിന് ബോട്ടുകളാണ് എന്തും സംഭവിക്കാമെന്ന അവസ്ഥയിലുള്ളത്. ഇനിയും ഇതിന് നേരെ കണ്ണടച്ചിരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അപകടത്തിന്റെ മൂലകാരണം എന്താണെന്നുള്ളത് കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു.
അപകടം നടന്ന പ്രദേശത്തിന്റെ ചുമതലയുള്ള പോർട്ട് ഓഫീസർ ആരാണെന്നുള്ളതായിരുന്നു സിറ്റിങ് ആരംഭിച്ചപ്പോൾ തന്നെ കോടതി ചോദിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. ഉടൻ അതിന് ഉത്തരം നൽകണമെന്നും പറഞ്ഞ കോടതി മറ്റൊരു കേസ് കേട്ട ശേഷം വീണ്ടും വിഷയം പരിഗണിച്ചു.
കുട്ടികളടക്കം 22 പേർ മരിച്ച ഈ ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ബോട്ട് ഓപ്പറേറ്റർ മാത്രമല്ല ഇതിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവം മുൻപും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെ എല്ലാവരും മറക്കുന്നുവെന്ന് കോടതി വിമർശിച്ചു. കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ആരാഞ്ഞു.
കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ 11 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ മുഖ്യമന്ത്രി ഇന്നലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അപകടം നടന്ന ബോട്ടിന്റെ ഉടമ നാസറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്.
താനൂർ ബോട്ടപകടം അന്വേഷിക്കാൻ പൊലീസിന്റെ 15 അംഗ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസാണ് സംഘത്തലവന്‍. ഡിവൈ.എസ്.പി വി.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. കോണ്ടോട്ടി എ.എസ്.പി വിജയ ഭാരത് റെഡ്ഡി, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജീവന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളാണ്. ഉത്തരമേഖലാ ഐജി നീരജ് കുമാര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിര്‍ദ്ദേശം നൽകി. ജുഡീഷ്യൽ അന്വേഷണത്തിനും മാരിടൈം ബോർഡിൻ്റെ അന്വേഷണത്തിനും പുറമേയാണ് പൊലീസിൻ്റെ പ്രത്യേക സംഘത്തിൻ്റെ അന്വേഷണം.
അതിനിടെ നിയമ വിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന ശിക്കാര- ഹൗസ് ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. മാരിടൈം ബോർഡിനോട് മന്ത്രി വിശദീകരണം തേടും.
ആലപ്പുഴ പുന്നമടക്കായലിലും പളളാത്തുരുത്തിയിലും നടത്തിയ പരിശോധനയിൽ വലിയ നിയമലംഘനങ്ങൾ കണ്ടെത്തി. 12 ഹൗസ് ബോട്ടുകൾ പരിശോധിച്ചതിൽ 3 എണ്ണത്തിനു മാത്രമാണ് ലൈസൻസ് ഉളളത്. സംസ്ഥാനത്ത് എത്ര ഹൗസ് ബോട്ടുകളെന്നോ എത്രയെണ്ണത്തിന് ഫിറ്റ്നസ് ഉണ്ടെന്നോ ഇനിയും വ്യക്തമായിട്ടില്ല.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വനം വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകി. സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, ഫിറ്റ്നസ് തുടങ്ങിയവയെല്ലാം പരിശോധിക്കാനാണ് നിർദ്ദേശം. ഒരാഴ്ചയ്ക്കകം എല്ലാ ബോട്ടുകളും പരിശോധിക്കണം. തേക്കടി ഉൾപ്പെടെയുള്ള ഫോറസ്റ്റ് ടൂറിസം കേന്ദ്രങ്ങളിൽ പരിശോധന നടത്തും. സുരക്ഷയില്ലാത്ത ബോട്ടുകളുടെ സർവീസ് ഉടൻ നിർത്തിവെക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...