കൊഹിമ: സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് വഴിവച്ച് നാഗാലാൻഡിൽ വേഴാമ്പൽ പക്ഷിയെ ക്രൂരമായി കൊല്ലുന്ന വീഡിയോ. നാഗാലാൻഡിലെ വോഖ ജില്ലയിൽ മൂന്ന് പേർ ചേർന്ന് വേഴാമ്പലിനെ വടികൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്നത് ദൃശ്യങ്ങളിൽ കാണാം. വളരെ ക്രൂരമായ രീതിയിലാണ് പക്ഷിയെ കൊലപ്പെടുത്തിയത്. വടികൊണ്ട് തലയ്ക്കടിയേറ്റ് വീണ പക്ഷിയുടെ കഴുത്തിൽ ഒരാൾ ചവിട്ടി അമർത്തുന്നുണ്ട്. വേഴാമ്പൽ സംരക്ഷിത പക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) വേഴാമ്പലിനെ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ ഡിസിപി എക്സ്പെഡിഷൻസ് എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചത്. ”ഭയാനകമായ വീഡിയോ. വംശനാശഭീഷണി നേരിടുന്ന, വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 1 ഇനത്തിൽപ്പെട്ട അതിമനോഹരമായ പക്ഷി, അതിക്രൂരമായി കൊല്ലപ്പെട്ടു. വേഴാമ്പൽ ഉത്സവം ആഘോഷിക്കുന്ന സംസ്ഥാനമാണിത്” എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റവാളികളെ ഇതിനകം പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വേഴാമ്പലിനെ കൊന്നതിന് വന്യജീവി നിയമപ്രകാരം മൂന്ന് പേരെ നാഗാലാൻഡ് പോലീസ് അറസ്റ്റ് ചെയ്തതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വൈൽഡ് ലൈഫ് ഡിവിഷൻ സംഘം കൂടുതൽ അന്വേഷണം നടത്തി വേഴാമ്പലിന്റെ അവശിഷ്ടങ്ങളും കൊല്ലാൻ ഉപയോഗിച്ച ആയുധവും കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...