കൊച്ചി: കൊച്ചിയിൽ ഒരാളെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്. കളത്തിപറമ്പ് റോഡിൽ വെച്ചുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്. സംഘർത്തിൽ രണ്ട് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ഒരാളുടെ പേര് അരുൺ എന്നാണ്. രണ്ടാമത്തെയാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങി എന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
തെളിവില്ലാത്ത കേസുകളിൽ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയം; വിമർശനവുമായി കെ.സുധാകരൻ എംപി
തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. 1995 ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൻ മാവുങ്കൽ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണ് സർക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത്. എന്നാൽ ഈ രണ്ടു കേസുകളിൽ തനിക്കെതിരായി ഒരു തെളിവും സർക്കാരിന്റെ കയ്യിലില്ലെന്നതാണ് വാസ്തവം.
ഏകപക്ഷീയമായ നടപടികളിലൂടെ തന്നെ കുടുക്കാനുള്ള സർക്കാരിനെ പ്രേരിപ്പിക്കുന്ന ചേതോവികാരം അത്ഭുതപ്പെടുത്തുന്നതാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിടുന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. ഭരണഘടനയെ ബഹുമാനിക്കാത്ത,രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എൽഡിഎഫ്.
ദേശവിരുദ്ധ പരാമർശം നടത്തിയ കെടി ജെലീലിനെ സംരക്ഷിക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും. ജലീൽ നടത്തിയ പരാമർശത്തിന്റെ ഗൗരവ്വം ചൂണ്ടിക്കാണിക്കാനും തെറ്റുതിരുത്തി മാപ്പ് പറയാനും നിർദ്ദേശിക്കാനുമുള്ള ആർജ്ജവം കൈമോശം വന്നവരാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും തലപ്പത്ത് ഇരിക്കുന്നത്. കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാർ കുറവെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികെട്ട മുഖ്യമന്ത്രിയുടെ തനിക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടിയെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.
രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യം കാട്ടുന്ന ആഭ്യന്തരവകുപ്പ് എന്തുകൊണ്ടാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കുന്നത്.വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച എൽഡിഎഫ് കൺവീനർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടും അതിന് ആഭ്യന്തരവകുപ്പിന് ഒട്ടും താൽപ്പര്യമില്ല.എൽഡിഎഫ് കൺവീനറെ ഒന്നു വിളിച്ച് എന്താണ് നടന്നതെന്ന് ചോദിക്കാൻ പോലും പോലീസിന് മുട്ട് വിറയ്ക്കുന്നു.
സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്ററിൽ പടക്കം എറിഞ്ഞ അജ്ഞാത ശക്തിയെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും എല്ലാം ഇക്കാര്യത്തിൽ ഇരുട്ടിൽത്തപ്പുകയാണ്. എകെജി സെന്ററിലെ പടക്കമേറുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിൽ പോയാൽ എൽഡിഎഫ് കൺവീനർ ജയിലിൽ കിടക്കുമെന്ന് സിപിഎമ്മിനും കേരള സർക്കാരിനും ഉത്തമബോധ്യമുള്ളത് കൊണ്ടാണ് ആ കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത് നിൽക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു.
പിണറായി സർക്കാർ അധികാരമേറ്റത് മുതൽ പോലീസ് രാഷ്ട്രീയം കളിക്കുകയാണ്. എകെജി സെന്ററിന്റെയും ജില്ലാ സെക്രട്ടറിയേറ്റുകളുടെയും ആജ്ഞയും തിട്ടൂരവും അനുസരിക്കുക മാത്രമാണ് കേരള പോലീസിന്റെ പണി. മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്ന പഴഞ്ചൊല്ല് അർത്ഥവത്താക്കുന്ന വിധമാണ് സംസ്ഥാന ഭരണം. സ്വർണ്ണക്കടത്ത്,കറൻസിക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രിയും കുടുംബവും പ്രതിസ്ഥാനത്താണ്.
ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ കോടതിയിൽ നിയമപോരാട്ടം നടത്താൻപോലും ധൈര്യമില്ലാത്ത മുഖ്യമന്ത്രിയും പോലീസുമാണ് ഇത്തരം ഓലപാമ്പ് കാട്ടി തന്നെ പേടിപ്പിക്കാൻ നോക്കുന്നത്. മോൻസൻ മാവുങ്കൽ ഉൾപ്പെടെയുള്ള തനിക്കെതിരായ കള്ളക്കേസുകളെ വെല്ലുവിളിച്ച് കോടതിയിൽ താൻ നിയമപോരാട്ടം നടത്തുകയാണ്. മടിയിൽ കനമില്ലെന്ന പരസ്യബോർഡ് വെച്ചിട്ട് കാര്യമില്ല. അത് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് വേണ്ടത്. അതിനുള്ള തന്റേടവും ചങ്കൂറ്റവും ഇല്ലാത്ത വ്യക്തിയാണ് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...