കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സ്വന്തം മണ്ണിൽ വെച്ച് ഒരു പരമ്പര നഷ്ടമാകുന്നത്. ഏകദിന പരമ്പരയിൽ നേരിട്ടിരിക്കുന്ന ഈ തോൽവി രോഹിത്തിനും സംഘത്തിനും ഐസിസി ലോകകപ്പിന് മുമ്പ് ഏറ്റ കനത്ത ഒരു തിരിച്ചടി പോലെയാണ്. ഏകദിന പരമ്പരയ്ക്ക് മുമ്പ് തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പല വിദഗ്ധരും ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. നിങ്ങൾ നേരിടാൻ പോകുന്നത് സ്റ്റീവ് സ്മിത്ത് എന്ന ക്യാപ്റ്റനെയും അയാളുടെ തന്ത്രങ്ങളെയുമാണ് എന്നാണ് വിദഗ്ധർ നൽകി മുന്നറിയിപ്പ്. എന്നാൽ ഇന്ത്യ അത് കാര്യമാക്കിട്ടില്ലയെന്ന് വ്യക്തമാക്കുന്നതാണ് ഈ പരമ്പര നഷ്ടം. ടെസ്റ്റ് പരമ്പരയിൽ താൽക്കാലിക ക്യാപ്റ്റൻ ചുമതല ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിന് നൽകിയപ്പോൾ മുൻ ഓസീസ് ക്യാപ്റ്റൻ തന്റെ പഴയ ആ മികവാണ് കാട്ടിയത്.
ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിന് ഓസീസ് ടീമിനെ നയിക്കാൻ ചുമതല നൽകുന്നത്. സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമിൻസ് അമ്മയുടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങിയതോടെയാണ് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന ക്യാപ്റ്റൻസി സ്ഥാനം നഷ്ടമായ സ്മിത്തിനോട് വീണ്ടും ഓസീസ് ടീമിനെ നയിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെടുന്നത്. തുടർന്ന് നടന്ന ഇൻഡോർ ടെസ്റ്റിൽ ഓസ്ട്രേലിയ ഇന്ത്യയെ തറപ്പറ്റിച്ചു. നിർണായകമായ അഹമ്മദബാദ് ടെസ്റ്റ് സമനിലയിലും സ്മിത്ത് പിടിച്ചു. പരമ്പര നഷ്ടമായെങ്കിലും സ്മിത്ത് എന്ന ഓസീസ് ക്യാപ്റ്റൻ പരാജയം അറിഞ്ഞില്ല. അതിനിടെയാണ് കമിൻസിന്റെ അമ്മ മരിച്ചതിനെ തുടർന്ന് സ്മിത്തിനോട് ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയും നയിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെടുന്നത്.
ALSO READ : Suryakumar Yadav : സൂര്യകുമാർ യാദവിന് ഹാട്രിക് ഗോൾഡൻ ഡക്ക്; 'സ്കൈ' വീണ്ടും എയറിൽ
തന്നെ ഏൽപ്പിച്ച ജോലി കൃത്യവും മനോഹരമായിട്ടും നിർവഹിച്ചിരിക്കുകയാണ് സ്മിത്ത്. പരമ്പരയിൽ 1-0ത്തിന് പിന്നിട്ട് നിന്ന് കംഗാരുക്കൾ സ്മിത്തിന്റെ നേതൃത്വത്തിൽ 1-2ന് സ്വന്തമാക്കി. അതും നാല് വർഷമായി ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്ന സ്വന്തം മണ്ണിലെ പരമ്പര നേട്ടമാണ് സ്മിത്ത് ഇല്ലാതാക്കിയത്. ഒന്ന് ഓർക്കേണ്ടത്, ഏറ്റവും അവസാനമായി ഇന്ത്യക്ക് സ്വന്തം മണ്ണിൽ പരമ്പര നഷ്ടമായത് ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു.
സ്മിത്ത് എന്ന ക്യാപ്റ്റൻ
ചോദ്യമിതാണ് എന്താണ് സ്മിത്തിന്റെ മികവ് എന്നാണ്. ഓസീസ് ബാറ്ററുടെ ക്യാപ്റ്റൻസി മികവിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫീൽഡിങ് ഒരുക്കുന്നതാണ്. അത് ബിജിടി ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കണ്ടതാണ്. ബിജിടി പരമ്പരയിലെ ആദ്യ രണ്ട് ദയനീയ തോൽവികൾ ഏറ്റു വാങ്ങിയ ഓസ്ട്രേലിയൻ ടീമിനെ അല്ല മൂന്നാം ടെസ്റ്റിൽ ഇൻഡോറിൽ കണ്ടത്. സ്മിത്തിന്റെ കീഴിൽ അടിമുടി മാറി വീറും വാശിയുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ്സിലിൽ എപ്പോഴും കാണുന്ന ആ പഴയ ഓസ്ട്രേലിയൻ ടീമിനൊണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചത്. ഓരോ താരങ്ങൾക്കും ഓരോ സന്ദർഭങ്ങൾക്കും അനുസരിച്ചാണ് സ്മിത്ത് തന്റെ ബോളർമാർക്ക് വേണ്ടി ഫീൽഡിങ് ഒരുക്കുന്നത്.
അതിന് ഉദ്ദാഹരണമാണ് ഇൻഡോർ ടെസ്റ്റ് ഇന്ത്യയുടെ റെഡ് ബോൾ സ്പെഷ്യലിസ്റ്റായ ചേതേശ്വർ പുജാരയുടെയും നാലാം ടെസ്റ്റിൽ വിരാട് കോലിയുടെയും പുറത്താകലുകൾ. പ്രതിരോധത്തിൽ ഊന്നി കളിക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റിനെ പുറത്താക്കുന്നതിന് വേണ്ടി സ്മിത്ത് ഒരുക്കിയത് അത്തരത്തിലുള്ള ഒരു ഫീൽഡിങ് മാതൃകയായിരുന്നു. പുജാര പോലും പ്രതീക്ഷിക്കാതെ ഓൺസൈഡ് സ്ലിൽപ് ട്രാപ്പാണ് സ്മിത്ത് ഒരുക്കിയത്. ഇന്ത്യൻ താരം അതിൽ വീഴുകയും ചെയ്തു. 59 റൺസെടുത്ത ഇന്ത്യക്കായി ശക്തമായ ഇന്നിങ്സ് കാഴ്ചവെച്ചുകൊണ്ടിരുന്ന ബാറ്ററെയാണ് സ്മിത്ത് തന്റെ ഫീൽഡിങ് മാതൃകയിലൂടെ വീഴ്ത്തിയത്. ആ ക്യാച്ച് എടുത്തതും സ്മിത്ത് തന്നെയായിരുന്നു.
അഹമ്മദബാദിൽ വിരാട് കോലി തന്റെ 1200ൽ അധികം വരുന്ന ദിവസങ്ങളുടെ ടെസ്റ്റ് സെഞ്ചുറി വരൾച്ച ഇല്ലാതാക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ കോലി തന്റെ ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങുമ്പോൾ സ്മിത്ത് തന്റെ ഫീൽഡിങ് മാതൃകയിൽ വലിയ മാറ്റമാണ് വരുത്തിയത്. ബാറ്റിങ്ങ് ലൈനപ്പിലെ വാലറ്റത്താരത്തിനൊപ്പം ബാറ്റ് വീശിയ കോലിയെ പ്രകോപ്പിക്കുന്ന തലത്തിലുള്ള ഫീൽഡിങ്ങായിരുന്നു സ്മിത്ത് ഒരുക്കിയത്. അതായത് ട്വന്റി20 മത്സരങ്ങളിൽ ഡെത്ത് ഓവറുകളിൽ ഒരുക്കുന്ന ഫീൽഡിങ് മാതൃക. ആ ട്രാപ്പിൽ കോലി വീണു, ഇന്ത്യൻ താരത്തിന്റെ ഇരട്ട സെഞ്ചുറിയിലേക്കുള്ള ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു.
ഇന്നലെ ചെന്നൈയിൽ
ഇനി ചെന്നൈയിൽ ഏകദിനത്തിലേക്ക് വരാം. ഏത് മേഖലയിലാണോ എതിർ ടീം ബാറ്റർമാർക്ക് മികവുള്ളത് അവിടെ ഒരു ഫീൽഡറെ സ്മിത്ത് നിർത്തും. ഇത് വേറെ ഒന്നുമല്ല, ഇത് എതിർ ടീം ബാറ്ററെ ചൊടുപ്പിക്കുന്നതാണ്. അത് സ്മിത്ത് ഒരുക്കുന്ന ഒരു ട്രാപ്പ് ആണെന്ന് തന്നെ പറയാം. ആ ട്രാപ്പിൽ വീണതാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും. ഇന്നത്തെ ക്രിക്കറ്റിൽ പുൾ ഷോട്ടിൽ മികവ് പുലർത്തുന്ന താരമാണ് രോഹിത് ശർമ. ആ മേഖലിൽ ഒരു ഫീൽഡറെ നിർത്തി രോഹിത്തിന്റെ മികവിലുള്ള ബലഹീനതയെ സ്മിത്ത് പരീക്ഷിച്ചു. മികച്ച ഫോമിലേക്ക് ഉയർന്ന രോഹിത് പുറത്ത്.
പാണ്ഡ്യയുടെ കാര്യത്തിൽ, ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെ ചൊടുപ്പിക്കുന്ന വിധത്തിലായിരുന്നു സ്മിത്ത് ഫീൽഡിങ് ഒരുക്കിയത്. ബാറ്റർക്ക് അഭിമുഖമായി ബൗണ്ടറിയിൽ ഫീൽഡറെ നിർത്തി സ്മിത്ത് പാണ്ഡ്യയെ ചൊടുപ്പിച്ചു. ആ ഭാഗത്തിലൂടെ തന്നെ ബൗണ്ടറി നേടാൻ പാണ്ഡ്യ ശ്രമിച്ചെങ്കിലും പന്ത് നേരെ ഫീൽഡറുടെ കൈകളിൽ തന്നെ എത്തുകയായിരുന്നു. തുടർന്ന് അടുത്ത പന്തിൽ ക്യാച്ച് നൽകി പാണ്ഡ്യ ഇന്ത്യൻ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി.
സ്മിത്ത് ഓസ്ട്രേലിയുടെ സ്ഥിരം ക്യാപ്റ്റൻ ആകുമോ?
ഓസീസ് പേസറുടെ ക്യാപ്റ്റൻസിൽ അത്രകണ്ട് തൃപ്തരല്ല കംഗാരുക്കളുടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് മാധ്യമങ്ങളും. സ്മിത്തിനെ തിരികെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയമക്കണമെന്ന ആവശ്യം ആരാധകർക്കിടിയൽ വ്യാപകമായിട്ടുണ്ട്. എന്നാൽ സ്മിത്തിനെ വീണ്ടും ക്യാപ്റ്റനായി നിയമിച്ചാൽ ക്രിക്കറ്റ് ഓസ്ട്രേലിയ വീണ്ടും വിവാദങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേക്കും. ഈ കാരണത്താൽ ആകും സ്മിത്തിനെ ആ സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാത്തത് എന്ന നിഗമനത്തിലേക്ക് വരേണ്ടി വരും. എന്നാൽ താൻ ക്യാപ്റ്റനായി തിരികെ വരില്ല എന്ന തീരുമാനവും സ്മിത്തിനുണ്ട്. "എന്റെ സമയം അവസാനിച്ചു, ഇപ്പോൾ ഇത് പാറ്റിന്റെ ടീമാണ്" ഇൻഡോറിലെ വിജയത്തിന് ശേഷം സ്മിത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...