കൊച്ചി: പുകയില്‍ ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി. ഇതിനുവേണ്ടി മമ്മൂട്ടിയുടെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം നാളെ ചൊവ്വാഴ്ച മുതല്‍ സൗജന്യ പരിശോധനയ്‌ക്കെത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക.
നാളെ ചൊവ്വാഴ്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്ത്‌നാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. വിദഗ്ദ്ധപരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്‍ക്കരികിലെത്തും. ഇതില്‍ ഡോക്ടറും നഴ്‌സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും.
ഡോ.ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി.പി.ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
വിഷപ്പുക മൂലം വലയുന്ന ആസ്തമ രോഗികള്‍ക്കടക്കം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വലിയൊരളവില്‍ സഹായകരമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു. വായുവിലെ ഓക്സിജനെ വേര്‍തിരിച്ചെടുക്കുകയാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുന്നത്. ലഭ്യമായ വായുവില്‍ നിന്ന് ഇവ വിഷ വാതകങ്ങളെ പുറംതളളി ഏകദേശം 90-95 ശതമാനം ഓക്സിജന്‍ നല്‍കും. മുറിയില്‍ നിന്നോ, പരിസരത്തു നിന്നോ വായുവിനെ സ്വീകരിച്ച് ശുദ്ധീകരിച്ച്, ആവശ്യമുള്ള വ്യക്തിക്ക് ഓക്‌സിജന്‍ മാത്രമായി നല്‍കുകയാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുക.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. പുകയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നതനിലവാരത്തിലുള്ള മാസ്‌കുകള്‍ ബ്രഹ്മപുരത്ത് വിതരണം ചെയ്യുന്നതിനായി കെയര്‍ ആന്റ് ഷെയര്‍ വൈദ്യസംഘത്തിന് കൈമാറിയിട്ടുണ്ട്.
'പുക ശ്വസിച്ചതുമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ ഒരുപാട് പേര്‍ക്കുണ്ട്. പലരും ആശുപത്രിയില്‍ പോകാന്‍ മടിച്ച് വീട്ടില്‍തന്നെയിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അവര്‍ക്കുകൂടി പ്രയോജനമാകും വിധമാണ് വൈദ്യപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കുന്നത്'-കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ.മുരളീധരന്‍ പറഞ്ഞു. മെഡിക്കല്‍ യൂണിറ്റിന്റെ യാത്രാപാതകളെക്കുറിച്ചും സമയത്തെക്കുറിച്ചും അറിയാന്‍ 7736584286 എന്ന നമ്പരില്‍ ബന്ധപ്പെടാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...