റഷ്യയുടെ യുക്രൈൻ അധിനിവേശം യുറോപ്യൻ രാജ്യങ്ങളിലെ ഊർജ പ്രതിസന്ധിക്കും ക്രൂഡ് വില വർധനയ്ക്കും മാത്രമല്ല ഭക്ഷ്യ വസ്തുക്കളുടെ വിലയിലെ കുതിച്ചുചാട്ടത്തിന് കൂടിയാണ് വഴിവയ്ക്കുന്നത്. ഇന്ധന വില വർധന വരുമ്പോൾ ഭക്ഷ്യവില വർധന സ്വാഭാവികമെന്ന് പറഞ്ഞ് ആശ്വസിക്കുന്നവർക്ക് കാര്യങ്ങൾ അങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് രാജ്യാന്തര ഏജൻസികളുടെ പുതിയ കണക്കുകൾ. റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. എന്നാൽ ഇതിനും നാലു വർഷങ്ങൾക്ക് മുമ്പുള്ള കണക്കുകൾ പ്രകാരം പട്ടിണി നേരിടുന്നവരുടെ എണ്ണം 80 മില്യണിൽ നിന്ന് 276 മില്യണായി ഉയരുമെന്ന് സൂചിപ്പിക്കുന്നു. റഷ്യയുടെ യുദ്ധ പ്രഖ്യാപനം പട്ടിണി വർധനയെന്ന എരിതീയിലേക്കുള്ള എണ്ണയാണ്.
റഷ്യയും യുക്രൈനും ധാന്യകലവറ
യൂറോപ്യൻ രാജ്യങ്ങളിലെ പ്രഭാതഭക്ഷണത്തിന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് റഷ്യയും യുക്രൈനുമാണ്. ലോകത്തിലെ ധാന്യ കയറ്റുമതിയുടെ 25 ശതമാനം സംഭാവനയും നൽകുന്നതും ഈ രണ്ടു രാജ്യങ്ങളാണ്. ഇതുകൂടാതെ സൺഫ്ളവർ ഓയിൽ, വിവിധ തരം ഭക്ഷ്യഎണ്ണകൾ എന്നിവയും റഷ്യയും യുക്രൈനും ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നു. ചോളം ഉത്പാദന രംഗത്തും യുക്രൈന് വലിയ പങ്കുണ്ട്. ഈ സാഹചര്യത്തിൽ റഷ്യ-യുക്രൈൻ സംഘർഷം ഭക്ഷ്യധാന്യങ്ങളുടെ മുഴുവൻ വില വർധനയ്ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.
ലെബനോനിലെ 50 ശതമാനം ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയും യുക്രൈനെയും യെമൻ, സിറിയ എന്നീ രാജ്യങ്ങളെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. സിറിയയിലും യെമനിലും ആഭ്യന്തര സംഘർഷങ്ങൾ കാരണം പണ്ടു മുതൽ കൃഷി കുറവാണ്. യുക്രൈനിലും പുതിയ സാഹചര്യം ഉടലെടുത്തതോടെ കാര്യങ്ങൾ തകിടം മറിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ലെബനോനിൽ സമാധാനമുണ്ടെങ്കിലും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് നേരിടുമെന്ന് ചരുക്കം.
കർഷകർ പലായനം ചെയ്യുന്നു
റഷ്യൻ ആക്രമണം ശക്തമായതോടെ യുക്രൈൻ കർഷകർ പലായനം ചെയ്യുകയാണ്. കൃഷി സ്ഥലങ്ങൾ മിക്കവയും കൃഷി ചെയ്യാതെയും വിളവെടുപ്പ് നടക്കാതെയും കിടക്കുന്നു. സമീപ രാജ്യങ്ങളിലേക്കുള്ള അഭയാർഥി പ്രവാഹം ആ രാജ്യങ്ങളിലും ഭക്ഷ്യപ്രതിസന്ധി ഉടൻ സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യുക്രൈന്റെ കരിങ്കടൽ തീരത്ത് നിന്നുള്ള കപ്പലുകളിൽ കയറ്റി അയയ്ക്കാൻ ഒന്നുമില്ലെന്ന സ്ഥിതിയാണ്. തെക്ക് കിഴക്ക് ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ സമീപ ഭാവിയിൽ തന്നെ ധാന്യങ്ങൾക്ക് ക്ഷാമം നേരിടുമെന്ന് ഈ മേഖലയിലെ എൻജിഒകൾ ചൂണ്ടിക്കാട്ടുന്നു.
അടിപതറുക നരവധി വ്യവസായങ്ങൾ
കൃഷി നടക്കാതെ വരുമ്പോൾ രാസവള കമ്പനികൾ എന്തിന് വളം ഉത്പാദിപ്പിക്കണം. വളം നിർമിക്കുന്നില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട രാസവസ്തുക്കൾ നിർമിക്കുന്നവർക്കും അവയുടെ ചരക്ക് നീക്കത്തിന് സഹായിക്കുന്നവർക്കും പണിയില്ലാതെയാകും. ധാന്യങ്ങൾ ന്യായമായ വിലയ്ക്ക് ലഭിക്കാതെ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന കമ്പനികൾക്കും ലാഭകരമായി പ്രവർത്തിക്കാൻ കഴിയില്ല. മുൻപ് സൂചിപ്പിച്ചതുപോലെ കരിങ്കടൽ തീരത്തുള്ള ചരക്കു കപ്പലുകളിൽ കയറ്റാൻ ഒന്നുമില്ലാത്ത സ്ഥിതിയാണ്. ലോജിസ്റ്റിക് മേഖലയിലും ഇതുവലിയ തിരിച്ചടിക്ക് വഴിവയ്ക്കും. യുദ്ധത്തിന്റെ ആദ്യ പ്രതികരണമായി മാത്രം ക്രൂഡ് ഓയിൽ വില വർധനവിനെ കണ്ടാൽ മതിയാകും. വരും കാലങ്ങളിൽ രൂക്ഷമായ ഭക്ഷ്യവിലക്കയറ്റത്തിനും ദൗർലഭ്യത്തിനും ഇതുവഴിവയ്ക്കുമെന്ന് ചുരുക്കം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.