Sologamy: സ്വയം സ്നേഹിച്ച് സ്വയം വിവാഹിതരാകുന്ന മനുഷ്യർ... ഒറ്റയ്ക്കുള്ള സന്തുഷ്ട ദാമ്പത്യം! അറിയാം 'സോളോ​ഗമി'

Sologamy marriage: സോളോ​ഗാമിയിൽ ഒരാൾ അയാളെത്തന്നെ വിവാഹം ചെയ്യുകയാണ്.

Written by - Zee Malayalam News Desk | Last Updated : Oct 18, 2022, 01:31 PM IST
  • ഒരു വ്യക്തി സ്വയം വിവാഹം ചെയ്യുന്നതാണ് സോളോഗമി
  • സോളോ​ഗമിയിലെ ചടങ്ങുകൾ, അതിഥികൾ, സ്വീകരണം എന്നിവയെല്ലാം പരമ്പരാഗത വിവാഹത്തിന്റെ ഏതാണ്ട് അതേ രൂപത്തിലായിരിക്കാം
  • ചിലപ്പോൾ പരമ്പരാ​ഗത രീതികൾ ഇല്ലാതെയും സോളോ​ഗമി നടത്തുന്നു
Sologamy: സ്വയം സ്നേഹിച്ച് സ്വയം വിവാഹിതരാകുന്ന മനുഷ്യർ... ഒറ്റയ്ക്കുള്ള സന്തുഷ്ട ദാമ്പത്യം! അറിയാം 'സോളോ​ഗമി'

വിവാഹത്തെക്കുറിച്ച് പലർക്കും പലതരത്തിലുള്ള സ്വപ്നങ്ങളും ആ​ഗ്രഹങ്ങളും കാണും. ചിലർക്ക് വളരെ മനോഹരമായി അണിഞ്ഞൊരുങ്ങി വലിയ മണ്ഡപത്തിൽ നിരവധി ആളുകളെ ക്ഷണിച്ച് വിഭവസമൃദമായ വിഭവങ്ങളൊക്കെ ഒരുക്കി സത്കാരം എല്ലാം നടത്തിയുള്ള വിവാഹത്തോടായിരിക്കും താൽപര്യം. എന്നാൽ, മറ്റു ചിലർക്ക് അധികം ആർഭാ​ടങ്ങൾ ഒന്നും തന്നെയില്ലാതെ, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായി നടത്താനായിരിക്കും താൽപര്യം. ആഘോഷത്തോടെ നടത്തിയാലും ഇല്ലെങ്കിലും വിവാഹങ്ങളിൽ എന്തായാലും വരനും വധുവും ഉണ്ടാകും. എന്നാൽ വരനും വധുവും ഇല്ലാത്ത വിവാഹം എന്ന് കേട്ടാലോ... വരനും വധുവും ഇല്ലാതെ വിവാഹമോ എന്ന് ചിന്തിച്ചേക്കാം. എന്നാൽ അങ്ങനെയും വിവാഹം ഉണ്ട്. അതാണ് സോളോ​ഗമി. ഒറ്റയ്ക്ക് വിവാഹം കഴിക്കുന്ന രീതി. സോളോ​ഗാമിയിൽ ഒരാൾ അയാളെത്തന്നെ വിവാഹം ചെയ്യുകയാണ്. ആരുടെയും ഭാര്യയോ ഭർത്താവോ ആയിരിക്കാൻ താൽപര്യപ്പെടാതെ ഭാര്യയായും ഭർത്താവായും ഒരാൾ മാത്രം. ഇത്തരത്തിൽ ലോകത്തിന്റെ പലയിടങ്ങളിലും സോളോ​ഗമി വിവാഹങ്ങൾ നടക്കുന്നുണ്ട്.

ഒരു വ്യക്തി സ്വയം വിവാഹം ചെയ്യുന്നതാണ് സോളോഗമി. സോളോ​ഗമിയിലെ ചടങ്ങുകൾ, അതിഥികൾ, സ്വീകരണം എന്നിവയെല്ലാം പരമ്പരാഗത വിവാഹത്തിന്റെ ഏതാണ്ട് അതേ രൂപത്തിലായിരിക്കാം. ചിലപ്പോൾ പരമ്പരാ​ഗത രീതികൾ ഇല്ലാതെയും സോളോ​ഗമി നടത്തുന്നു. 1993ൽ യുഎസിലെ ഡെന്റൽ ഹൈജീനിസ്റ്റായ ലിന്‍ഡ ബേക്കര്‍ എന്ന യുവതിയാണ് ലോകത്താദ്യമായി സോളോഗമി വിവാഹം ചെയ്തത്. 1996ൽ ബാസ്ക്കറ്റ്ബോള്‍ താരം ഡെന്നിസ് റോഡ്മാൻ സോളാ​ഗമിയായി. 2014-ൽ ഒരു ബ്രിട്ടീഷ് ഫോട്ടോഗ്രാഫറുടെയും 2017-ൽ ഒരു ഇറ്റാലിയൻ ഫിറ്റ്‌നസ് ട്രെയിനറുടെയും സ്വയം വിവാഹം മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തു. 2022 ജൂൺ എട്ടിന് ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ക്ഷമ ബിന്ദു  എന്ന യുവതി പരമ്പരാഗത ഹിന്ദു വിവാഹത്തിന്റെ എല്ലാ ആചാരങ്ങളും പാലിച്ച് സ്വയം വിവാഹം കഴിച്ചു. ഇത് ഇന്ത്യയിലെ ആദ്യത്തെ സോളോ​ഗമിയായി വിലയിരുത്തപ്പെടുന്നു. സ്വയം വിവാഹം കഴിക്കാനുള്ള കാരണം അവൾ ഒരു വധുവാകാൻ ആഗ്രഹിക്കുന്നു, പക്ഷേ ഒരു ഭാര്യയാകാൻ ആ​ഗ്രഹിക്കുന്നില്ല എന്നതായിരുന്നു.

ALSO READ: First Sologamy Marriage: വരനുമില്ല, പൂജാരിയുമില്ല, സ്വന്തം വിവാഹം സ്വയം നടത്തി ക്ഷമ ബിന്ദു...!!

ക്ഷമ ബിന്ദുവിന്റെ വിവാഹം പരമ്പരാ​ഗത ​ഹിന്ദു വിവാഹങ്ങളിലെ എല്ലാ ആചാരങ്ങളും പാലിച്ചാണ് നടത്തിയത്. ഹൽദി, മെഹന്തി ചടങ്ങുകളും വിവാഹത്തിന്റെ ഭാ​ഗമായി നടത്തി. തനിക്ക് താൻ മാത്രം മതിയെന്നാണ് ക്ഷമ ബിന്ദു സ്വയം വിവാഹത്തെ സംബന്ധിച്ച് പറഞ്ഞത്. സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള സ്നേഹത്തിന്റെ നിരുപാധിക പ്രഖ്യാപനമെന്നാണ് ക്ഷമയുടെ വാദം. ക്ഷമ ഒരിക്കലും വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നില്ല. എന്നാൽ വധുവായി അണിഞ്ഞൊരുങ്ങാൻ ആ​ഗ്രഹിച്ചു. അതിനാൽ സ്വന്തം വധുവായി തന്നെ അണിഞ്ഞൊരുങ്ങാൻ തീരുമാനിച്ചു.

ഒരു രാജ്യത്തും നിയമപരമായോ സാമൂഹിക ആചാരങ്ങളുടെ ഭാ​ഗമായോ സോളോ​ഗമിയെ അം​ഗീകരിച്ചിട്ടില്ല. പരമ്പരാഗത വിവാഹത്തിൽ നിന്ന് വ്യത്യസ്തമായി ഈ ആചാരം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അതുപോലെ തന്നെ നാർസിസിസത്തിലും സ്വയം-അഭിമാനത്തിലും വേരൂന്നിയതാണെന്നും വിമർശകർ വാദിക്കുന്നു. എന്നാൽ, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ തങ്ങൾ പ്രാപ്തരാണെന്ന് പ്രഖ്യാപിക്കുകയും ആരുടെയും തീരുമാനങ്ങൾക്കോ താൽപര്യങ്ങൾക്കോ വഴങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയുമാണ് സോളോ​ഗമികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News