കീവ്: രക്ഷാദൗത്യത്തിനായി യുക്രൈനിലെ കീവ്, സുമി ഉൾപ്പെടെയുള്ള നാല് നഗരങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ആക്രമണം ശക്തമായിരിക്കുന്ന ഈ പ്രദേശങ്ങളിൽ നിന്ന് പൊതുജനങ്ങളെ മാറ്റുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കീവ്, സുമി, മരിയുപോൾ, ഹർകീവ് എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ യുക്രൈന്റെ കിഴക്കൻ മേഖലകളിലും സുമിയിലും കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇന്ത്യ നടപടികൾ ഊർജ്ജിതമാക്കി. എംബസി ഉദ്യോഗസ്ഥർ ഉടൻ തന്നെ വിദ്യാർഥികളെ നേരിട്ട് കാണുമെന്നാണ് റിപ്പോർട്ട്.
സുമിയിൽ മാത്രം എഴുന്നൂറോളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഹർകീവ് നഗരത്തിൽ ഇന്ത്യക്കാർ ഇല്ല. എന്നാൽ ഹർകീവിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ആകെ 1200 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
യുക്രൈന്റെ കിഴക്കൻ മേഖലകളിൽ ആക്രമണം ശക്തമായതിനെ തുടർന്ന് വിദ്യാർഥികൾക്ക് ഷെൽട്ടറുകളിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാത്ത സാഹചര്യമാണ്. അതേസമയം, വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവരെ ഉടൻ ഒഴിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. യുക്രൈനിലെ പോൾട്ടാവ വഴി പടിഞ്ഞാറൻ അതിർത്തിയിൽ എത്താനാണ് വിദ്യാർഥികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
വിദ്യാർഥികളെ കിഴക്കൻ അതിർത്തിയിലെ ബെൽഗറോഡ് വഴി റഷ്യയിലേക്ക് എത്തിക്കുന്നതിനും പദ്ധതിയുണ്ട്. രണ്ടിടത്തും എംബസി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ചർച്ച നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...