Sachin Tendulkar: മതങ്ങളിൽ ഇടംപിടിക്കാത്ത ഏക ദൈവം; മാസ്റ്റർ ബ്ലാസ്റ്റർക്ക് ഇന്ന് 50-ാം പിറന്നാൾ, ഹാപ്പി ബർത്ത്ഡേ സച്ചിൻ

Happy birthday Sachin Tendulkar: കളത്തിനകത്തും പുറത്തും മാന്യതയുടെ ആൾരൂപമായിരുന്നു സച്ചിൻ ടെണ്ടുൽക്കർ. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 01:09 PM IST
  • കോച്ച് രമാകാന്ത് അച്ഛരേക്കറും ആദ്യമായി കുഞ്ഞു സച്ചിന് ബാറ്റ് നൽകിയ സഹോദരി കവിതയും ഈ ദിനത്തിൽ സ്മരിക്കപ്പെടേണ്ടവരാണ്.
  • കളത്തിനകത്തും പുറത്തും വിനയത്തിൻറെയും സൌമ്യതയുടെയും പ്രതീകമായിരുന്നു സച്ചിൻ.
  • കാലമെത്ര കടന്നുപോയാലും സച്ചിൻ എന്ന ഇതിഹാസത്തിന് ഇന്ത്യക്കാരുടെ മനസിലുള്ള സ്ഥാനത്തിന് ഒരു കോട്ടവും തട്ടില്ല.
Sachin Tendulkar: മതങ്ങളിൽ ഇടംപിടിക്കാത്ത ഏക ദൈവം; മാസ്റ്റർ ബ്ലാസ്റ്റർക്ക് ഇന്ന് 50-ാം പിറന്നാൾ, ഹാപ്പി ബർത്ത്ഡേ സച്ചിൻ

സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്നാൽ ഇന്ത്യക്കാർക്ക് ദൈവമാണ്. മതങ്ങളിൽ ഇടംപിടിക്കാത്ത ഏകദൈവം. 16-ാം വയസിൽ ക്രീസിലെത്തുകയും നീണ്ട 24 വർഷക്കാലം 22 വാര ദൂരത്തിനിടയിൽ ചെലവിടുകയും ചെയ്ത ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് 50 വയസ് തികയുകയാണ്. 

മറാത്തി നോവലിസ്റ്റും കോളേജ് അധ്യാപകനുമായിരുന്ന രമേശ് ടെണ്ടുൽക്കറുടെയും ഇൻഷുറൻസ് ഉദ്യോഗസ്ഥയായ രജനിയുടെയും മകനായി 1973 ഏപ്രിൽ 24ന് സച്ചിൻ ജനിച്ചത്. സംഗീത സംവിധായകനായ സച്ചിൻ ദേവ് ബർമ്മനോടുള്ള ആരാധന കാരണമാണ് രമേശ് ടെണ്ടുൽക്കർ തൻറെ മകന് സച്ചിൻ എന്ന് പേരിട്ടത്. പിന്നീട് ക്രിക്കറ്റിനെ ജീവനേക്കാളേറെ സ്നേഹിച്ച, കോടിക്കണക്കിനു ജനങ്ങളിലേക്ക് ക്രിക്കറ്റിനെ എത്തിച്ച  ഒരാളായി സച്ചിൻ മാറുന്ന കാഴ്ചയാണ് കാണാനായത്. സച്ചിനെ പോലെ ഒരു ഇതിഹാസത്തെ ക്രിക്കറ്റിന് സമ്മാനിച്ച കോച്ച് രമാകാന്ത് അച്ഛരേക്കറും ആദ്യമായി കുഞ്ഞു സച്ചിന് ബാറ്റ് നൽകിയ സഹോദരി കവിതയും ഈ ദിനത്തിൽ സ്മരിക്കപ്പെടേണ്ടവരാണ്. 

ALSO READ: രാജസ്ഥാന് തുടർ തോൽവി; ഡുപ്ലെസി-മാക്സ്വെൽ കരുത്തിൽ ആർസിബിക്ക് ജയം

കളത്തിനകത്തും പുറത്തും വിനയത്തിൻറെയും സൌമ്യതയുടെയും പ്രതീകമായിരുന്നു സച്ചിൻ. ഇന്ത്യൻ ടീമിൻറെ സ്വപ്നങ്ങളെയും ആരാധകരുടെ പ്രതീക്ഷകളെയും ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് സച്ചിൻ കളി തുടർന്നത്. കോപ്പി ബുക്ക് ശൈലിയിൽ കളിച്ച ഒരേയൊരു താരം ആരെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ. അഴകിൻറെ പ്രതീകമായിരുന്നു സച്ചിൻറെ സ്ട്രെയ്റ്റ് ഡ്രൈവുകൾ. അനായസമെന്ന് തോന്നിപ്പിക്കുന്ന ഫ്ലിക്കുകളും ലെഗ് ഗ്ലാൻസുകളും. പന്തിനെ തഴുകി അകറ്റുന്ന സുന്ദരമായ കവർ ഡ്രൈവുകൾ, വന്യതയാർന്ന സ്ക്വയർ കട്ടുകൾ, കീപ്പറെ കാഴ്ചക്കാരനാക്കുന്ന അപ്പർ കട്ടുകളും സ്പിന്നർമാരെ അമ്പരപ്പിക്കുന്ന പാഡിൽ സ്വീപ്പുകളും. പിന്നെ സച്ചിൻറെ മാത്രം സ്വന്തമായ പല ട്രെയ്ഡ് മാർക്ക് ഷോട്ടുകളും. അതെ, സച്ചിൻ എന്ന മൂന്നക്ഷരം ഇന്ത്യക്കാർക്ക് ഒരു വികാരം തന്നെയായിരുന്നു. 

ആരോടും തർക്കിക്കാതെ പരിഭവപ്പെടാതെ നീണ്ട 24 വർഷത്തെ കരിയർ പൂർത്തിയാക്കിയ സച്ചിൻ കളത്തിനകത്തും പുറത്തും മാന്യതയുടെ ആൾരൂപമായിരുന്നു. ഡിആർഎസ് ഇല്ലാത്ത കാലത്ത് അമ്പയറുടെ തെറ്റായ തീരുമാനങ്ങളാൽ പുറത്താകുമ്പോഴും ആ മുഖത്ത് പുഞ്ചിരിയല്ലാതെ ദേഷ്യം വന്നിട്ടില്ല. അത് തന്നെയായിരുന്നു സച്ചിൻറെ സ്പോർട്സ്മാൻ സ്പിരിറ്റും. നിനക്ക് ആരാകണം എന്ന ചോദ്യത്തിന് സച്ചിൻറെ കളി കണ്ട ഭൂരിഭാഗം കുട്ടികളുടെയും ഉത്തരം സച്ചിനാകണം എന്നായിരുന്നു. ക്രിക്കറ്റ് എന്താണെന്ന് അറിയാത്തവർ പോലും കളിയാക്കി പറഞ്ഞിരുന്നത് സച്ചിൻ ആണെന്നാണ് അവൻറെ വിചാരം എന്നായിരുന്നു. അത്ര വലിയ സ്വാധീനമാണ് ഇന്ത്യക്കാരിൽ സച്ചിനുണ്ടായിരുന്നത്. 

കാലമെത്ര കടന്നുപോയാലും സച്ചിൻ എന്ന ഇതിഹാസത്തിന് ഇന്ത്യക്കാരുടെ മനസിലുള്ള സ്ഥാനത്തിന് ഒരു കോട്ടവും തട്ടില്ല. സച്ചിന് പകരക്കാരൻ എന്ന് പറയുന്നവരോട് സച്ചിന് പഠിക്കുന്നവൻ എന്ന് പറയാനാണ് ഓരോ ക്രിക്കറ്റ് പ്രേമിയും ആഗ്രഹിക്കുന്നത്. പത്രം അവസാന പേജിൽ നിന്ന് വായിക്കാൻ പഠിപ്പിച്ച,  ഓലമടലിൻറെ ബാറ്റിൽ MRF എന്ന് എഴുതിച്ച വീരപുരുഷനായിരുന്നു സച്ചിൻ. ഭാവിയിൽ സച്ചിന് മുമ്പും സച്ചിന് ശേഷവും എന്ന് ക്രിക്കറ്റ് ചരിത്രം വേർതിരിക്കപ്പെട്ടേക്കാം. കോഹ്ലിമാരും ഹിറ്റ്മാൻമാരും ഇനിയും ഉയർന്നുവരും. ക്രിക്കറ്റ് മൈതാനങ്ങളെ പുളകം കൊള്ളിക്കും. പക്ഷേ, ഈ തലമുറയിലുള്ളവർ പറയും ഞങ്ങൾ സച്ചിൻറെ കളി കണ്ടവരാണെന്ന്. അത് തന്നെയാണ് ക്രിക്കറ്റ് ഇതിഹാസമെന്നും ഇതിഹാസങ്ങളുടെ രാജാവെന്നുമെല്ലാം സച്ചിനെ ഇന്ത്യക്കാർ സ്നേഹത്തോടെ വിളിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News