ഐപിഎല്ലിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പരിക്ക്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസാണ് ചെന്നൈ സൂപ്പർ കിംഗ്സിൻറെ എതിരാളികൾ. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച 41കാരനായ ധോണി ഐപിഎല്ലിന് വേണ്ടി കഠിനമായ പരിശീലനമാണ് നടത്തിയിരുന്നത്. ഇതിനിടെ ഇടത് കാൽ മുട്ടിന് ധോണിയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ടീമിൽ വിക്കറ്റ് കീപ്പർമാർ അധികമില്ലാത്തതിനാൽ ആദ്യ മത്സരത്തിൽ നിന്ന് മാത്രം ധോണി വിട്ടുനിന്നേക്കും. ധോണിയുടെ പരിക്കുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പർ കിംഗ്സിൽ ഫ്രാഞ്ചൈസി ഇതുവരെ പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഐപിഎല്ലിൻറെ 16-ാം സീസണ് ഇന്ന് തുടക്കമാകാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
ALSO READ: മുംബൈ ഇന്ത്യൻസിന് തിരിച്ചടി; ആദ്യ മത്സരങ്ങളിൽ രോഹിത് ശർമ്മ കളിക്കില്ലെന്ന് റിപ്പോർട്ട്
വ്യാഴാഴ്ച നടന്ന ചെന്നൈയുടെ പരിശീലന ക്യാമ്പിൽ ധോണി ബാറ്റ് ചെയ്തിരുന്നില്ല. ഗുജറാത്തിൻറെ പരിശീലകൻ ഗാരി കേസ്റ്റണുമായി ധോണി ആശയ വിനിമയം നടത്തുക മാത്രമാണ് ചെയ്തത്. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോൾ ഗാരി കേസ്റ്റണായിരുന്നു ഇന്ത്യയുടെ പരിശീലകൻ.
ധോണി അന്തിമ ഇലവനിൽ ഇല്ലെങ്കിൽ ഡെവോൺ കോൺവെ വിക്കറ്റ് കീപ്പറായേക്കും. കോൺവെയെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഋതുരാജ് ഗെയ്ക്വാദോ അമ്പാട്ടി റായിഡുവോ കീപ്പറായേക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധോണിയെ കാൽമുട്ടിലേറ്റ പരിക്ക് അലട്ടുന്നതായാണ് വിവരം. തിങ്കളാഴ്ച നടന്ന ചെന്നൈയുടെ ഇൻട്രാ-സ്ക്വാഡ് മത്സരത്തിലും ധോണി ബാറ്റ് ചെയ്തില്ല. കാൽ മുട്ടിൽ ക്യാപ് ധരിച്ച് വിശ്രമിക്കുന്ന ധോണിയെയാണ് കണ്ടത്. വിക്കറ്റിനിടയിലെ ഓട്ടത്തിൽ ധോണി ബുദ്ധിമുട്ട് നേരിടുന്നതായി വ്യക്തമായിരുന്നു.
അതേസമയം, ഗുജറാത്തിനെതിരെ ധോണി കളിച്ചില്ലെങ്കിൽ ആരാകും ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുക എന്ന കാര്യത്തിൽ എന്താകും തീരുമാനം എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ധോണിയ്ക്ക് പകരം ബെൻ സ്റ്റോക്സ് ടീമിനെ നയിച്ചേക്കും എന്നാണ് സൂചന. കഴിഞ്ഞ സീസണിൽ രവീന്ദ്ര ജഡേജ ചെന്നൈയുടെ നായകനായെങ്കിലും നിരാശയായിരുന്നു ഫലം. ഇതിന് പിന്നാലെയാണ് ധോണി തന്നെ വീണ്ടും നായക സ്ഥാനം ഏറ്റെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...