ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ്. ശിവകാർത്തികേയൻ ചിത്രങ്ങളെല്ലാം മികച്ച വിജയം സ്വന്തമാക്കുന്നതിനാൽ തന്നെ പ്രിൻസ് എന്ന ചിത്രത്തിനായും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു ചടങ്ങിനിടെ സംവിധായകൻ അനുദീപ് തന്നെയാണ് റിലീസ് വിവരം വെളിപ്പെടുത്തിയത്. പ്രിൻസ് ഒക്ടോബർ 21ന് റിലീസ് ചെയ്യുമെന്നാണ് അനുദീപ് വെളിപ്പെടുത്തിയത്.
ഒരു റൊമാന്റിക് കോമഡി ചിത്രമായ പ്രിൻസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ എസ് ആണ്. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിനൊപ്പം തന്നെ തെലുങ്കിലും പ്രിൻസ് സിനിമ ഷൂട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ഒരു ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കരൈക്കുടിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.
Also Read: Prince Movie Song : ശിവകാർത്തികേയന്റെ പ്രിൻസിലെ ആദ്യ ഗാനം എത്തി; ചിത്രം ഉടൻ
തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്‌ലൈറ്റ് അവകാശങ്ങളും വമ്പൻ തുകയ്ക്ക് വിറ്റ് പോയെന്നാണ് റിപ്പോർട്ടുകൾ. ഒടിടി റൈറ്റ്‍സ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് വാര്‍ത്ത. സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
തമിഴകത്ത് തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് ശിവകാര്‍ത്തികേയൻ. ഡോൺ ആണ് ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിബി ചക്രവർത്തിയാണ് ഡോൺ സംവിധാനം ചെയ്‍തത്. ശിവകാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ എസ്.ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു.
സമൂഹവും ചുറ്റുമുള്ളവരും പറയുന്ന വഴിയിൽ സഞ്ചരിക്കേണ്ടി വരുന്ന ഇന്നത്തെ തലമുറയുടെ കഷ്ടപ്പാടുകളും അത് തരണം ചെയ്‌ത് സ്വയം തീരുമാനിക്കുന്ന ജീവിതവുമെന്ന വിഷയം സംസാരിക്കുന്ന ചിത്രമാണ് "ഡോൺ". ചക്രവർത്തി എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിച്ചത്. ശിവകാർത്തികേയന്റെ സേഫ് ജോണറായ കോമഡി ട്രാക്കിലൂടെ ചക്രവർത്തി എങ്ങനെ കോളേജിലെ കുട്ടികളുടെ "ഡോൺ" ആയി മാറി എന്നത് രസകരമായി പറയുന്നു. വളരെ രസകരമായി തന്നെയാണ് കഥ പറഞ്ഞ് പോകുന്നത്. ഭൂമിനാഥൻ എന്ന കഥാപാത്രമായി എസ് ജെ സൂര്യയും ചിത്രത്തിൽ നിറഞ്ഞാടി. ഒരാളുടെ ജീവിതം അവൻ സ്വയം എടുക്കേണ്ട തീരുമാനം ആണെന്നും മറ്റൊരാളുടെ നിർബന്ധത്താൽ ജീവിച്ച് തീർക്കേണ്ടതല്ലെന്നും ചിത്രം സംസാരിക്കുന്നു. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിലെ നായിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...