കണ്ണൂര്‍: മോട്ടോർ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച മോട്ടോർ വാഹന പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിന് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെതിരെയാണ് പണിമുടക്കെന്ന് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.
നിയമ ഭേദഗതി പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. സ്വകാര്യ-സർക്കാർ ബസുകൾ, ലോറി, ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഓട്ടോമൊബൈൽ വർക് ഷോപ്പുകൾ, മോട്ടോർ വാഹന ഉപകരണ വിൽപ്പന കേന്ദ്രങ്ങൾ എന്നിവ പണിമുടക്കിൽ പങ്കെടുക്കും.
തൊഴിലാളിവിരുദ്ധമായ റോഡ് സുരക്ഷാ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു തൃശൂർ സാഹിത്യ അക്കാദമിയിൽ ജില്ലാ മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി കണ്‍വന്‍ഷന്‍ നടത്തും. ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്യും. എന്നാല്‍, ബില്‍ നിയമവിരുദ്ധമാണെന്നും പിന്മാറണമെന്നും സര്‍ക്കാരിനോട് സംഘടന ആവശ്യപ്പെട്ടിരുന്നു.