Thiruvananthapuram : സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി രാത്രികാല പട്രോളിംഗ് (Night Patrolling) സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് (DGP Anil Kanth) ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെ രാത്രിയിൽ ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ ആക്രമണ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി സംസ്ഥാനത്തെ പൊലീസിന് നിർദേശം നൽകിയത്.
രാത്രി പത്തു മണിമുതല്‍ രാവിലെ അഞ്ച് മണി വരെ പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, ATM കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, നൈറ്റ് പട്രോള്‍, ബൈക്ക് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.
ഒന്നിടവിട്ട ദിവസങ്ങളിൽ സബ് ഇൻസ്പെക്ടർമാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാൻ ഇൻസ്പെക്റ്റർമാരെയും സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
തൃക്കുന്നപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടികൊണ്ടുപോകാൻ ശ്രമം നടക്കുമ്പോ അതുവഴി വന്ന പൊലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ യുവതിയെ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രിയുടെ മറവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് ഡിജിപി പൊലീസിന് രാത്രികാല പെട്രോളിങ് ശക്തമാക്കാൻ നിർദേശം നൽകിയത്.
അതോടൊപ്പം സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരെ ഉണ്ടാകുന്ന ആക്രമണ സംഭവങ്ങളിൽ ഉടനടിയും ശക്തമായും നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി പൊലീസിന് നിർദേശം നൽകുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...