കൊച്ചി: തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീഗ് പിളർന്നു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിച്ചു. പകരം നാസർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും അബ്ദുൾ വഹാബ് വ്യക്തമാക്കി. എന്നാൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷൻ്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ മത്സരിച്ചെങ്കിലും കോഴിക്കോട് സൗത്തിൽ മത്സരിച്ച സംസ്ഥാന സെക്രട്ടറി അഹമ്മദ് ദേവർകോവിൽ മാത്രമാണ് ജയിച്ചത്. അഹമ്മദ് ദേവർകോവിൽ കാസിം ഇരിക്കൂറിനൊപ്പമാണെങ്കിലും പാർട്ടിയിലെ പ്രബല വിഭാഗം അബ്ദുൾ വഹാബിനൊപ്പമാണ്. ഐഎൻഎല്ലിന്റെ 112 കൗൺസിൽ അംഗങ്ങളിൽ 72 പേർ കൂടെയുണ്ടെന്നും 62 പ്രവർത്തക സമിതി അംഗങ്ങളിൽ 32 പേരും കൂടെയുണ്ടെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിന് കോഴിക്കോട് വച്ച് പാർട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം ചേരുമെന്നും വഹാബ് അറിയിച്ചിട്ടുണ്ട്. തർക്കത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിലപാട് വ്യക്തമാക്കണമെന്നും ഏതു പക്ഷത്താണെന്ന് പറയണമെന്നും വഹാബ് പറയുന്നു.
അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കിയതായി കാസിം ഇരിക്കൂർ അറിയിച്ചു. നിലവിലെ വർക്കിങ് പ്രസിഡന്റ് ബി ഹംസ ഹാജിയെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തിട്ടുണ്ട്. ഗുണ്ടകളെ ഇറക്കിയുള്ള ആക്രമണമാണ് നടന്നത്. അക്രമമുണ്ടാക്കിയ ജില്ലാ നേതാക്കൾക്ക് എതിരെ ജില്ലാതലത്തിൽ നടപടി സ്വീകരിക്കും. മുസ്ലിം ലീഗുമായി വഹാബിന്റെ നേതൃത്വത്തിലുള്ളവർക്ക് അന്തർധാരയുണ്ടെന്നും കുഞ്ഞാലിക്കുട്ടിയുടെയും അബ്ദുൾ വഹാബിന്റെയും സ്വരം ഒന്നാണെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി. പാർട്ടി പ്രസിഡൻ്റിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് മെമ്പർമാരെ പുറത്താക്കിയതായും കാസിം ഇരിക്കൂർ വ്യക്തമാക്കി.
അബ്ദുള്‍ വഹാബ് വിളിച്ച യോഗം കൊച്ചി തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയിലുമാണ് യോഗം ചേര്‍ന്നത്. കൊച്ചിയില്‍ ഞായറാഴ്ച രാവിലെ ചേര്‍ന്ന യോഗത്തിൽ പാർട്ടി പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയിരുന്നു. തുടർന്നാണ് ഇരുവിഭാഗവും വെവ്വേറെ യോഗങ്ങൾ ചേർന്നത്.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...