Kochi: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുവേളയില്‍ നടിയെ ആക്രമിച്ച കേസ് ചർച്ചയായതിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ സിദ്ദിഖ് രംഗത്ത്.
അതിജീവിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന മറു ചോദ്യമായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വിഷയമായതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പരാമര്‍ശിച്ചപ്പോള്‍ സിദ്ദിഖിന്‍റെ പ്രതികരണം. ഈ കേസ് ഈ ഉപതിരഞ്ഞെടുപ്പില്‍ വിഷയമാക്കിയത് എന്തിനെന്നു പോലും തനിക്കറിയില്ല എന്ന് സിദ്ദിഖ് പറഞ്ഞു.
കൂടാതെ, കേസില്‍ നടി സ്വീകരിയ്ക്കുന്ന നിലപാടുകളേയും നടപടികളേയും സിദ്ദിഖ് വിമര്‍ശിച്ചു. "കേസിൽ വിധി വരട്ടെ, വിധി വന്നിട്ട് എല്ലാ കാര്യങ്ങളും തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്ന് തോന്നിയാൽ, പിന്നെ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താൻ പറയുക. വിധി എതിരായാൽ മേൽക്കോടതിയിൽ പോകണം. അതും എതിരായാൽ അതിന്‍റെ മേൽക്കോടതിയിൽ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അത് അങ്ങനെതന്നെ ആകണം എന്നാണ് തന്‍റെ അഭ്യർത്ഥന", സിദ്ദിഖ് പറഞ്ഞു.
പാലച്ചുവടിലുള്ള വ്യാസവിദ്യാലയത്തിൽ വോട്ടു ചെയ്യാനെത്തിയതായിരുന്നു സിദ്ദിഖ്.
"100% പോളിംഗ് ഉണ്ടാകണം,. ജനാധിപത്യ വിശ്വാസികളെല്ലാം വോട്ടു ചെയ്യണം. സഥാനാർഥികള്‍ ഊന്നല്‍ കൊടുത്തു സംസാരിച്ചത് തൃക്കാക്കരയിലെ വികസനത്തേക്കുറിച്ചാണ്. ഞാന്‍ അത്ഭുതപ്പെടുന്ന കാര്യം തൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ് എന്നാണ്, വികസിച്ച്, വികസിച്ച് നമുക്കെല്ലാം ശ്വാസം മുട്ടുകയാണ്...!!" പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു.
കൂടാതെ, തൃക്കാക്കര അഭിമുഖീകരിയ്ക്കുന്ന ചില പ്രശ്നങ്ങളിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടി. എല്ലാ റോഡുകളും വൺവേ ആക്കുകയാണെങ്കിൽ ഗതാഗതക്കുരുക്കിന് കുറവുണ്ടാകും. വിദേശ രാജ്യങ്ങളിൽ അങ്ങനെയാണ്. സമാധാനത്തോടെ ജീവിക്കുന്നതിന് ഒരു മാറ്റമാണ് വേണ്ടത്, അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിന്‍റെ അത്യാവശ്യം എന്താണെന്ന് തനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല എന്നും നടന്‍ പറഞ്ഞു
അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. അന്വേഷണം തുടരാൻ മൂന്ന് മാസം സാവകാശമാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...