ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്കെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതി ഇൻസാകോഗ് ((INSACOG)). മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ഇന്‍സാകോഗ് മുന്നറിയിപ്പ് നൽകി. വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വഭാവവും പഠിക്കാന്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്.
ദേശീയതലത്തിലെ പത്ത് ലബോറട്ടറികള്‍ അടങ്ങിയതാണ് ഇന്‍സാകോഗ്. നിലവില്‍ ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തിലാണ്. മെട്രോ നഗരങ്ങളിൽ ഒമിക്രോൺ വ്യാപിച്ചുകഴിഞ്ഞു. ഒമിക്രോണിന്റെ സാംക്രമിക വകഭേദമായ BA.2 ലൈനേജും രാജ്യത്ത് സ്ഥിരീകരിച്ചതായും ഇന്‍സാകോഗ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറഞ്ഞു.
ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ വ്യാപനം സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ കണ്ടെത്തിയ ഒമിക്രോണ്‍ കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആണ്. ഐസിയുവില്‍ പ്രവേശിപ്പിക്കുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചതായും ഇൻസാകോഗ് വ്യക്തമാക്കി.
രാജ്യത്ത് ഇന്ന്, 3,33,533 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 525 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,89,409 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സജീവ കേസുകൾ 21,87,205 ആണ്. 24 മണിക്കൂറിനിടെ 73,840 കേസുകളുടെ വർധനവാണ് സജീവ കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ഇന്ന് 2,59,168 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,65,60,650 ആയി. അതേസമയം ദേശീയ റിക്കവറി നിരക്ക് 93.18 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.87 ശതമാനവും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...