തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതൽ സ്കൂളുകൾ ഭാഗികമായി അടയ്ക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇനി മുതൽ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചയുള്ള നിയന്ത്രണവും രാത്രി കർഫ്യൂവും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ:
1. രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികൾ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും.
2. കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കും.
3. 10, 11, 12 ക്ലാസുകൾ ഓഫ് ലൈനായി തന്നെ തുടരും. വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വിക്ടേഴ്സ് വഴിയാകുമോ ക്ലാസ്സുകൾ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമാക്കി ഒരു മാർഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും.
4. വാർഷിക പരീക്ഷകൾ മാർച്ച് അവസാനമായതു കൊണ്ട് ഇത് മാറ്റേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.
5. കൊവിഡ് വ്യാപനം രൂക്ഷമായാൽ അതാത് സ്ഥാപനങ്ങൾ അടച്ചിടാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ഇക്കാര്യം അതാത് മേലധികാരികൾക്ക് തീരുമാനിക്കാം.
6. സ്കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതൽ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൽ അടച്ചിടാം.
7. സർക്കാർ പരിപാടികൾ പരമാവധി ഓൺലൈൻ ആക്കാനും തീരുമാനമായിട്ടുണ്ട്.
8. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചു.
9. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും.
10. എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തണം.
11. കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിൽ ജനുവരി 16 മുതൽ നേരത്തെ ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും.
12. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
13. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണ്.
സംസ്‌ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളതെന്ന് യോഗം വിലയിരുത്തി.
14. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...