നിശബ്ദനായ കൊലയാളി എന്നാണ് രക്തസമ്മർദ്ദം അറിയപ്പെടുന്നത്. പ്രായഭേദമന്യേ മനുഷ്യരെ കീഴടക്കുന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട് വിവിധ മിഥ്യാധാരണകൾ ഉണ്ട്.
ബി.പി സംബന്ധിച്ച ചില തെറ്റിദ്ധാരണകളും അവയുടെ യാഥാർത്ഥ്യവും പരിശോധിക്കാം.....
മരുന്നുകൾ മാത്രമാണോ പരിഹാരം? ഉയർന്ന രക്തസമ്മർദ്ദത്തിന് മരുന്നുകൾ മാത്രമാണ് പരിഹാരം എന്നത് തെറ്റായ ചിന്തയാണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനോ കുറയ്ക്കാനോ നമുക്ക് സാധിക്കും.
കോഫി ഒഴിവാക്കേണ്ടതുണ്ടോ? ബിപി ഉള്ളവർക്കും കോഫി കുടിക്കാവുന്നതാണ്. എന്നാൽ അമിതമാകരുത്. മിതമായ ഉപയോഗം മിക്ക ആളുകളുടെയും രക്തസമ്മർദ്ദത്തിൽ വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളൂ.
ബിപി മരുന്ന് ജീവിതകാലം മുഴുവൻ കഴിക്കേണ്ടതുണ്ടോ? രക്തസമ്മർദ്ദത്തിനുള്ള മരുന്ന് ജീവിതകാലം മുഴുവൻ കഴിക്കണമെന്നില്ല. ജീവിതശൈലിയിൽ പുരോഗതി കൈവരിക്കുന്നതിലൂടെ ചില ആളുകൾക്ക് ഡോക്ടറുടെ മാർഗനിർദ്ദേശ പ്രകാരം മരുന്നുകൾ കുറയ്ക്കാനോ നിർത്താനോ കഴിയും.
ഉപ്പ് മാത്രമാണോ കുറ്റക്കാരൻ? രക്തസമ്മർദ്ദം ഉയരുന്നതിന് ഉപ്പ് മാത്രമല്ല കാരണം. സമ്മർദ്ദം, പൊണ്ണത്തടി, ജനിതകഘടന തുടങ്ങിയ മറ്റ് ഘടകങ്ങളും രക്തസമ്മർദ്ദത്തിൽ ഒരു പങ്ക് വഹിക്കുന്നു.
മറ്റ് പ്രയാസങ്ങൾ തോന്നുന്നില്ലെങ്കിലും പതിവായുള്ള പരിശോധന ആവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. അത് പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല.
പ്രായമായവർക്ക് മാത്രമേ അപകടസാധ്യതയുള്ളൂ ? രക്തസമ്മർദ്ദം വയോധികരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നതും ഒരു തെറ്റായ അറിവാണ്. ഇന്നത്തെക്കാലത്ത് പ്രായഭേതമില്ലാതെ ചെറുപ്പക്കാരെയും കൗമാരക്കാരെയും വയോധികരെയും രക്തസമ്മർദ്ദം ഒരുപോലെ ബാധിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)