ന്യൂ ഡൽഹി : ഇന്ത്യ ആദ്യമായി അതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചക്കോടി സമ്മേളനത്ത് മുമ്പെ വിവാദങ്ങൾക്ക് ഇടം പിടിച്ചിരുന്നു. രാജ്യത്തിന്റെ പേര് മാറ്റുമെന്നതിലേക്ക് വരെ നയിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാർ അങ്ങനെ ഒരു നടപടിയിലേക്ക് നീങ്ങുന്നില്ലയെന്ന് അറിയിച്ചതോടെ വിവാദങ്ങൾക്കും ചർച്ചകൾക്കും താൽക്കാലികമായ ഒരു അയവായിരുന്നു സംഭവിച്ചത്. വീണ്ടും ചർച്ചകൾ വഴി തെളിയിക്കുകയാണ് ഇന്ന് സെപ്റ്റംബർ ഒമ്പത് ശനിയാഴ്ച ആരംഭിച്ച ജി20 ഉച്ചകോടിയുടെ ഉദ്ഘാടന വേദി. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിൽ രാജ്യത്തിന്റെ പേര് 'ഭാരത്' എന്ന മാത്രമാണ്. ജി20 സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി സംസാരിക്കവെയാണ് രാജ്യത്തിന്റെ പേരിനെക്കുറിച്ചുള്ള വിവാദം വീണ്ടും ചർച്ചയാകുന്നത്.
ജി20 ഉച്ചക്കോടിയുമായി അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ അത്താഴ വിരുന്നിനായിട്ടുള്ള ക്ഷണക്കത്തിലൂടെയാണ് രാജ്യത്തിന്റെ പേരിനെക്കുറിച്ചുള്ള വിവാദങ്ങൾക്ക് വഴിവെക്കുന്നത്. ക്ഷണക്കത്തിൽ രാഷ്ട്രപതിയെ 'പ്രസിഡന്റെ ഓഫ് ഭാരത്' എന്ന മാത്രമായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇത് ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുകയാണെന്നുള്ള ചർച്ചകളിലേക്ക് നയിച്ചു. ഇത് കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് നല്‍കിയിരുന്നത്. എന്നാൽ രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടിക്ക് ഒരുങ്ങിന്നില്ലയെന്ന് കേന്ദ്രം അറിയിച്ചതോടെ ഇന്ത്യ-ഭാരത് ചർച്ചയ്ക്ക് താൽക്കാലിക വിരാമമുണ്ടായി.
ALSO READ : G20 Summit: ജി20 ഉച്ചകോടിക്ക് പ്രൗഡഗംഭീര തുടക്കം; ലോക നേതാക്കളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
അതേസമയം ജി20 ഉച്ചക്കോടിക്ക് ഡല്‍ഹിയിലെ ഭാരത് മണ്ഡപം ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍- കണ്‍വെന്‍ഷന്‍ സെന്ററിൽ തുടക്കമായി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, അര്‍ജന്റീന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ എന്നിവരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ഇത് കൂടാതെ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ എന്നിവരും ഭാരത് മണ്ഡപത്തിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും പ്രദർശിപ്പിക്കുന്ന മഹത്തായ ചിഹ്നമായ കൊണാർക്ക് ചക്രത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്‌ട്ര തലവന്മാരെ പ്രധാനമന്ത്രി സ്വീകരിച്ചതെന്നത് ശ്രദ്ധേയം.
ഒരു ഭൂമി എന്ന പേരിലുള്ള സെഷനാണ് ആദ്യം നടക്കുക. ഉച്ചയ്‌ക്ക് 1:30 വരെയാണ് ആദ്യത്തെ സെഷൻ. തുടർന്ന് വൈകുന്നേരം 3:30 വരെ വിവിധ ഉഭയകക്ഷി യോഗങ്ങൾ നടക്കും. പിന്നാലെ 4:45 വരെ രണ്ടാമത്തെ സെഷനായ ഒരു കുടുംബം നടക്കും. ഇതോടെ ഇന്നത്തെ യോഗങ്ങൾക്ക് അവസാനമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...