ഡാർക്ക് ചോക്ലേറ്റ് ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ചോക്ലേറ്റ് നിങ്ങളുടെ ഹൃദയത്തിന് ഗുണം ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്. ഡയറ്റീഷ്യൻ പ്രിയങ്ക ലുല്ല ഡാർക്ക് ചോക്ലേറ്റിനെയും കൊക്കോയെയും സംബന്ധിച്ച ചില ശ്രദ്ധേയമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നു.
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യകരമായ ഹാർട്ട്ബീറ്റ് നിലനിർത്താൻ സഹായിക്കുന്നു. മഗ്നീഷ്യം, ഇരുമ്പ് എന്നിവ ശ്വാസകോശങ്ങളിൽ നിന്ന് ഹൃദയം ഉൾപ്പെടെയുള്ള ടിഷ്യൂകളിലേക്ക് ഓക്സിജൻ കൈമാറാൻ സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഹൃദയത്തിന് ഗുണം ചെയ്യുന്ന നിരവധി പോഷകങ്ങൾ ഡാർക്ക് ചോക്ലേറ്റിലുണ്ട്. സെലിനിയം ഓക്സിഡേറ്റീവ് സ്ട്രെസ് നിയന്ത്രിക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമാക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഡാർക്ക് ചോക്ലേറ്റിന്റെയോ കൊക്കോയുടെയോ ഫാറ്റി ആസിഡ് പ്രൊഫൈലും ഹൃദയത്തിന് ഗുണം ചെയ്യും. ചോക്ലേറ്റിലെ കൊഴുപ്പ് കൊക്കോ വെണ്ണയിൽ നിന്നാണ് വരുന്നത്. തുല്യ അളവിൽ ഒലിക് ആസിഡ് (ഒലിവ് ഓയിലിൽ കാണപ്പെടുന്ന ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പ്), സ്റ്റിയറിക്, പാൽമിറ്റിക് ആസിഡുകൾ എന്നിവകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പൂരിത ഫാറ്റി ആസിഡുകളിൽ സ്റ്റിയറിക്, പാൽമിറ്റിക് ആസിഡുകൾ ഉൾപ്പെടുന്നു. അമിതമായ അളവിൽ പൂരിത കൊഴുപ്പുകൾ ശരീരത്തിലെത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ (മോശം കൊളസ്ട്രോൾ) വർധിക്കുന്നതിനും ഹൃദ്രോഗ സാധ്യത വർദ്ധിക്കുന്നതിനും കാരണമാകും.
ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന ഓർഗാനിക് സംയുക്തങ്ങളാൽ സമ്പന്നമാണ് ഡാർക്ക് ചോക്ലേറ്റ്. മെഥൈൽക്സാന്തൈൻസ്, പോളിഫെനോൾസ്, ഫ്ലാവനോൾസ്, കാറ്റെച്ചിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് എച്ച്ഡിഎൽ കൊളസ്ട്രോൾ (നല്ല കൊളസ്ട്രോൾ) വർധിപ്പിക്കും. പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ കാണപ്പെടുന്ന കൊക്കോയിലെ ഫ്ളാവനോൾസ് എന്ന ബയോ ആക്റ്റീവ് ഘടകങ്ങൾ ധമനികളിലൂടെയുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നൈട്രിക്-ഓക്സൈഡ് വർധിപ്പിക്കുന്ന ഫ്ലേവനോളുകളുടെ ഉയർന്ന സാന്ദ്രത കാരണം രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും കൊക്കോയ്ക്ക് സാധിക്കും. കൊക്കോ ബീൻ തൊണ്ടിലെ പോളിഫെനോളുകൾക്ക് ആൻറി ബാക്ടീരിയൽ ഗുണമുണ്ട്. മാത്രമല്ല വായ് നാറ്റത്തിന് കാരണമാകുന്ന സൂക്ഷ്മാണുക്കളെ നിർവീര്യമാക്കാനും സാധിക്കും.
ശരിയായ ചോക്ലേറ്റ് തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്
ആരോഗ്യകരമായ ഗുണങ്ങൾ നേടുന്നതിന് ശരിയായ ചോക്ലേറ്റ് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. മിക്ക ചോക്ലേറ്റുകളും കൊക്കോ ഉൽപന്നങ്ങളും, ഡാർക്ക് ചോക്ലേറ്റ് ഉൾപ്പെടെ മിക്ക ഫ്ലവനോളുകളും നീക്കം ചെയ്യുന്നതിനായി പ്രോസസ്സ് ചെയ്തിട്ടുണ്ട്. അതിനാൽ, ചോക്ലേറ്റ് വാങ്ങുമ്പോൾ, എല്ലായ്പ്പോഴും ആദ്യ ചേരുവയായി കൊക്കോ ലിസ്റ്റ് ചെയ്തവ തിരഞ്ഞെടുക്കുക. കാരണം ലിസ്റ്റ് ചെയ്തിരിക്കുന്ന ആദ്യത്തെ ചേരുവ ഭക്ഷ്യ ഉൽപന്നത്തിൽ ഏറ്റവും കൂടിയ അളവിൽ ചേർത്തിരിക്കുന്നതാണ്. പരമാവധി ഹൃദയാരോഗ്യം ഉണ്ടാകുന്നതിന് കുറഞ്ഞത് 70 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതലുള്ള കൊക്കോ ഉള്ള ഉയർന്ന നിലവാരമുള്ള ചോക്ലേറ്റ് തിരഞ്ഞെടുക്കുക.
ആരോഗ്യകരമായ രീതിയിൽ ചോക്ലേറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്, പ്രഭാതഭക്ഷണത്തിന് നിങ്ങളുടെ ഓട്‌സ് മീലുമായി ചേർത്ത് കഴിക്കാവുന്നതാണ്. അല്ലെങ്കിൽ കുറച്ച് വാൽനട്ട്, ഹസൽനട്ട് എന്നിവയ്‌ക്കൊപ്പം വ്യായാമത്തിന് ശേഷം ചോക്ലേറ്റ് സ്മൂത്തിയായി കഴിക്കാം. ചോക്ലേറ്റ് കഴിക്കുന്നതിനൊപ്പം ആവശ്യത്തിന് ഉറക്കവും വ്യായാമവും പോലുള്ള ആരോഗ്യകരമായ ജീവിതരീതികൾ പിന്തുടരാൻ ശ്രമിക്കുക. കുറഞ്ഞത് 70 ശതമാനം കൊക്കോ ലെവൽ ഉള്ള ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...