Washington: യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിനിടെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ യുഎസ് സെനറ്റ് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചു. പുടിനെ 'യുദ്ധക്കുറ്റവാളി'യായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയം അമേരിക്ക ഐക്യകണ്‌ഠേന പാസാക്കി. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച പ്രമേയം ഇരു പാർട്ടികളുടെയും സെനറ്റർമാരുടെ പൂർണ പിന്തുണയോടെയാണ് പാസായത്.
പ്രമേയത്തിൽ യുക്രൈൻ അധിനിവേശ സമയത്ത് റഷ്യൻ സൈന്യം ജനതയ്ക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയും മറ്റ് രാജ്യങ്ങളും അന്വേഷണം നടത്തണമെന്നും അമേരിക്ക നിർദ്ദേശം മുന്നോട്ട് വെച്ചു. യുക്രൈനിയൻ ജനതയ്‌ക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും വ്‌ളാഡിമിർ പുടിന് രക്ഷപ്പെടാനാവില്ലെന്നും, വിഷയത്തിൽ സെനറ്റിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും ഒറ്റക്കെട്ടാണെന്നും സെനറ്റ് അംഗം ചക്ക് ഷുമർ പറഞ്ഞു.
അതിനിടെ, റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ, റഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് പ്രമുഖ വ്യക്തികളെ വിലക്കുന്ന 'സ്റ്റോപ്പ് ലിസ്റ്റ്' പുടിനും പുറത്തിറക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സിഐഎ മേധാവി വില്യം ബേൺസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 13 യുഎസ് ഉദ്യോഗസ്ഥർക്കാണ് റഷ്യയിൽ പ്രവേശിക്കുന്നത് വില്ക്ക് ഏർപ്പെടുത്തിയത്.
അതേസമയം വാഷിംഗ്ടണുമായുള്ള ബന്ധം നിലനിർത്തുമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെയുള്ള നടപടികൾ അമേരിക്ക തുടരുകയാണ്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയ്‌ക്കെതിരെയുള്ള ഉപരോധം ബൈഡൻ ഭരണകൂടം പുതുക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...