റഷ്യ യുക്രൈൻ സംഘർഷം മൂന്നാം മഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ്. യുഎസ് യുക്രൈന് ആയുധങ്ങൾ എത്തിച്ചു നൽകുന്നതാണ് റഷ്യയെ ചൊടിപ്പിച്ചത്. ആയുധങ്ങൾ വിതരണം ചെയ്യുന്നതിലൂടെ റഷ്യയുമായി നാറ്റോ ഒരു നിഴൽ യുദ്ധത്തിൽ ഏർപ്പിട്ടിരിക്കുകയാണെന്നാണ് റഷ്യയുടെ വാദം. ആണവ യുദ്ധത്തിനുള്ള സാധ്യത കുറച്ചുകാണരുതെന്നും ഇപ്പോൾ നടക്കുന്ന സമാധാന ചർച്ചകൾ ഏകപക്ഷീയമാണെന്നും ലാവ്റോവ് ആരോപിച്ചു.
യുക്രൈയിന് സൈനിക സഹായം നൽകുന്നത് യുഎസ് ഇനിയെങ്കിലും അവസാനിപ്പിക്കണം. യുക്രെയ്‌നിനെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നത് നാറ്റോയാണെന്നും ലാവ്റോവ് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കീവ് സന്ദർശിച്ച് യുക്രൈന് കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് സെർജി ലാർവോയുടെ പ്രതികരണം. റഷ്യയെ "ദുർബലമാക്കുന്നത്" കാണാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും മോസ്‌കോയ്‌ക്കെതിരെ വിജയിക്കാൻ യുക്രൈന് ആയുധം നൽകുമെന്നും ഓസ്റ്റിൻ വ്യക്തമാക്കിയിരുന്നു.
മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാധ്യതയെ ഗൗരവമായിത്തന്നെ കാണണമെന്നും യുക്രൈന് വീണ്ടും ആയുധങ്ങൾ നൽകി എരിതീയിൽ എണ്ണ ഒഴിക്കരുതെന്നും സെർഗെയ് ലാവ്‌റോവ് പറഞ്ഞു. അതിനിടെ യുക്രൈനുമായി ബന്ധപ്പെട്ട പ്രതിരോധ ചർച്ചകൾക്കായി ഈ ആഴ്ച 40 ലധികം രാജ്യങ്ങളുടെ സമ്മേളനത്തിന് യുഎസ് ആതിഥേയത്വം വഹിക്കും. യുക്രൈന് കൂടുതൽ ആയുധങ്ങൾ കൈമാറാനും നീക്കമുണ്ട്.
സൈന്യത്തെ അയച്ചു നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കില്ലെന്നാണ് യുഎസ് നയമെങ്കിലും യുക്രൈന് വൻ ആയുധ സഹായം നൽകുന്നതിൽ റഷ്യയ്ക്ക് പ്രതിഷേധമുണ്ട്. റഷ്യയ്ക്ക് യുദ്ധത്തിൽ മുന്നേറാൻ സാധിക്കാതിരിക്കുകയും പശ്ചാത്യ രാജ്യങ്ങൾ ഉപരോധം ശക്തമാക്കുകയും ചെയ്യുന്നതോടെ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് യുഎസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് സംഘർഷം എത്തിക്കേണ്ടത് പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യമാണെന്നായിരുന്നു റഷ്യയുടെ വാദം. ആണവയുദ്ധമെന്ന ഭീഷണി തങ്ങളോട് യുദ്ധം ചെയ്ത് തളർന്നതു കൊണ്ടാണെന്ന് വ്ലോഡിമർ സെലൻസ്കി ആരോപിച്ചു.
1945 ന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ നടക്കുന്ന ഏറ്റവും വലിയ അക്രമണം രണ്ടുമാസം പിന്നിടുമ്പോൾ, ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. 5 ദശലക്ഷത്തിലധികം ആളുകൾ വിദേശത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. യുക്രൈനെ നിരായുധരാക്കാനും നാസികളിൽ നിന്ന് സംരക്ഷിക്കാനുമുള്ള "പ്രത്യേക സൈനിക നടപടി" എന്നാണ് റഷ്യ അവരുടെ അധിനിവേശത്തെ വിളിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...