മതനിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് 'ടർക്കിഷ് തർക്കം' തിയറ്ററുകളിൽ നിന്ന് പിൻവലിച്ച സംഭവത്തിൽ സംശയം ഉന്നയിച്ച് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി ബൽറാം. ഇത്തരമൊരു തർക്കമോ വിവാദമോ ഉണ്ടായത് അറിഞ്ഞില്ലെന്നും മതനിന്ദ ആരോപിച്ച് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഭീഷണി മുഴക്കിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
തിയറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബൽറാം കുറിച്ചു. ഇസ്ലാമോഫോബിയയെ സിനിമാക്കാരും കച്ചവട താത്പര്യങ്ങൾക്കായുള്ള ഒരു സാധ്യതയായി കാണുന്നത് നാടിന് താങ്ങാനാവില്ലെന്നും വിടി ബൽറാം കൂട്ടിച്ചേർത്തു,
Read Also: നവജാത ശിശുവിന് അസാധാരണ വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്
കഴിഞ്ഞ ദിവസമാണ് മതനിന്ദ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നുവെന്നും അതിനാൽ 'ടർക്കിഷ് തർക്കം' എന്ന സിനിമ തിയറ്ററുകളിൽ നിന്ന് പിൻവലിക്കുന്നുവെന്നും അണിയറ പ്രവർത്തകർ അറിയിച്ചത്. സണ്ണി വെയിൻ, ലുക്ക്മാൻ, ഹരിശ്രീ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു 'ടർക്കിഷ് തർക്കം'. ഒരു മുസ്ലീം പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില തർക്കങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
'ടർക്കിഷ് തർക്കം' എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തർക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതിൽ "മതനിന്ദ" ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ആ സിനിമയെ വിമർശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനിൽ കണ്ടിരുന്നില്ല.
മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിർമ്മാതാവിനേയോ "ഭീഷണിപ്പെടുത്തി"യതിന്റെ പേരിൽ സിനിമ തീയേറ്ററുകളിൽ നിന്ന് താത്കാലികമായി പിൻവലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പിൽ വന്നിട്ടുണ്ടോ അതിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ് പരിവാർ മാധ്യമങ്ങൾ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.
തീയ്യേറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കിൽ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിൻവലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.
ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാർക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന രാഷ്ട്രീയ പാർട്ടികളും അവർക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വർഗീയതയുടെ കളത്തിൽ ഉൾക്കൊള്ളിച്ച് ന്യായീകരണ ക്യാപ്സ്യൂളുകളുണ്ടാക്കുന്ന കാലമാണ്. കച്ചവട താത്പര്യങ്ങൾക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.