ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വൻ താരനിരയെ അണിനിരത്തി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. മലയാളത്തിലെ ബോക്‌സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ് ചിത്രം മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ വലിയ കളക്ഷൻ നേടുന്ന ചിത്രമായി 2018 മാറി. ബോക്‌സ് ഓഫീസിൽ 150 കോടിയും കടന്ന് ചിത്രം കുതിപ്പ് തുടരുകയാണ്.
തന്റെ സമീപകാല റിലീസായ 2018 എന്ന ചിത്രത്തെ കുറിച്ചും മലയാളത്തിലെ റിയലിസ്റ്റിക് സിനിമകളുടെ അതിപ്രസരത്തെ കുറിച്ചും മിഡ്-ഡേ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ആസിഫ് അലി. ജൂഡ് ഈ സിനിമ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഇത് ഒരു റിസ്‌ക് ആണെന്നാണ് താൻ ആദ്യം പറഞ്ഞതെന്ന് ആസിഫ് അലി പറഞ്ഞു. ഇത് നമ്മൾ കേട്ടിട്ടുള്ള ഒരു കഥയല്ല. നമ്മൾ ജീവിക്കുകയും കാണുകയും ചെയ്ത ഒരു സംഭവമാണ്. നമ്മൾ ഓരോരുത്തരും കഴിയുന്ന വിധത്തിൽ രക്ഷാപ്രവർത്തനത്തിനായി ഇറങ്ങി. ജൂഡ് ഈ സിനിമയുടെ നാലാമത്തെ ഡ്രാഫ്റ്റ് തന്നപ്പോൾ മാത്രമാണ് താൻ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായതെന്നും ആസിഫ് അലി പറഞ്ഞു.
ALSO READ: 'പുഷ്പ 2' സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു
'കഥ കേട്ടതിന് ശേഷം ആദ്യം ചിന്തിക്കുന്നത് ഇത് ആളുകൾ തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന ഒന്നാണോ എന്നാണ്. ഒരുപാട് നാളത്തെ ആഗ്രഹത്തിന് ശേഷമാണ് സിനിമയിലേക്ക് വന്നത്. അതുകൊണ്ട് തന്നെ ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ ഞാൻ ശരിക്കും ആവേശഭരിതനാകും. ആ സ്പിരിറ്റിൽ ഒരുപാട് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ചിലപ്പോൾ ആ കഥാപാത്രത്തിന് ഞാൻ അനുയോജ്യനല്ലായിരിക്കാം. അല്ലെങ്കിൽ അത് ആഖ്യാനം ചെയ്തതുപോലെ നന്നായി അവതരിപ്പിക്കപ്പെടാറില്ല. അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് എപ്പോഴും ഒരു ട്രയൽ റൺ പോലെയാണ്.' ആസിഫ് അലി പറഞ്ഞു.
മലയാളത്തിൽ എന്തുകൊണ്ടാണ് ആർആർആർ, കെജിഎഫ് പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ സംഭവിക്കാത്തത് എന്നതിനെ കുറിച്ചും ആസിഫ് മനസ് തുറന്നു. മലയാളത്തിൽ റിയലിസ്റ്റിക് സിനിമകളുടെ അതിപ്രസരമാണ് ഇതിന് കാരണമെന്നാണ് ആസിഫ് അലി പറയുന്നത്. സിനിമാറ്റിക് അനുഭവം നൽകുന്ന ചിത്രങ്ങളിലേയ്ക്ക് ശ്രദ്ധ നൽകേണ്ട സമയമാണിത്. മറ്റ് ഭാഷകളിൽ ആർആർആർ, കെജിഎഫ് പോലെയുള്ള സിനിമാറ്റിക് അനുഭവം നൽകുന്ന ചിത്രങ്ങൾ പുറത്തിറങ്ങുന്നുണ്ട്. എന്നാൽ അത്തരം ചിത്രങ്ങൾ മലയാളത്തിൽ ചെയ്താൽ മലയാളി പ്രേക്ഷകർ സ്വീകരിക്കില്ല. ഒരു നായകൻ 200 പേരെ തല്ലുന്നത് ഇവിടെയുള്ള പ്രേക്ഷകർ അംഗീകരിക്കില്ലെന്നും ആസിഫ് അലി പറഞ്ഞു.
മറ്റ് ഭാഷകളിൽ ഇത്തരം സിനിമകൾ ചെയ്യുന്നതിനോട് മലയാളി പ്രേക്ഷകർക്ക് കുഴപ്പമില്ല. മലയാളികൾ ചെയ്യുന്നതും ചിന്തിക്കുന്നതുമെല്ലാം വളരെ വ്യത്യസ്തമായ സിനിമകളാണ്. വൈറസിലും 2018ലും അഭിനയിച്ചപ്പോൾ ആദ്യത്തേത് കൂടുതൽ റിയലിസ്റ്റിക്കായിരുന്നെങ്കിൽ രണ്ടാമത്തേത് കുറച്ച് സിനിമാറ്റിക് ആയിരുന്നു. രോമാഞ്ചം നൽകുന്ന ഒരുപാട് നിമിഷങ്ങൾ 2018ൽ ഉണ്ടായിരുന്നു. അത് തിയേറ്ററുകളിൽ നന്നായി വർക്ക് ചെയ്തു. സിനിമ എന്നാൽ സിനിമാറ്റിക് ആകണമെന്നും കാലക്രമേണ ഈ പ്രവണത സാവധാനം മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗത്തെയാണ് 2018ൽ ആസിഫ് അലി അവതരിപ്പിച്ചത്. മത്സ്യത്തൊഴിലാളി കുടുംബമാണെങ്കിലും മോഡലാകാൻ ആഗ്രഹിക്കുന്ന നിക്സൺ എന്ന യുവാവിന്റെ വേഷമാണ് ആസിഫ് അലി കൈകാര്യം ചെയ്തത്. മത്സ്യത്തൊഴിലാളിയുടെ ജീവിതത്തെ പുച്ഛിക്കുകയും സ്വതന്ത്രനായി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ നാടിനെ നടുക്കിയ പ്രളയ സമയത്ത് നിക്സൺ വീട്ടിലേക്ക് മടങ്ങുകയും രക്ഷാപ്രവർത്തനത്തിൽ സമൂഹത്തോടൊപ്പം ചേരുകയും ചെയ്യുന്നു. ആസിഫിന്റെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കൈയ്യടിയാണ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...