പാലക്കാട്: അത്തം പിറന്നതോടെ ഏറെ പ്രതീക്ഷയിലായിരുന്നു കോയമ്പത്തൂർ മേട്ടുപ്പാളയം റോഡിലെ പുതിയ പൂമാർക്കറ്റിലെ വ്യാപാരികൾ. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ രണ്ട് വർഷമായി കച്ചവടങ്ങൾ പൂർണമായി നിലച്ചിരുന്നെങ്കിലും ഈ വർഷം വിനായക ചതുർഥിക്കും ഓണ വിപണിക്കും പൂ മാർക്കറ്റ് സജീവമാകുമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ. 140 വ്യാപാരികളാണ് കോയമ്പത്തൂർ മേട്ടുപ്പാളയം റോഡിലെ പുതിയ പൂമാർക്കറ്റിലുള്ളത്. റോസ്, ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി എന്നീ പൂക്കൾക്കായിരുന്നു ആവശ്യക്കാരേറെയുണ്ടായിരുന്നത്.
എറണാകുളത്തെയും തൃശ്ശൂരിലെയും മൊത്തവ്യാപാരികൾക്ക് 10 വർഷം മുൻപ് 20 മുതൽ 25 ടൺ വരെയായിരുന്നു കോയമ്പത്തൂർ മാർക്കറ്റിൽ നിന്ന് പൂക്കൾ അയച്ചിരുന്നത്. അത് ഇപ്പോൾ അഞ്ച് ടൺവരെയായാണ് കുറഞ്ഞിരിക്കുന്നത്. കേരളത്തിൽ തുടരുന്ന ശക്തമായ മഴ ഓണ വിപണിയെ സാരമായി ബാധിച്ചു. വിനായക ചതുർഥിക്ക് പൂ വിപണിക്ക് തമിഴ്നാട്ടിലെ കനത്ത മഴ വിനയായി. മഴയുടെയും കോവിഡിന്റെയും ആശങ്കയുണ്ടെങ്കിലും അടുത്ത മാസത്തെ വിജയദശമിയിലാണ് വ്യാപാരികളുടെ പ്രതീക്ഷ.
Onam 2022: 3.4 ഹെക്ടറിൽ ഉത്പാദിപ്പിച്ചത് 27.5 ടൺ പൂക്കൾ, പൂക്കൃഷിയിൽ നേട്ടവുമായി മലപ്പുറം ജില്ല
മലപ്പുറം: ഓണത്തിന് പൂക്കളമൊരുക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ എത്തിക്കേണ്ട അവസ്ഥായാണ് പലപ്പോഴും കേരളത്തിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ ഇത്തവണ അതിന് ചെറിയൊരു മാറ്റമുണ്ട്. ഇത്തവണ അതിർത്തി കടന്നെത്തുന്ന പൂക്കൾക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ല. പൂകൃഷിയിൽ വൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലപ്പുറം ജില്ല. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൂകൃഷിയിൽ ഇതുവരെയായി ഉത്പാദിപ്പിച്ചത് 27.5 ടണ്ണിലധികം പൂക്കളാണ്. നെൽകൃഷിക്ക് പിന്നാലെയാണ് ജില്ലയുടെ ഈ പുതിയ നേട്ടം. ചെണ്ടുമല്ലി, വാടാർമല്ലി തുടങ്ങിയ പൂക്കളാണ് ജില്ലയിൽ കൃഷി ചെയ്തത്.
സംസ്ഥാന സർക്കാർ പദ്ധതികളായ എല്ലാവരും കൃഷിയിലേക്ക്, തരിശുരഹിത പഞ്ചായത്ത് തുടങ്ങിയവയുടെ ഭാഗമായും പൂക്കൃഷി ചെയ്തു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുൾപ്പെടെയുള്ള സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു കൃഷി. വളാഞ്ചേരി, പെരുമ്പടപ്പ്, തവനൂർ എന്നീ ബ്ലോക്കുകളിലെ കുറ്റിപ്പുറം, എടയൂർ, ആതവനാട്, ഇരിമ്പിളിയം, മാറഞ്ചേരി, ആലങ്കോട്, കാലടി, വട്ടംകുളം, എടപ്പാൾ, തവനൂർ, പെരുമ്പടപ്പ് തുടങ്ങിയ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പൂക്കൃഷി ചെയ്തത്. 3.4 ഹെക്ടർ പ്രദേശത്തായാണ് പൂക്കൃഷി ചെയ്തത്. 1.65 കോടി രൂപയുടെ പൂക്കളുകൾ ഇതുവരെ ഹോർട്ടികോർപ്പും വിവിധ കൃഷിഭവനുകളും വഴി വിറ്റതായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ (എച്ച്.) ബി. ശ്രീലത അറിയിച്ചു.
ഓണക്കാലം ലക്ഷ്യമിട്ടായിരുന്നു ജില്ലയിലെ പൂക്കൃഷി. കൃഷി വിജയിച്ചതിന്റെ സന്തോഷത്തിലാണ് കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും. ചരിത്രത്തിലെ ഏറ്റവും വലിയ വിളവാണ് ഇത്തവണ ഉണ്ടായത്. കർഷകർ ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചതും പൂക്കൃഷിക്ക് മുതൽക്കൂട്ടായി. ഇനിയുള്ള വർഷങ്ങളിലും പൂക്കൃഷി തുടരാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്.
‘ഓണ സമൃദ്ധി 2022’ എന്ന പേരിൽ ജില്ലയിൽ നാടൻ പഴം പച്ചക്കറി കർഷക ചന്തകൾ ഉണ്ടാകും. കാർഷികവികസന കർഷക ക്ഷേമവകുപ്പിന്റെ നേതൃത്വത്തിലാണിത്. 120 കർഷകച്ചന്തകൾ കൃഷിവകുപ്പിന്റെ കീഴിലും 10 കർഷകച്ചന്തകൾ വി.എഫ്.പി.സി. കെയുടെയും ഹോർട്ടികോർപ്പിന്റെയും ആഭിമുഖ്യത്തിലുമാണ് ഉണ്ടാവുക. ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ചന്തയും ഇത്തവണ ഉണ്ടാകും. പ്രാദേശിക കർഷകരിൽനിന്ന് 10 ശതമാനം അധിക വിലയ്ക്ക് സംഭരിച്ച പഴം പച്ചക്കറി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിപണിവിലയുടെ 30 ശതമാനം കുറച്ച് ലഭിക്കും. സെപ്റ്റംബർ ഏഴിന് ചന്തകൾ അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...