ദേശീയ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക് ഡ്രില്ലിനിടെ മണി മലയാറിൽ യുവാവ് അപകടത്തിൽപ്പെട്ടു. മണി മലയാറിൽ മുങ്ങി പോയ യുവാവിന്റെ നില ഗുരുതരം ആയതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പാലത്തിങ്കൽ സ്വദേശി ബിനു സോമനാണ് മോക് ഡ്രില്ലിനിടെയിൽ അപകടത്തിൽപ്പെട്ടത്. പുഷ്പഗിരി മെഡിക്കൽ കോളേജിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്ഷാ പ്രവർത്തനത്തിന് എത്തിച്ച ഡിങ്കി ബോട്ടുകളിലെ മോട്ടോറുകൾ പ്രവർത്തിച്ചില്ലെന്നും, ആംബുലൻസിൽ ഓക്സിജൻ ഇല്ലായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പടുതോട് പാലത്തിന് താഴെ മണിമലയാറ്റിൽ ഇന്ന് രാവിലെ മോക്ഡ്രിൽ നടത്തിയത്. വെള്ളത്തിൽ അകപ്പെട്ട ആളുകളെ എങ്ങനെ രക്ഷിക്കണം എന്നതിലായിരുന്നു ദേശീയ ദുരന്തനിവാരണ അതോറിറ്റി പരിശീലനം നൽകിയത്. ഈ പരിശീലനത്തിനിടയിലാണ് പാലത്തിങ്കൾ സ്വദേശി ബിനു മണിമലയാറ്റിൽ മുങ്ങിത്താഴ്ന്നത്. എന്നാൽ അപകടമുണ്ടായിട്ടും യുവാവിനെ രക്ഷിക്കാൻ അര മണിക്കൂറോളം താമസിച്ചാണ് രക്ഷാപ്രവർത്തകർ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
ALSO READ: നരബലി കേസ്; ആദ്യ കുറ്റപത്രം തയ്യാറാക്കി കൊച്ചി പൊലീസ്
വെള്ളത്തിൽ മുങ്ങിയ ബിനുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിച്ച ആംബുലൻസിൽ ഓക്സിജൻ ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. കൂടാതെ വഴിയിൽ കൂടെ പോയ ആളുകളെ നദിയിൽ നീന്താൻ അറിയാമോ എന്ന് ചോദിച്ച ശേഷമാണ് വെള്ളത്തിൽ ഇറക്കിയത് എന്നും നാട്ടുകാർ പറഞ്ഞു. കൂടെ നീന്തിയ ആൾ മുങ്ങിത്താഴുന്നത് തങ്ങൾ കണ്ടിരുന്നുവെന്ന് മോക്ഡ്രില്ലിൽ പങ്കെടുത്ത മറ്റുള്ളവരും പറഞ്ഞു.
അരമണിക്കൂറോളം വെള്ളത്തിൽ മുങ്ങിയ ബിനുവിനെ ഉടൻ തന്നെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് എത്തിച്ചത്.വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വിനുവിൻറെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...