വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ഭാര്യ ആർ.പാർവ്വതിദേവിയും ഓണക്കാലത്ത് സീ മലയാളം ന്യൂസിനൊപ്പം വിശേഷങ്ങൾ പങ്കുവച്ചു. രാഷ്ട്രീയവും കുടുംബവിശേഷങ്ങളും പങ്കുവച്ച ഇരുവരും ബാല്യകാലത്തിലെ തങ്ങളുടെ ഓണക്കാല അനുഭവങ്ങളും ഓർത്തെടുത്തു. പി ഗോവിന്ദപിള്ളയെന്ന മഹാമനുഷ്യനെ കുറിച്ച് പാർവതി വാചാലയായപ്പോൾ സംഘടനാ രംഗത്തെ പഴയകാല ഓർമ്മകളും അനുഭവങ്ങളുമായിരുന്നു ശിവൻകുട്ടിക്ക് ഏറെ പറയാനുണ്ടായിരുന്നത്. മന്ത്രിയായ ശേഷം ഔദ്യോഗിക വസതിയിലുള്ള ഓണാഘോഷത്തിന്റെ സന്തോഷവും ഇരുവരും പരാമർശിച്ചു.
വി.ശിവൻകുട്ടിയുടെ ഓണം
എല്ലാവർഷവും ഓണം ആഘോഷിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞവർഷം കൊവിഡ് പ്രതിസന്ധി അതിന് മുമ്പ് പ്രളയ സമാന സാഹചര്യം, അങ്ങനെ നിരവധി പ്രതിസന്ധികൾ കേരളം നേരിട്ടു. അതൊക്കെ കഴിഞ്ഞാണ് ഓണം ആഘോഷിക്കുന്നത്. തിരുവനന്തപുരത്തിന്റെ മനസ്സ് നേരിട്ട് അറിഞ്ഞ് ആൾ കൂടിയാണ് താൻ. അതുകൊണ്ടുതന്നെ ഇത്തവണ എല്ലാവരും മതിമറന്ന് തന്നെ ഓണം ആഘോഷിക്കുന്നു. സർക്കാരിന്റെ ഓണംവാരാഘോഷ പരിപാടികൾ ഉൾപ്പെടെ സംഘടിപ്പിച്ചാണ് ഓണം കെങ്കേമമാക്കുന്നത്. മന്ത്രിയായ ശേഷം ഔദ്യോഗിക വസതിയിൽ ഓണം ആഘോഷിക്കുന്നു എന്നുള്ള ഒരു പ്രത്യേകതയും ഇക്കുറിയുണ്ട്.
ഓണാഘോഷത്തെക്കുറിച്ച് പാർവതിദേവിക്ക് പറയാനുള്ളത്
കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛനും അമ്മയുമുള്ളപ്പോഴൊക്കെ അങ്ങനെ പ്രത്യേകിച്ച് വലിയ ആഘോഷങ്ങൾ ഒന്നും ഉണ്ടാകാറില്ല. ഓണക്കാലത്ത് ഓണസദ്യ ഉണ്ടാക്കും. ചിലപ്പോൾ ഫാമിലിയായി ഒരു സിനിമയ്ക്ക് പോവുകയും ചെയ്യും. അല്ലാതെ അതിൽപരം മറ്റ് ആഘോഷങ്ങൾ സംഘടിപ്പിക്കാറില്ല. പിന്നെയുള്ള പ്രത്യേകത, ശിവൻകുട്ടി നല്ല നോൺ വെജിറ്റേറിയനാണ്. സദ്യയാണെങ്കിൽ വടക്കൻ സ്റ്റൈലിൽ ആയിരിക്കും ഉണ്ടാക്കുക. പരമ്പരാഗതമായ രീതിയിൽ ആഘോഷിക്കാറില്ല. എല്ലാവരും ഒത്തൊരുമിക്കുന്നു, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. അത്ര മാത്രം.
ALSO READ : വാഗ്വാദങ്ങളില്ല.. തർക്കങ്ങളില്ല. ഓണവിശേഷങ്ങൾ പങ്കുവച്ച് ചാനൽ ചർച്ചയിലെ പുലികൾ
മിക്കവാറും തിരക്കായിരിക്കുമല്ലോ മന്ത്രിക്ക്, അതിനിടയ്ക്ക് ഓണം ആഘോഷിക്കാൻ സമയം കിട്ടാറുണ്ടോ
ശിവൻകുട്ടി മേയർ ആയിരിക്കുമ്പോഴും എംഎൽഎയായിരിക്കുമ്പോഴും അതിനുമുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴും ഓണത്തിന് നല്ല തിരക്കായിരിക്കും. സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾ ഉണ്ടെങ്കിൽ അതിന്റെ തിരക്ക്, അല്ലെങ്കിൽ വിവിധ സാംസ്കാരിക വേദികൾ സന്നദ്ധ സംഘടനകൾ തലസ്ഥാനത്തെ ക്ലബ്ബുകൾ എന്നിവിടങ്ങളിൽ നടക്കുന്ന ഓണപരിപാടികളിൽ സജീവമായിരിക്കും. അതല്ലെങ്കിൽ പല ഓണത്തിനും നിരാഹാരങ്ങളും ഉപവാസ സമരങ്ങളുമൊക്കെയും മുൻപുണ്ടായിട്ടുണ്ട്. അതിൻ്റെ തിരക്കിലായിരിക്കും. തിരക്കിന്റെ പാരമ്യത്തിൽ ഓണം അങ്ങനെയാണ് കടന്നുപോകും.
എത്ര തിരക്കുകൾ ഉണ്ടെങ്കിലും സാധാരണ തിരുവോണ ദിവസം കുറച്ചു സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കണ്ടെത്താറുണ്ട്. ബാക്കിയുള്ള ദിവസങ്ങളിൽ നാട്ടുകാരോടൊപ്പമായിരിക്കുമല്ലോ നമ്മൾ. എല്ലാവരും ഒത്തൊരുമിച്ചാണല്ലോ ഓണം ആഘോഷിക്കുന്നത്. അതു കൊണ്ട് തന്നെ വിവിധ വിഭാഗങ്ങളുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാനുണ്ടായിരിക്കും. അങ്ങനെ അതിൻ്റെ തിരക്കുകളിലേക്ക് അങ്ങ് മാറും.
ചിരിക്കാത്ത മന്ത്രിയാണോ; എന്തിനാണിത്ര ഗൗരവം
ആവശ്യത്തിന് ചിരിക്കും. എപ്പോഴും ഇങ്ങനെ ചിരിച്ചുകൊണ്ട് നടക്കില്ല. മനപ്പൂർവ്വമല്ല ബോധപൂർവ്വവുമല്ല, അത് അങ്ങനെ ശീലിച്ചു പോയത് കൊണ്ടാണ്. ചിരിക്കാറുമുണ്ട് കരയാറുമുണ്ട്. അത്രതന്നെ...
പ്രണയജീവിതവും വിവാഹവും
ആധുനികകാലത്ത് നടക്കുന്നതുപോലെയുള്ള കഠിനമായ പ്രണയത്തിനുള്ള സാഹചര്യവും അവസരവുമൊന്നും ഉണ്ടായിട്ടില്ല. ശിവൻകുട്ടി എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡൻറും സെക്രട്ടറിയുമൊക്കെയായിരുന്നു, ഞാനും ചെറിയതോതിൽ എസ്എഫ്ഐയിൽ സംഘടന രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എംഎക്ക് പഠിക്കുമ്പോഴാണ് സജീവമായി എസ്എഫ്ഐയിലേക്ക് വരുന്നത്. പ്രീഡിഗ്രി ബോർഡ് സമരകാലത്തൊക്കെ സജീവമായി മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് മദ്രാസ് യൂണിവേഴ്സിറ്റിയിലേക്ക് എം.ഫിൽ ചെയ്യാനായി പോകുന്നു. ലോ കോളജിൽ നിയമം പഠിച്ചുവെങ്കിലും, അത് പൂർത്തിയാക്കാതെ എം.ഫില്ലിന് പോവുകയായിരുന്നു. ശിവൻകുട്ടി പാർട്ടിയിൽ ഇക്കാര്യം സൂചിപ്പിച്ചു. പിന്നീട് എം വിജയകുമാറാണ് ഞങ്ങളുടെ വീട്ടിലെത്തി അച്ഛൻ പിജിയുമായി സംസാരിക്കുന്നത്.
ശിവൻകുട്ടിയുമൊത്തുള്ള വിവാഹ ജീവിതത്തിന് കുടുംബത്തിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നോ?
അച്ഛന് സഖാക്കളാകുക എന്നുള്ളതായിരുന്നു ഏറ്റവും പ്രധാനം. അച്ഛന് പാർട്ടി കഴിഞ്ഞാണ് ബാക്കിയെല്ലാം. ശിവൻകുട്ടിയെ സംഘടന രംഗത്ത് തന്നെ അറിയാമായിരുന്നു. അമ്മയ്ക്കും വിവാഹത്തിന് സമ്മതമായി. എല്ലാവരും ഹാപ്പിയായിരുന്നു. സംഘടന രംഗത്ത് വച്ചുതന്നെ അടുപ്പവും പരിചയവും ഉണ്ടായിരുന്നു. അങ്ങനെയാണ് പിന്നീട് വിവാഹം നടക്കുന്നത്. ഞാനും അത്യാവശ്യം രാഷ്ട്രീയപ്രവർത്തനം ഉണ്ടായിരുന്നു. അപ്പോൾ അതുകൊണ്ടുതന്നെ അത്തരത്തിൽ ഒരാളായിരിക്കണം ജീവിതപങ്കാളി എന്ന് കരുതിയിരുന്നു. ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ ശിവൻകുട്ടി അന്ന് ഉള്ളൂർ പഞ്ചായത്തിന്റെ പ്രസിഡൻ്റ്. എസ്എഫ്ഐ ജീവിതം വിട്ട് പഞ്ചായത്ത് പ്രസിഡൻ്റ് ആകുന്ന ഘട്ടമായിരുന്നു അത്.
ഗൗരവക്കാരനായ ശിവൻകുട്ടിയെ കല്യാണം കഴിക്കുമ്പോൾ ഉള്ളിലൊരു ഭയം തോന്നിയിരുന്നോ?
ഭയപ്പെടേണ്ട ഒരാളല്ല യഥാർത്ഥത്തിൽ ശിവൻകുട്ടി. മുഖഭാവത്തിന് ഗൗരവമുണ്ടെങ്കിലും ശിവൻകുട്ടി ആള് റൊമാൻ്റിക്കാണ്. സിനിമകളും പാട്ടുകളുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. എന്നാൽ 24x7 ജനപ്രതിനിധിയുമാണ്. കുറച്ച് ഗൗരവമൊക്കെയുണ്ട്. അതൊക്കെ വേണ്ടേ, കാര്യങ്ങളോട് കർശനമായും ശക്തമായും ഇടപെടുന്ന ആൾ കൂടിയാണ്. നല്ലൊരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രത്യേകത കൂടിയാണല്ലോ അതൊക്കെ.
ALSO READ : KT Jaleel : ആസാദ് കശ്മീർ പരാമർശം; ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി കോടതിയുടെ നിർദേശം
തലസ്ഥാനത്തുകാരുടെ സ്വന്തം ശിവൻകുട്ടിയണ്ണൻ, അതേക്കുറിച്ച്
തിരുവനന്തപുരത്തുകാർക്ക് പൊതുവേ വയസ്സിൽ മുതിർന്ന ആളുകളെ അണ്ണാ എന്ന് വിളിക്കുന്ന ഒരു സ്വഭാവമുണ്ടല്ലോ. വാത്സല്യവും സ്നേഹവും നിറച്ച വിളിയാണ്. അത്, വടക്കോട്ട് പോകുമ്പോൾ വിളി ചേട്ടാ എന്നായി മാറും. പൊതുപ്രവർത്തകൻ എന്നുള്ള നിലയിൽ എസ്എഫ്ഐ വിട്ട ശേഷം ജനങ്ങളുമായി അടുത്ത ഇടപഴകി ഗ്രൗണ്ട് ലെവലിൽ നിന്ന് പ്രവർത്തിച്ച മുന്നോട്ട് വന്ന ആളാണ്. പഞ്ചായത്ത് പ്രസിഡൻ്റ് പദവി എന്നു പറയുമ്പോൾ ഗ്രാസ്റൂട്ട് പ്രവർത്തനമാണല്ലോ. ഇതിലൂടെ നിരവധി അനുഭവങ്ങൾ ലഭിക്കും. പാവപ്പെട്ടവന്റെ ജീവിതരീതിയും അനുഭവങ്ങളുമൊക്കെ ഇതിൻ്റെ ഭാഗമാണല്ലോ.
വിദ്യാർത്ഥി ജീവിതം മുതൽക്കേ സംഘടനാ രംഗത്ത് സജീവമാണ്, പല സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിലും അനുഭവസമ്പത്ത് കരുത്ത് നൽകിയിട്ടുണ്ടോ
പാർലമെന്റിലേക്ക് ആദ്യം തെരഞ്ഞെടുക്കപ്പെട്ട് പോകുന്ന ഒരു ജനപ്രതിനിധിക്ക് കിട്ടുന്നതിനേക്കാൾ പതിർ മടങ്ങ് അനുഭവസമ്പത്തായിരിക്കും പഞ്ചായത്ത് ലെവലിൽ പ്രവർത്തിച്ച ജനങ്ങൾക്കൊപ്പം നേരിട്ട് ഇടപഴകി നിൽക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകന് ലഭിക്കുക. ഭൂരിപക്ഷം ഇല്ലാത്ത കൗൺസിലിലേക്ക് മേയർ സ്ഥാനത്തേക്ക് വരുന്നത് ഇത്തരം അനുഭവത്തോടെയാണ്. വിദ്യാർത്ഥി ജീവിതത്തിൽ നിന്ന് ലഭിച്ചിട്ടുള്ള അനുഭവസമ്പത്ത്, തീരുമാനം എടുക്കുന്നതിൽ ലഭിച്ചിട്ടുള്ള ധൈര്യം, എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലെ ഇടപെടൽ, ഇതൊക്കെയും കരുത്ത് തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്. എംഎൽഎ ആയപ്പോഴും മന്ത്രിയായപ്പോഴും ഒക്കെ ഇത്തരം അനുഭവങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെട്ടിട്ടുണ്ട്. സ്ഥാനങ്ങൾ ഇല്ലായിരുന്നപ്പോഴും നിരവധി ആളുകൾ തന്നെ നേരിൽ കണ്ട് വിവിധ വിഷയങ്ങൾ അവതരിപ്പിക്കാനായി വരുമായിരുന്നു. കഴിയുന്നത്ര പ്രശ്നപരിഹാരത്തിന് ശ്രമിക്കുമായിരുന്നു. ജനങ്ങൾക്കൊപ്പമാണല്ലോ ജീവിതം, അപ്പോൾ അതുകൊണ്ട് തുടർന്നും അങ്ങനെ തന്നെ മുന്നോട്ടു പോകും.
പി ഗോവിന്ദപിള്ളയുടെ മകൾ എന്നറിയപ്പെടുമ്പോൾ ലഭിക്കുന്ന പിന്തുണ, അംഗീകാരം... അത് പറയാവുന്നതിലുമപ്പുറം ആയിരിക്കുമല്ലോ അതേക്കുറിച്ച്?
തീർച്ചയായും, അങ്ങനെ തന്നെയാണ്. ഇന്നും അഭിമാനം തന്നെയാണ് അച്ഛനെയും അമ്മയും കുറിച്ച് പറയുമ്പോൾ. അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്കറിയായിരിക്കുമല്ലോ, സൈദ്ധാന്തികനും വാഗ്മിയും പ്രഭാഷകനുമൊക്കെയായിരുന്നു. അച്ഛന് പുസ്തക വായന വളരെ പ്രധാനപ്പെട്ടതായിരുന്നു. ആയിരക്കണക്കിനധികം പുസ്തകങ്ങൾ വീട്ടിൽ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പത്രവായന ഉൾപ്പെടെ എല്ലാ ദിവസവും മുടങ്ങാതെ കൃത്യമായി നടത്തുന്നയാളാണ്. തികഞ്ഞ കമ്മ്യൂണിസ്റ്റ്, ഒരു തീരുമാനമെടുത്താൽ അത് നടപ്പിലാക്കാൻ കാണിക്കുന്ന ആർജ്ജവം, ചിട്ടയായ സംഘടനാ പ്രവർത്തനം, സങ്കീർണമായ പല വിഷയങ്ങളിൽ പോലും മാതൃകാപരമായ ഇടപെടൽ.... അങ്ങനെ അച്ഛനെ കുറിച്ച് പറഞ്ഞാൽ തീരാത്തത്ര കാര്യങ്ങളുണ്ട്. അച്ഛൻ്റെ പിന്തുണ ഞങ്ങൾ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണ്. അത്രത്തോളം എന്നെയും ശിവൻകുട്ടിയെയും സ്നേഹവാത്സല്യത്തോടെയാണ് കുടുംബത്തിലെ എല്ലാവരും കണ്ടിരിക്കുന്നത്. ഞങ്ങളുടെ കുടുംബജീവിതത്തിലും ശിവൻകുട്ടിയുടെ അച്ഛനും ഒപ്പം എൻ്റെ അച്ഛനും വലിയ പിന്തുണയും സഹകരണവും തന്നെയാണ് നൽകിയിരുന്നത്. എം എൻ ഗോവിന്ദൻ നായർ വല്യമ്മാവനാണ്. എം. എൻ്റെയും പി.ജിയുടെയുമൊക്കെ കുടുംബമായതിനാൽ എല്ലാവരും മാതൃകാപരമായി തങ്ങളെ നോക്കി കണ്ടിരുന്നു എന്നുള്ളതും ഈ ഘട്ടത്തിൽ ഓർത്തു പോകുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാനായി ലഭിച്ചപ്പോൾ ഏതെങ്കിലും വിധത്തിലുള്ള ആശങ്ക മനസ്സിൽ തോന്നിയിരുന്നോ?
ആശങ്കയൊന്നും തോന്നിയിരുന്നില്ല.നേമത്തിന്റെ വിജയമായിട്ടാണ് അതിനെ കണക്കാക്കുന്നത്. നേമത്ത് സിപിഎമ്മിനുണ്ടായ വിജയവും ബിജെപിക്കുണ്ടായ പരാജയവുമാണ് അത്. പൊതുവിദ്യാഭ്യാസവും തൊഴിൽവകുപ്പും പാർട്ടി തീരുമാനിച്ച് തന്നിൽ ഏൽപ്പിച്ചതാണ്. രണ്ടു വകുപ്പും കൂടുതൽ അനുഭവങ്ങൾ ലഭിച്ചിട്ടുള്ള വകുപ്പുകളാണ്. എസ്എഫ്ഐക്കാലം മുതൽ തന്നെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം പഠിച്ചിരുന്നു, അതിലൊക്കെയും ഇടപെട്ടിരുന്നു. ഇതിൽ തന്നെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും ഉൾപ്പെടും. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിദ്യാലയങ്ങളുടെയും പ്രശ്നങ്ങൾ കൃത്യമായി പഠിച്ചു മനസ്സിലാക്കിയാണ് കഴിഞ്ഞ കുറെ കാലങ്ങളായി തന്നെ മുന്നോട്ടുവന്നത്.
തൊഴിൽ വകുപ്പിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ വർഷങ്ങളായി തന്നെ അരഡസനോളം വരുന്ന യൂണിയനുകളുടെ ഭാരവാഹിയാണ്. തൊഴിലാളി രംഗത്ത് സ്വകാര്യമേഖലകളിലും പൊതുരംഗത്തും ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തീർത്തു മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ടു വകുപ്പുകളും കൈകാര്യം ചെയ്യുന്നതിൽ വലിയ ആത്മവിശ്വാസം തന്നെയുണ്ട്.
വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങളെക്കുറിച്ച്?
സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങൾ അതിരുകടക്കുന്നതായിരുന്നു. മാനസികമായി തളർത്തുന്ന രീതിയിലുള്ള വിമർശനങ്ങളായിരുന്നു ഇതിൽ പലതും. വളരെ തരംതാഴ്ന്ന നിലവാരത്തിലുള്ളതായിരുന്നു ഇതിൽ കൂടുതൽ വിമർശനങ്ങളും. അതിനോടൊന്നും തന്നെ മറുപടി പറയാൻ പോയിട്ടില്ല. സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പോലും നിരന്തരമായി ശക്തിയുക്തം വിമർശനങ്ങൾ ഉണ്ടായി. എന്നാൽ മൂന്ന് നാല് മാസം കഴിഞ്ഞപ്പോൾ തന്നെ ഇതെല്ലാം അപ്പാടെ തകർന്നു പോയി. വിമർശനങ്ങളെ ഒന്നും ജനം കേട്ടില്ല എന്നുള്ളതായിരുന്നു വലിയ കരുത്ത്.
ALSO READ : AN Shamseer: എഎൻ ഷംസീർ നിയസമഭാ സ്പീക്കർ; ഷംസീറിന് 96 വോട്ട്, അൻവർ സാദത്തിന് ലഭിച്ചത് 40 വോട്ട്
പാർവ്വതിദേവിയോട്, രാഷ്ട്രീയപ്രവർത്തനത്തിലേക്ക് സജീവമാകാത്തത് എന്തുകൊണ്ട്?
അക്കാദമിക് രംഗമായിരുന്നു കൂടുതൽ താല്പര്യം. കൂടുതൽ എഴുത്തിനും വായനയ്ക്കും സമയം കണ്ടെത്തുമായിരുന്നു. പ്രത്യേകിച്ച് ശിവൻകുട്ടിയുടെ രാഷ്ട്രീയ ജീവിതം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ കാര്യങ്ങൾ മനസ്സിലാകും. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്ക് ഫുൾടൈമർ ആയി ഇറങ്ങാൻ വലിയ താല്പര്യമുണ്ടായിരുന്നില്ല. പിന്നെ മാധ്യമപ്രവർത്തക ആയിരുന്നല്ലോ, കൈരളിയും ദേശാഭിമാനിയും ഏഷ്യാനെറ്റും ഉള്‍പ്പാടെയുള്ള ഇടതുപക്ഷ മാധ്യമങ്ങളിൽ തന്നെയാണ് കൂടുതൽ കാലവും പ്രവർത്തിച്ചിരുന്നത്. ഏഷ്യാനെറ്റ് അന്ന് ശശികുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരുന്നു. പൂർണ്ണമായും ഇടതുപക്ഷചായ്‌വായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ അതുകൊണ്ടുതന്നെ അതൊക്കെ രാഷ്ട്രീയ പ്രവർത്തനമായി തന്നെ കാണുന്നു.
പേഴ്സണൽ സ്പേയ്സിൽ സിനിമയ്ക്ക് പോകാനും ഒരുമിച്ച് യാത്രകൾ പോകാനുമൊക്കെ സമയം കിട്ടാറുണ്ടോ?
അച്ഛനും അമ്മയുമായുള്ള ജീവിതം തന്നെ ഞാൻ കണ്ടുവളർന്നതാണ്. അച്ഛൻ ഒളിവിലും ജയിലിലുമൊക്കെ കഴിഞ്ഞിരുന്നു. അച്ഛനും അമ്മയും ഞങ്ങളെല്ലാവരും കാണുന്നതൊക്കെ തന്നെ വളരെ വിരളമായിരുന്നു. അച്ഛൻ പിന്നെ വീട്ടിൽ വരുന്നത് തന്നെ ഒരു അതിഥി വരുന്നതുപോലെയാണ്. അത് കണ്ടുവളർന്നയാൾ ആയതു കൊണ്ട് തന്നെ അതൊക്കെ വച്ച് നോക്കുമ്പോൾ ഞങ്ങളുടെ ജീവിതം എത്രയോ വലിയ തരത്തിൽ മെച്ചപ്പെട്ടതാണ്. കഴിയുമ്പോൾ സിനിമയ്ക്ക് പോകാറുണ്ട്. ഈയടുത്ത കാലം വരെയും സിനിമയ്ക്ക് പോയിരുന്നു. കൂടുതൽ സെക്കൻഡ് ഷോയ്ക്ക് ആയിരുന്നു തിയേറ്ററിൽ സിനിമ കാണാനായി പോകുന്ന പതിവുണ്ടായിരുന്നത്. പിന്നീട് അടുത്തകാലത്ത് ഭീഷണി വന്നപ്പോൾ പാർട്ടിയിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു, അങ്ങനെ കുറെ നാൾ അത് മുടങ്ങി. സിനിമയ്ക്ക് പോയിട്ട് നടന്ന തന്നെയാണ് വീട്ടിൽ പോയിരുന്നത്. അപ്പോൾ അതുകൊണ്ടാണ് പാർട്ടി അത്തരത്തിൽ ഒരു നിലപാട് അന്ന് സ്വീകരിച്ചത്. യാത്രകൾ ധാരാളം ചെയ്യും. വർഷത്തിൽ ഒരിക്കലെങ്കിലും നല്ലൊരു യാത്ര പോകാറുണ്ട്.
നേമത്തെ കേമമാക്കി പകിട്ടോടെ ചെങ്കൊടി പാറിച്ചു, ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കെട്ടി, വിജയപ്രതീക്ഷയിൽ ആത്മവിശ്വാസം എത്രത്തോളം ഉണ്ടായിരുന്നു?
കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു തിരുവനന്തപുരം ഈസ്റ്റ്. ബി വിജയകുമാർ മത്സരിച്ച കാലത്തായിരുന്നു അത്. പിന്നീടാണ് നേമത്ത് മത്സരിച്ചത്. ദേശീയ നേതാവായി അറിയപ്പെട്ടിരുന്ന ഒ. രാജഗോപാലായിരുന്നു എതിർ സ്ഥാനാർത്ഥി. അന്ന് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ കഴിഞ്ഞു. അതിനുശേഷം വന്ന തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടു. പരാജയപ്പെട്ടെങ്കിലും നല്ല ഭൂരിപക്ഷമായിരുന്നു സിപിഎമ്മിന് ഉണ്ടായിരുന്നത്. ഞാൻ കഴിഞ്ഞ അഞ്ച് വർഷക്കാലം എന്നെ തോൽപ്പിച്ച നേതാവ് എന്ന തരത്തിൽ അദ്ദേഹത്തെ വിമർശിക്കാനൊന്നും പോയിട്ടില്ല. പിന്നീട് നടന്ന മത്സരം രാജ്യത്താകെ ശ്രദ്ധ പിടിച്ചുപറ്റിയ മത്സരമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.മുരളീധരൻ എത്തുന്നു, ബിജെപി കുമ്മനം രാജശേഖരനെ അവതരിപ്പിക്കുന്നു, തീർത്തും വാശിയേറിയ പോരാട്ടം തന്നെയാണ് നടന്നത്. 5700 വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചതും ശ്രദ്ധേയമായിരുന്നു.
കവിതയോ, പാട്ടോ എന്താണ് ഓണക്കാലത്ത് പ്രേക്ഷകർക്കായി നൽകുന്നത്....
ഞങ്ങൾക്ക് രണ്ടുപേർക്കും കലയുമായി യാതൊരു ബന്ധവുമില്ല,വേണമെങ്കിൽ ഓണത്തെക്കുറിച്ച് ഒരു പ്രസംഗം നടത്താം. പണ്ടുള്ള കാലഘട്ടത്തിൽ നിന്ന് ഓണത്തിൻ്റെ കാഴ്ചപ്പാടൊക്കെ ഇപ്പോൾ മാറിയിട്ടുണ്ട്. ഓണം ഒരു കാർഷിക ഉത്സവം കൂടിയാണ്. ദേശീയതലത്തിൽ തന്നെ വിളവെടുപ്പിന്റെയും കാർഷികവൃത്തിയുടെയും നൈർമല്യം തുളുമ്പി നിൽക്കുന്ന കാലം. ഡിസ്കൗണ്ട് സെയിലിന്റെയും ബിസിനസിന്റെയും കാലമായി ഓണം മാറുന്നു. കമ്മ്യൂണിസമൊക്കെ വരുന്നതിനു മുമ്പ് തന്നെ സമത്വത്തെ കുറിച്ചുള്ള വലിയ സങ്കല്പമാണ് ഓണം നൽകിയിരുന്നത്.
ഏതുതരം സിനിമകളോടാണ് കൂടുതൽ താല്പര്യം, സിനിമ കഴിഞ്ഞാൽ ഇഷ്ടപ്പെട്ട വിനോദം എന്താണ്?
എല്ലാ പ്രമേയവും അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകളും കാണാറുണ്ട്.എല്ലാം ഇഷ്ടമാണ്. മമ്മൂട്ടിയുടെയും ജയറാമിന്റെയും മോഹൻലാലിൻ്റെയുമൊക്കെ സിനിമകൾ കാണാനായി തിയറ്ററിൽ പോകുന്ന പതിവുണ്ട്. പ്രധാനപ്പെട്ട എല്ലാ താരങ്ങളുമായി തന്നെ നല്ല അടുപ്പവും ബന്ധവും കാത്തുസൂക്ഷിക്കുന്നയാളാണ് താൻ. പ്രധാനപ്പെട്ട മറ്റൊരു വിനോദം ഫുട്ബോൾ കളിയാണ്.
പീജിയെ പോലെ പരന്ന വായന ഇഷ്ടപ്പെടുന്ന ആളാണോ?
അത്യാവശ്യ രാഷ്ട്രീയ പ്രവർത്തനം നടത്താൻ വേണ്ടി മാത്രമാണ് വായിക്കുന്നത്. അങ്ങനെ പരന്ന വായനയൊന്നുമില്ല. സമയം കിട്ടാറുമില്ല, പാർവതി നന്നായി വായിക്കും, എഴുതും. പിജിയുടെ വായനയെ സംബന്ധിച്ചിടത്തോളം പറയാൻ വാക്കുകളില്ല. കണ്ണ് സുഖമില്ലാത്ത ആയപ്പോൾ പോലും വലിയ കണ്ണാടിയും ലെൻസും ഉപയോഗിച്ച് വരെ അദ്ദേഹം വായിച്ചിരുന്നു. അവസാനത്തെ നാളുകളിൽ പോലും അദ്ദേഹം മുടങ്ങാതെ വായന മുന്നോട്ടു കൊണ്ടുപോയിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റി മുൻകൈയെടുത്ത് പിജി സംസ്കൃതി ഭവൻ എന്നുള്ള സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയിട്ടുണ്ട്. അവിടെ ലൈബ്രറിയിൽ നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. പി.ജിയുടെ പുസ്തകങ്ങൾ മുഴുവൻ ലൈബ്രറിക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഭാവിയിലെ വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. കേരള സർവകലാശാലയെന്ന് മാത്രമല്ല മറ്റു സർവ്വകലാശാലകളിൽ നിന്ന് പോലും നിരവധി കുട്ടികൾ അവിടെ വരുന്നുണ്ട്. അവിടെ വന്ന് പുസ്തകമെടുത്ത് വായിക്കുന്നുണ്ട്. മുൻപ് താമസിച്ചിരുന്ന സുഭാഷ് നഗറിലെ വീട്ടിലും ഇത്തരത്തിൽ ഒരു ക്രമീകരണമുണ്ട്. തീർത്തും അങ്ങനെ എല്ലാ അർത്ഥത്തിലും വായനയ്ക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന കുടുംബം തന്നെയാണ് ഞങ്ങളുടെത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.