സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ഓർമകളിൽ സ്‌മാരകമൊരുങ്ങുന്നു. ചരിത്രത്തിന്റെ തിരയേറ്റം നിലയ്‌ക്കാത്ത പയ്യാമ്പലത്താണ് സ്‌മൃതി മണ്ഡപമൊരുങ്ങുന്നത്. ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന് സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും. വിടപറഞ്ഞ് ഒരു വർഷമാകുമ്പോഴും പ്രിയ നേതാവിന്റെ ഓർമകൾ തിരയടിക്കുന്ന പയ്യാമ്പലത്ത് എത്തുന്നവരേറെയാണ്. സംസ്കാരം നടന്ന ഈ കടൽത്തീരത്ത് തന്നെയാണ് സ്‌മൃതിമണ്ഡപം ഒരുങ്ങുന്നതും.
കോടിയേരി എത്രമേൽ പ്രിയങ്കരനായിരുന്നുവെന്ന് ഇവിടെയെത്തുന്നവർ ഓർത്തെടുക്കുന്നു. ചിരിയോടെ മാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയായ നേതാവിനെ അടയാളപ്പെടുത്തുന്ന സ്‌തൂപം ശിൽപി ഉണ്ണി കാനായിയാണ് ഒരുക്കുന്നത്. പോരാട്ടവും ചരിത്രവും ഇഴചേരുന്ന സ്‌തൂപത്തിന്റെ അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇകെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്‌മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരിയുടെ സ്മാരകം നിർമിച്ചിരിക്കുന്നത്.
പാറിപ്പറക്കുന്ന ചെങ്കൊടിയും വാനിലുയർന്നുനിൽക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും തന്നെയാണ് സ്മാരകത്തിലെ മുഖ്യ ആകർഷണം. എട്ടടി വീതിയും നീളവുമുള്ള തറയിലാണ് 11 അടി ഉയരമുള്ള സ്‌തൂപം ഒരുക്കിയത്. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റിലാണ് കോടിയേരിയുടെ മുഖം കൊത്തിയെടുത്തത്. എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ കോടിയേരിയുടെ ചിരിക്കുന്ന മുഖം തന്നെയാണ് ഗ്രാനൈറ്റിൽ ഉളി കൊണ്ട് ശിൽപി കാർവ് ചെയ്തെടുത്തത്.
ചരിത്രത്തെ ഓർമിപ്പിക്കുന്ന സ്‌തൂപത്തിൽ മൺമറഞ്ഞ് പോയ ധീര സഖാക്കളെ ഇടനെഞ്ചിൽ ചേർത്ത് പിടിക്കുന്ന പ്രതീതിയിലാണ് ശിൽപി ഉണ്ണി കാനായി രൂപകൽപന ചെയ്തിരിക്കുന്നത്. കോടിയേരിയുടെ സ്മാരകത്തിന്റെ നിർമിതി വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറിയും പയ്യാമ്പലത്ത് എത്തി. സെറാമിക് ടൈലുകൾ ഉപയോഗിച്ചാണ് സ്‌തൂപത്തിന് നിറം നൽകിയത്. ടൈലുകൾ ചെറുകഷണങ്ങളാക്കി പതാകയ്‌ക്കും നക്ഷത്രത്തിനും ചുവപ്പ് നിറം നൽകി. ഉപ്പുകാറ്റും വെയിലുമേറ്റ് നിറംമങ്ങുകയോ കേടാവുകയോ ചെയ്യില്ലെന്നതാണ് സെറാമിക് ടൈൽ ഉപയോഗിക്കാൻ കാരണം.
ഇടുക്കി വട്ടവടയിലെ ധീര രക്തസാക്ഷി അഭിമന്യുവിൻ്റെയും തളിപ്പറമ്പിലെ ധീര രക്തസാക്ഷി ധീരജിൻ്റെയും രക്തസാക്ഷി സ്തൂപം രൂപകൽപന ചെയ്തതും ഉണ്ണി കാനായിയാണ്. മുനയംകുന്ന് രക്തസാക്ഷി സ്തൂപം രാമന്തളിയിലെ ഒ.കെ കുഞ്ഞിക്കണ്ണൻ സ്തൂപം ടി ഗോവിന്ദൻ സ്മാരക സ്തൂപം എന്നിവയും നിർമിച്ചത് ഉണ്ണി കാനായിയാണ്. കൂടാതെ, കേരളത്തിനകത്ത് നിരവധി ചരിത്ര പുരുഷന്മാരുടെ ശിൽപങ്ങളും അദ്ദേഹം ഒരുക്കി. കേരളാ ലളിതകലാ അക്കാദമി അംഗം കൂടിയാണ് ഉണ്ണി കാനായി. ഒന്നര മാസമെടുത്താണ് സ്‌തൂപം തയ്യാറാക്കിയത്. സുരേഷ് അമ്മാനപ്പാറ, വിനേഷ് കൊയക്കീൽ, ബാലൻ പാച്ചേനി, സതീഷ് പുളക്കൂൽ, ഗോപി മാടക്കാൽ, ബിജു കൊയക്കീൽ എന്നിവരും ഉണ്ണി കാനായിക്കൊപ്പം സഹായികളായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...