റബർ വില 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. റബറിന് വില കൂട്ടിയാലും തല വേണ്ടേയെന്നായിരുന്നു കെഎം ഷാജിയുടെ പരിഹാസം. ലോകത്ത് ഒരു ഭരണ വ്യവസ്ഥയില്‍ ഏറ്റവും വലിയ വില വേണ്ടത് മനുഷ്യനാണ്, റബറിനല്ല. റബറിന് പൊന്നിന്റെ വില തന്ന് ഒരു ചാക്കില്‍ പൈസയാക്കി കെട്ടി തന്നാല്‍ അത് വയ്ക്കാൻ തലയാണ് വേണ്ടത് അല്ലാതെ വിലയല്ലെന്ന് കെ.എം ഷാജി പറഞ്ഞു.
മനുഷ്യനെ വിലകല്‍പ്പിക്കുന്ന ഒരു രാഷ്ട്രീയത്തെ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തിൽ ഭാഗമാകണമെന്നും കെ.എം ഷാജി പറഞ്ഞു. കെടി ജലീല്‍ എംഎല്‍എയും തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. ബിജെപി നല്കുന്ന റബറിന്റെ വില പോയി വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്നായിരുന്നു ജലീലിന്റെ പ്രതികരണം. 30 വെള്ളികാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപയെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
അതേസമയം കെടി ജലീല്‍ വധഭീഷണി ഉയർത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചു. ഇപ്പോള്‍ തലശേരി ആര്‍ച്ച് ബിഷപിന് നേരെ ഉണ്ടായിരിക്കുന്നത് നേരത്തെ പാലാ ബിഷപ്പിനോട് കാണിച്ച അതേസമീപനം തന്നെയാണ്. ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ക്രിമിനല്‍ കേസെടുത്ത് കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നു.
റബർ വില 300 ആക്കിയാൽ കേരളത്തിൽ നിന്നൊരു എംപിയില്ലാത്ത വിഷമം മാറ്റിത്തരാം എന്നായിരുന്നു തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ മുതിർന്ന സിപിംഎം നേതാവ് എംഎ ബേബിയും രംഗത്തെത്തിയിരുന്നു. പാംപ്ലാനിയുടെ പ്രസ്താവന ക്രിസ്തീയ വിശ്വാസം അല്ലെന്നും ആർഎസ്എസ് സർക്കാർ റബറിന്റെ വില കൂട്ടാൻ പോകുന്നില്ല എന്നത് എല്ലാവർക്കും അറിയാമെന്നും എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അവർ കർഷകരെ കൂടുതൽ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണെന്നും എംഎ ബേബി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...