തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ തീരദേശത്ത് പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറുമ്പോൾ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടെന്ന് അടിവരയിട്ട് പറയുകയാണ് സർക്കാർ. തുറമുഖത്തിന് എതിരായി സമരം ചെയ്യുന്നത് രാജ്യദ്രോഹമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞത്. പദ്ധതിയുമായി മുന്നോട്ടെന്നും 2019 ൽ തീർക്കേണ്ട പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും മന്ത്രി കൂട്ടിചേർത്തു. ഇനിയും പദ്ധതി വൈകിപ്പിക്കില്ലെന്നും സമയബന്ധിതമായി പൂർത്തിയാക്കി വിഴിഞ്ഞത് കപ്പലുകൾ എത്തിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. 2023 സെപ്തംബറിൽ മലയാളികള്ക്ക് ഓണസമ്മാനമായി വിഴിഞ്ഞത് ആദ്യ കപ്പലെത്തുമെന്നാണ് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറയുന്നത്. തുറമുഖം പൂർത്തിയാക്കുകയെന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്, നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ചെറിയ തടസ്സങ്ങൾ പോലും നീക്കം ചെയ്ത് മുന്നോട്ട് പോകുമെന്നും മന്ത്രി പറയുന്നു. മത്സ്യതൊഴിലാളികളുടെ ഭൂമി പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടിവന്നിട്ടില്ല, പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലുമാണ് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്. മാത്രവുമല്ല, തീരശോഷണത്തിനുള്ള കാരണം നിലവിലെ നിർമ്മാണമല്ലെന്നും മന്ത്രി കൂട്ടിചേർത്തു. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച സെമിനാറിലാണ് മന്ത്രിമാരുടെ നിലപാടുകൾ വ്യക്തമാക്കിയത്.
വിഴിഞ്ഞം സമരസമിതി ഉന്നയിച്ച ആറു കാര്യങ്ങളിലും സർക്കാർ തീരുമാനമെടുത്തിരുന്നു. എന്നാൽ തുറമുഖ നിർമ്മാണം നിർത്തി വെച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് സമരക്കാർ വാശിപ്പിടിക്കുന്നതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമുള്ളതായാണ് തോന്നുന്നതെന്നും ഫിഷറീസ് മന്ത്രി തുറന്നടിച്ചു. രാജ്യത്തിന്റെ വളർച്ചയെ പ്രത്യേകിച്ചും സാമ്പത്തിക വളർച്ചയെ ഏറെ സഹായിക്കുന്ന തരം പദ്ധതികളെ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹകുറ്റമാണ്. പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കാനോ ദ്രോഹിക്കാനോ സർക്കാർ ശ്രമിച്ചിട്ടില്ല. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു മത്സ്യത്തൊഴിലാഴിയുടെയും കണ്ണുനീർ വീഴ്ത്താനും സർക്കാരിന് ഉദ്ദേശമില്ലെന്നും മന്ത്രി കൂട്ടിചേർത്തു. കോടതി പറയുന്ന പോലെ സമരം അക്രമാസക്തമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിയും. എന്നാൽ അതിനൊന്നും മുതിരാതെ സമവായ ചർച്ചയിലൂടെ പഠിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
വിഴിഞ്ഞം തുറമുഖം സ്വകാര്യ വ്യക്തിയുടേത് അല്ല.അദാനി പോർട്ട് അല്ല സർക്കാരിന്റെ പോർട്ട് ആണെന്നും മന്ത്രി പറഞ്ഞു.2011 നെക്കാൾ 2021ൽ വിഴിഞ്ഞത്ത് മത്സ്യ ലഭ്യത 16 ശതമാനം വർദ്ധിച്ചതായി CMFRI പഠനം തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.സാമ്പത്തിക മേഖലയിൽ തുറമുഖമുണ്ടാക്കുന്ന ഉണർവ് ചെറുതാകില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിഴിഞ്ഞം സമരം അക്രമാസക്തമാകുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിച്ചു.