കോട്ടയം: കിണറ്റിൽ വീണ് മണിക്കൂറുകളോളം ജീവനു വേണ്ടി പിടഞ്ഞ തെരുവുനായയെ രക്ഷപ്പെടുത്തി. പതിനഞ്ചടിയോളം ആഴമുള്ള കിണറിലാണ് നായ വീണത്. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചാന്നാനിക്കാട് പാണ്ഡവർ കുളത്തുള്ള ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുരയിടത്തിലെ കിണറായിരുന്നു.
ഇന്നലെ രാവിലെ 8 മണിയോടുകൂടിയാണ് സംഭവം. കിണറിൽ നിന്നും നായയുടെ കരച്ചിൽ കേട്ട സമീപവാസികൾ ആരോഗ്യ കേന്ദ്രത്തിലെ നേഴ്സിനെയാണ് ആദ്യം വിവരം അറിയിച്ചത്. നേഴ്സ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു കാണുന്നത് കിണറ്റിലേക്ക് വീണു കിടന്ന കയറിലും വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറിന്റെ വയറിലുമായി കടിച്ചു തൂങ്ങി സ്വന്തം ജീവൻ രക്ഷിക്കുവാൻ വെള്ളത്തിനു മുകളിൽ മുഖമുയർത്തികിടക്കുന്ന നായയെയാണ്.
=
കയറിൽ നിന്നും പിടിവിട്ടു പോകുന്ന നായ വെള്ളത്തിൽ മുങ്ങിപ്പോകാതെ ഒന്നര മണിക്കൂറോളം സമയം കയർ മാറ്റി മാറ്റി ഇട്ടു കൊടുത്ത് റോയി മാത്യുവും ആരോഗ്യ കേന്ദ്രത്തിലെ സർവീസ് പ്രൊവൈഡർ നേഴ്സ് സുമി സുധനും ഫയർ ഫോഴ്സ് എത്തുന്നതുവരെ ശ്രമം നടത്തിക്കൊണ്ടേയിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ബി റെജിമോന്റെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി കിണറിനുള്ളിലേയ്ക്ക് വലയിറക്കി നായയെ പുറത്തെടുത്ത് രക്ഷപെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...