Karnataka Election Result 2023: കർണാടക പിടിച്ച് കോൺ​ഗ്രസ്; മോദി മാജിക്കിനെതിരെ പ്രവർത്തിച്ച അഞ്ച് ഘടകങ്ങൾ ഇവയാണ്

Karnataka Election 2023:  പ്രചാരണ വേളയിൽ ബിജെപി തങ്ങളുടെ മുൻനിര നേതാക്കളെയെല്ലാം കർണാടകയിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും ബിജെപിയെ തുണച്ചില്ല.

Written by - Zee Malayalam News Desk | Last Updated : May 14, 2023, 07:03 AM IST
  • രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ മുന്നേറ്റം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്
  • ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി 51 നിയമസഭാ സീറ്റുകളിൽ പര്യടനം നടത്തിയിരുന്നു
  • ഈ 51 സീറ്റുകളിൽ 30 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു
  • വോട്ടർമാരെ കോൺഗ്രസുമായി ബന്ധിപ്പിക്കുന്നതിൽ ഭാരത് ജോഡോ യാത്ര വലിയ പങ്കുവഹിച്ചെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്
Karnataka Election Result 2023: കർണാടക പിടിച്ച് കോൺ​ഗ്രസ്; മോദി മാജിക്കിനെതിരെ പ്രവർത്തിച്ച അഞ്ച് ഘടകങ്ങൾ ഇവയാണ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ശക്തമായ പോരാട്ടത്തിൽ ബിജെപിക്കെതിരെ ഉജ്ജ്വല വിജയമാണ് കോൺ​ഗ്രസ് നേടിയത്. ജെഡിഎസിന്റെയോ സ്വതന്ത്രരുടെയോ പിന്തുണയില്ലാതെ തന്നെ ഭരണം നേടാൻ കോൺ​ഗ്രസിനായി. മറുവശത്ത്, ഭരണകക്ഷിയായ ബിജെപി വലിയ തിരിച്ചടിയാണ് നേരിട്ടത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പായതിനാൽ ബിജെപിക്കിത് വലിയ തിരിച്ചടിയാണ് നൽകിയത്. പ്രചാരണ വേളയിൽ ബിജെപി തങ്ങളുടെ മുൻനിര നേതാക്കളെയെല്ലാം കർണാടകയിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും ബിജെപിയെ തുണച്ചില്ല.

ഭാരത് ജോഡോ യാത്ര

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ മുന്നേറ്റം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി 27 ദിവസം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഭാരത് ജോഡോ യാത്ര നടത്തിയതിനാൽ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി 51 നിയമസഭാ സീറ്റുകളിൽ പര്യടനം നടത്തിയിരുന്നു. ഈ 51 സീറ്റുകളിൽ 30 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. വോട്ടർമാരെ കോൺഗ്രസുമായി ബന്ധിപ്പിക്കുന്നതിൽ ഭാരത് ജോഡോ യാത്ര വലിയ പങ്കുവഹിച്ചെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

ക്ഷേമത്തിലൂന്നിയ പ്രകടനപത്രിക

വിലക്കയറ്റത്തിനെതിരായ പോരാട്ടത്തിൽ ആശ്വാസമെന്ന നിലയിൽ കോൺഗ്രസ് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പെട്രോൾ, എൽപിജി സിലിണ്ടറുകളുടെ ഉയർന്ന വില തുടങ്ങിയ പ്രശ്നങ്ങൾ പാർട്ടി ശക്തമായി ഉന്നയിച്ചു. ഓരോ കുടുംബത്തിലെയും ഓരോ സ്ത്രീക്കും പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്തു. തൊഴിലില്ലായ്മയ്‌ക്കെതിരെ പോരാടാൻ യുവാക്കളെ സഹായിക്കുന്നതിന്, ബിരുദധാരികളായ തൊഴിൽ രഹിതർക്ക് 3,000 രൂപയും തൊഴിലില്ലാത്ത ഡിപ്ലോമ ഹോൾഡർമാർക്ക് 1,500 രൂപയും പ്രതിമാസ അലവൻസ് കോൺഗ്രസ് വാഗ്ദാനം ചെയ്തു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നും ഉറപ്പുനൽകി. ബംഗളൂരു പോലുള്ള നഗരങ്ങളിൽ ഈ വിഷയങ്ങൾ അത്ര പ്രസക്തമല്ലെങ്കിലും ഗ്രാമീണ ജനതയെ ഇത് വളരെ സ്വാധീനിച്ചു.

ബജ്റംഗ്ദൾ നിരോധനം

വിദ്വേഷം പടർത്തുന്ന ബജ്‌റംഗ്ദൾ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു. ബജ്‌റംഗ് ബലി നിരോധിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ബി.ജെ.പി ഇത് ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കിയെങ്കിലും വോട്ടർമാരെ സ്വാധീനിച്ചില്ല. ഹനുമാൻ ചാലിസ പരസ്യമായി ചൊല്ലിയതും ബിജെപിയെ സഹായിച്ചില്ല. സംസ്ഥാനത്തുടനീളമുള്ള ഹനുമാൻ ക്ഷേത്രങ്ങളുടെ വികസനം വാഗ്ദാനം ചെയ്തുകൊണ്ട് കോൺഗ്രസ് ബിജെപിയുടെ നീക്കങ്ങളെ വിജയകരമായി നേരിട്ടു. ഇത് ജെഡിഎസിന്റെ ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിലെ മുസ്ലീം വോട്ടുകൾ ധ്രുവീകരിച്ചതായാണ് വ്യക്തമാകുന്നത്.

അഴിമതി ആരോപണങ്ങൾ

സംസ്ഥാനത്തെ അഴിമതി ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺ​ഗ്രസ് ശക്തമായി പ്രയോ​ഗിച്ചു. എല്ലാ സർക്കാർ കരാറുകളിലും ഭരണകക്ഷിയായ ബിജെപി 40 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന് ആരോപണം ഉയർന്നു. ഈ പ്രശ്നം ഒരു സർക്കാർ കരാറുകാരന്റെ ആത്മഹത്യയിലേക്ക് വരെ നയിച്ചു. വിവാദത്തിന്റെ കേന്ദ്രബിന്ദുവായ കെ.എസ്.ഈശ്വരപ്പയെയോ മകൻ കെ.ഇ.കാന്തേഷിനെയോ തിരഞ്ഞെടുപ്പിൽ ബിജെപി രംഗത്തിറക്കിയില്ലെങ്കിലും കോൺഗ്രസ് ഈ വിഷയം ജനങ്ങളിലെത്തിച്ചു. ഇത് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിച്ചു.

മുസ്ലീം സംവരണം, ഹിജാബ് വിവാദം

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഎസ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഒബിസി മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം റദ്ദാക്കി. 2-ബി വിഭാഗത്തിന് കീഴിലുള്ള മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നിർത്തലാക്കുക മാത്രമല്ല, 2-സി വിഭാഗത്തിലെ വൊക്കലിഗകൾക്കും 2-ഡി വിഭാഗത്തിലെ ലിംഗായത്തുകൾക്കും രണ്ട് ശതമാനം വീതം സംവരണം വിതരണം ചെയ്യുകയും ചെയ്തു. ഹിജാബ് വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ബിജെപി സർക്കാർ. ഇത് മുസ്ലീം വോട്ടർമാരെ ബിജെപിക്കെതിരെ തിരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News