ന്യൂഡല്‍ഹി: ദീപാവലിക്കാലത്ത് ഡല്‍ഹിയില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ യോഗാ ഗുരു ബാബാ രാംദേവ്. പടക്കനിരോധനം ലക്ഷ്യമിടുന്നത് ഹിന്ദുക്കളെയാണെന്ന് ബാബാ രാംദേവ് ആരോപിച്ചു.
ഒരു സ്വകാര്യ ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് ബാബാ രാംദേവ് ഈ ആരോപണം ഉന്നയിച്ചത്. ഹിന്ദു ഉത്സവങ്ങള്‍ ഇത്തരത്തില്‍ ലക്ഷ്യമിടുന്നത് നല്ല കീഴ്വഴക്കമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോടതിവിധിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിയുടെ നിലപാടിനെയും രാംദേവ് ചോദ്യം ചെയ്തു. തരൂരിനെപ്പോലെ ബുദ്ധിമാനായ ഒരാള്‍ ഇത്തരത്തിലുള്ള കോടതിവിധിയെ അനുകൂലിക്കരുതായിരുന്നെന്ന് രാംദേവ് പറഞ്ഞു.
ഡല്‍ഹിയിലെ കടുത്ത വായു മലിനീകരണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി വിധി. ആഘോഷവേളകളിലെ പടക്കത്തിന്‍റെ ഉപയോഗം വായു മലിനീകരണം വര്‍ധിപ്പിക്കുന്നതായി കണ്ട് 2016 നവംബര്‍ 11നാണ് ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാന മേഖലയില്‍ പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഈ വിലക്കിന് താല്‍ക്കാലിക ഇളവ് അനുവദിച്ചു.
എന്നാല്‍, ഈ ദീപാവലി കാലത്ത് പടക്കനിരോധനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പടക്കനിരോധനം നവംബര്‍ വരെ പുനഃസ്ഥാപിച്ചുകൊണ്ട് സുപ്രീംകോടതി വീണ്ടും ഉത്തരവിറക്കിയത്.