ആലപ്പുഴ: എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കൊച്ചിയിലെ ഓറിയോൺ ഏജൻസിയുടെ ഉടമ പിടിയിൽ. സജു എസ് ശശിധരൻ എന്നയാളെയാണ് അന്വേഷണസംഘം പിടികൂടിയത്. പാലാരിവട്ടത്തെ 'ഓറിയോൺ എഡ്യു വിങ്ങ് ' സ്ഥാപനത്തിന്റെ ഉടമയാണ് സജു. ഇന്നലെ (ജൂൺ 29) രാത്രിയോടെയാണ് പാലാരിവട്ടത്തെ വീടിന് സമീപത്ത് നിന്ന് ഇയാൾ പോലീസ് പിടിയിലായത്. ബി.കോം ഡിഗ്രി ഉൾപ്പെടെ അഞ്ച് രേഖകൾ ഇയാൾ വ്യാജമായി ഉണ്ടാക്കി നൽകിയെന്ന് പോലീസ് അറിയിച്ചു. മാർക്ക് ലിസ്റ്റ്, ടി സി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയാണ് ഇയാൾ വ്യാജമായി നിർമ്മിച്ച നൽകിയത്.
2022ൽ തട്ടിപ്പ് കേസിൽ പിടിയിലായപ്പോൾ ഇയാളുടെ പാലാരിവട്ടത്തെ സ്ഥാപനം പൂട്ടിയിരുന്നു. മാൾട്ടയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്തെന്നായിരുന്നു കേസ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പോലീസ് പിടിയിലായത്. തുടർന്നാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനം നിലച്ചത്. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങിയ സജു ഒളിവിൽ പോയി. എട്ട് പേരിൽ നിന്ന് വിസക്കായി പണം വാങ്ങിയെന്നാരോപിച്ച് എറണാകുളം നോർത്ത് പോലീസിലും ഇയാൾക്കെതിരെ കേസുണ്ട്.
കേസിലെ രണ്ടാം പ്രതി അബിൻ സി രാജ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിക്കായി ആദ്യം സമീപിച്ചത് ഓറിയോണിൻ്റെ തിരുവനന്തപുരം ശാഖയിലായിരുന്നു. കോവിഡ് സമയത്ത് ഈ ശാഖ പൂട്ടിയതോടെ ആ ശ്രമം നടന്നില്ല. തുടർന്നാണ് ഓറിയോണിൻ്റെ കൊച്ചി ശാഖയിലെത്തിയത്. എംകോം പ്രവേശനമായിരുന്നില്ല ലക്ഷ്യമെന്നും വിദ്യാർത്ഥി അല്ലാതായാൽ എസ് എഫ് ഐ യിലെ ഭാരവാഹിത്വം നഷ്ടമാകുമെന്നതിനാലാണ് സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതെന്നുമാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...