ഇടുക്കി: കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ് ഐ എന്നറിയപ്പെടുന്ന കാമാക്ഷി ബിജു പോലീസ് പിടിയിൽ. സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ ഭവന ഭേദന കേസുകളിലും വാഹന മോഷണങ്ങളിലും പ്രതിയാണ് ഇയാൾ. കട്ടപ്പന പൊലീസാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലുമായി 500 ഓളം മോഷണ കേസുകളിൽ പ്രതിയാണ് ബിജു. പല കേസുകളിലായി 15 വർഷത്തോളം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് ഇയാളുടെ രീതി.
Also Read: PFI leader CA Rauf : പോപ്പുലർ ഫ്രണ്ട് നേതാവ് സിഎ റൗഫ് അറസ്റ്റിൽ
കഴിഞ്ഞ ഡിസംബർ മാസം മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ വില്പന നടത്തുകയായിരുന്നു. മോഷണം കൂടാതെ പോലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും പ്രതിയാണ് ബിജു.
പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പോലീസുമായി സഹകരിക്കാതിരിക്കുകയുമാണ് ഇയാളുടെ പതിവ്. ബിജുവിനെതിരെ ആരെങ്കിലും സാക്ഷി പറയുകയോ മറ്റോ ചെയ്താൽ അവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ ഇയാളെ പിടികൂടുന്നത് പൊലീസിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഇടുക്കി ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ വിവിധ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ പ്രത്യേക അന്വേഷണ സംഘമാണ് കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജുവിനെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...