RBI MPC Meeting: ഏപ്രിൽ മാസം തുടക്കത്തില്‍ തന്നെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ധനനയ അവലോകന യോഗം നടത്താന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അതായത്, റിപ്പോര്‍ട്ട് അനുസരിച്ച് RBIയുടെ ധനനയ അവലോകന യോഗം (Monetary Policy Committee - MPC) ഏപ്രില്‍ 3 ന് ആരംഭിക്കും. ഇത് 4 ദിവസം നീളുമെന്നാണ് സൂചന.
റീട്ടെയിൽ പണപ്പെരുപ്പം തൃപ്തികരമായ ആറ് ശതമാനത്തിന് മുകളിൽ നില്‍ക്കുന്ന സാഹചര്യത്തിലും യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെ നിരവധി സെൻട്രൽ ബാങ്കുകളുടെ ആക്രമണാത്മക നിലപാടുകൾക്കിടയിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ദ്ധപ്പിക്കാനാണ് സാധ്യത എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
RBI ധനനയ അവലോകന യോഗം ഏപ്രിൽ 3 ന് ആരംഭിക്കും
പണനയം നിശ്ചയിക്കുന്നതിനുള്ള പരമോന്നത ബോഡിയായ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (Monetary Policy Committee - MPC) ദ്വൈമാസ അവലോകന യോഗം ഏപ്രിൽ 3 മുതൽ ആരംഭിക്കുകയാണ്. പോളിസി നിരക്ക് സംബന്ധിച്ച തീരുമാനത്തോടെ ഈ യോഗം ഏപ്രിൽ ആറിന് അവസാനിക്കും.
യോഗത്തിൽ ധനനയവുമായി ബന്ധപ്പെട്ട എല്ലാ ആഭ്യന്തര, അന്തർദേശീയ വശങ്ങളും സമഗ്രമായി പരിശോധിച്ച ശേഷം യോഗം തീരുമാനം കൈക്കൊള്ളും. ഈ സമയത്ത്, റീട്ടെയിൽ പണപ്പെരുപ്പ സാഹചര്യവും ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സെൻട്രൽ ബാങ്കുകളുടെ സമീപകാല നടപടികളും വിശകലനം ചെയ്യും.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി RBI റിപ്പോ നിരക്കുകൾ 4 ശതമാനത്തിൽ നിന്ന് 6.50 ശതമാനം വരെ ഉയർത്തി. റഷ്യ-യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആഗോള വിതരണ ശൃംഖലയുടെ തടസ്സം, ബാഹ്യ ഘടകങ്ങളാൽ പ്രധാനമായും നയിക്കപ്പെടുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 മെയ് മുതൽ തുടർച്ചയായി പോളിസി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന എംപിസി യോഗത്തിലും റിപ്പോ നിരക്കിൽ 0.25 ശതമാനം വര്‍ദ്ധന വരുത്തിയിരുന്നു.
റിപ്പോ നിരക്ക് വര്‍ദ്ധിക്കുമോ? സാമ്പത്തിക വിദഗ്ധര്‍ എന്താണ് പറയുന്നത്?
കഴിഞ്ഞ രണ്ട് മാസമായി പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിൽ തുടരുകയും പണലഭ്യത ഏതാണ്ട് നിഷ്പക്ഷമായി നിലകൊള്ളുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആർബിഐ വീണ്ടും റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്‌നാവിസ് പറഞ്ഞു. ഇതോടൊപ്പം, തങ്ങളുടെ നിലപാട് നിഷ്പക്ഷമാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ, നിരക്ക് വർദ്ധനയുടെ ഘട്ടം അവസാനിച്ചതായി ആർബിഐയ്ക്ക് സൂചിപ്പിക്കാനും കഴിയും, അദ്ദേഹം പറഞ്ഞു.
MPC യോഗത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ പണ അവലോകന യോഗമാണിത്. മുഴുവൻ സാമ്പത്തിക വർഷത്തിലും ആർബിഐ ആറ് എംപിസി മീറ്റിംഗുകൾ സംഘടിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...