പെർത്ത്: ടി-20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ഇന്ത്യക്ക് ആദ്യ തോൽവി. ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. മില്ലറിൻ്റെയും മാർക്രമിൻ്റെയും ബാറ്റിങ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ജയം നേടിയത്. ഇന്ത്യ ഉയർത്തിയ 134 റൺസിൻ്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക രണ്ട് പന്ത് ശേഷിക്കെ മറികടന്നു.
തുടക്കത്തിൽ പതറിയെങ്കിലും നാലാം വിക്കറ്റിൽ മില്ലർ - മാർക്രം കൂട്ടുക്കെട്ടാണ് ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തത്. ഇന്ത്യയുടെ മോശം ഫീൽഡിങ്ങും വിനയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മില്ലർ 46 പന്തിൽ 59 റൺസെടുത്ത് പുറത്താകാതെ നിന്നു. മാർക്രം 41 പന്തിൽ നിന്ന് 52 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി അർഷദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിംഗിനിറങ്ങി തുടക്കത്തില്‍ പതറിയ ടീം ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് 20 ഓവറില്‍ 133-9 എന്ന സ്കോറിലെത്തിച്ചത്. സൂര്യകുമാർ 40 പന്തില്‍ 68 റണ്‍സെടുത്തു. 49 റണ്‍സിന് അഞ്ച് വിക്കറ്റ് വീണിടത്തുനിന്നാണ് സൂര്യയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എന്‍ഗിഡി നാല് വിക്കറ്റും വെയ്‌ന്‍ പാര്‍നല്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. രോഹിത് ശർമ്മ, കെ.എൽ രാഹുൽ, വിരാട് കോഹ്ലി, ദീപക് ഹൂഡ, ഹാർദ്ദിക് പാണ്ഡ്യ തുടങ്ങിയവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
സൂപ്പർ 12ലെ മുന്‍ മത്സരങ്ങളില്‍ പാകിസ്ഥാനെയും നെതര്‍ലന്‍ഡ്‌സിനെയും പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇന്ന് ജയിച്ചിരുന്നെങ്കില്‍ സെമി ഏകദേശം ഉറപ്പിക്കാമായിരുന്നു. ഇന്ത്യയുടെ തോൽവിയോടെ പാകിസ്ഥാൻ്റെ സെമിസാധ്യത അനിശ്ചിത്വത്തിലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...