പൂനെ: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാം ടി-20ൽ 15 റൺസിൻ്റെ ജയം നേടിയതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 182 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 166 റൺസിന് പുറത്തായി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശിവം ദൂബെയാണ് കളിയിലെ താരം.
ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫിൽ സാൾട്ടും(23) ബെൻ ഡക്കറ്റും(39) നൽകിയത്. ആദ്യ വിക്കറ്റിൽ 62 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. മൂന്നാമനായി എത്തിയ നായകൻ ജോസ് ബട്ലറിനെ രവി ബിഷ്ണോയ് രണ്ട് റൺസിന് പുറത്താക്കി. പിന്നീട് വന്ന് ഹാരി ബ്രൂക്ക് 26 പന്തിൽ 51 റൺസ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും ബ്രൂക്കിനൊപ്പം നിന്ന് പൊരുതാൻ മറ്റ് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല.
19 റൺസുമായി ജെയ്മി ഓവർട്ടൺ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് അടുപ്പിക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയും ഹർഷിത് റാണയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി രണ്ടും ഹർഷ്ദീപ് സിങ്ങ്, അക്സർ പട്ടേൽ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി. കൺക്കഷൻ സബ്ബായിട്ട് എത്തിയാണ് ഹർഷിത് റാണ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ചത്.
ബാറ്റിങ്ങ് തകർച്ചയോടെയാണ് ഇന്ത്യ ഇന്നിങ്സ് ആരംഭിച്ചത്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ സഞ്ജു സാംസൺ ഇന്നും പരാജയപ്പെട്ടു. നേരിട്ട മൂന്നാം പന്തിൽ തന്നെ സഞ്ജു(ഒന്ന്) പുറത്തായി. സാകിബ് മെഹ്മൂദിന്റെ ഷോർട്ട് ബോളിൽ പുൾ ഷോട്ടിന് ഷോട്ടിന് ശ്രമിച്ച് സ്‌ക്വയർ ലെഗിൽ ജോഫ്ര ആർച്ചർക്ക് ക്യാച്ച് നൽകുകയായിരുന്നു സഞ്ജു. മൂന്നാമനായി എത്തിയ തിലക് വർമയും പിന്നീട് വന്ന സൂര്യകുമാർ യാദവും റൺസൊന്നുമെടുക്കാതെ പുറത്തായി. ഇതോടെ 12 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ പ്രതിരോധത്തിലായി.
ഹാർദ്ദിക് പാണ്ഡ്യയുടെയും ശിവം ദൂബെയുടെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്. ഇരുവരും 53 റൺസ് വീതം നേടി. 29 റൺസെടുത്ത അഭിഷേക് ശർമയും 30 റൺസെടുത്ത റിങ്കു സിങ്ങും ഇന്ത്യയെ തുടക്കത്തിലെ തകർച്ചയിൽ നിന്നും രക്ഷിച്ചു. ഇംഗ്ലണ്ടിന് വേണ്ടി സാകിബ് മെഹ്മൂദ് മൂന്നും ജെയ്മി ഓവർട്ടൺ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറൽ, മുഹമ്മദ് ഷമി എന്നിവർക്ക് പകരമായി റിങ്കു സിംഗ്, ശിവം ദുബെ, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ തിരിച്ചെത്തി. വാങ്കഡെ സ്റ്റേഡിയത്തിൽ ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അവസാന ടി-20 മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.