ഇന്ത്യൻ വനിത പേസർ ജൂലൻ ഗോസ്വാമിയുടെ ബയോപിക് ഛക്ദ എക്സ്പ്രസ് (Chakda Xpress) ചിത്രീകരണം തുടങ്ങി. അനുഷ്ക ശർമയാണ് (Anushka Sharma) ചിത്രത്തിൽ ജൂലൻ ഗോസ്വാമിയുടെ (Jhulan Goswami) വേഷം കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം അനുഷ്ക വീണ്ടും സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രീകരണം തുടങ്ങിയ വിവരം അനുഷ്ക തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.
സിനിമ സംവിധാനം ചെയ്യുന്നത് പ്രോസിത് റോയിയാണ്. അഭിഷേക് ബാനർജിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രതിക ഷാ ആണ്. ഛക്ദ എക്സ്‍പ്രസിന് വേണ്ടി പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും അനുഷ്ക നേരത്തെ പങ്കുവച്ചിരുന്നു. കർണേഷ് ശർമ നിർമിക്കുന്ന ചിത്രത്തിന്റെ സമ്പൂർണ അവകാശം നെറ്റ്ഫ്ലിക്സിനാണ്. പശ്ചിമ ബംഗാൾ സ്വദേശിനിയായിരുന്ന ജൂലൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളറായിട്ടാണ് ജൂലൻ അറിയപ്പെട്ടിരുന്നത്.
അനുഷ്ക ശർമ-വിരാട് കോലി ദമ്പതികൾക്ക് കുഞ്ഞ് പിറന്നതിന് ശേഷം വെള്ളിത്തിരയിലേക്ക് നടി തിരച്ചെത്തുന്ന ആദ്യ ചിത്രമാണ് ഛക്ദേ എക്സ്പ്രസ്. 'റബ് നെ ബന ദി ജോഡി' എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷൻ ലഭിച്ചിരുന്നു. മികച്ച നവാഗത നടിക്കുള്ള നോമിനേഷനും അനുഷ്കയ്ക്ക് ലഭിച്ചിരുന്നു.
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ (Mithali Raj) ജീവിതവും സിനിമയാകുന്നുണ്ട്. തപ്സി പന്നുവാണ് (Tapsee Pannu) കേന്ദ്ര കഥാപാത്രമായ മിതാലി രാജായി അഭിനയിക്കുന്നത്. ജൂലൈ 15ന് സബാഷ് മിതു (Shabaash Mithu) തിയേറ്ററുകളിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.
ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് റാസ് കേന്ദ്ര കഥാപാത്രമായി എത്തുമെന്ന റിപ്പോർട്ടുകളുണ്ട്. മിതാലിയുടെ ജീവിതവും, കരിയറുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. സിര്‍ഷ റേ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. വയകോം 18 സ്റ്റുഡിയോസാണ് സബാഷ് മിതു നിർമ്മിക്കുന്നത്. അജിത് അന്ധരെയാണ് ചിത്രത്തിന്റെ ക്രീയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയ അവനാണ്. 2020 ൽ മിതാലി രാജിന്റെ പിറന്നാൾ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...