തിരുവനന്തപുരം: വാർത്തകളിൽ അസത്യത്തിന്റെ ചേരുവകൾ ചേർക്കാതെ, പക്ഷമില്ലാത്ത തുറന്നു പറച്ചിലുമായി സീ ന്യൂസിന്റെ ടെലിവിഷൻ സംരംഭം മലയാളത്തിലേക്കും എത്തുന്നു. 12 ഭാഷകളിലായി ഇന്ത്യയൊട്ടാകെ കാഴ്ചക്കാരുള്ള സീ ന്യൂസ് ദക്ഷിണേന്ത്യയിലും ചുവട് വയ്ക്കുകയാണ്. ജനുവരി 25 ആയ ഇന്ന് പത്തുമണിക്കാണ് സീ മലയാളം ന്യൂസ് ഡിജിറ്റൽ ടിവിയുടെ ലോഞ്ചിങ്.
മുതിർന്ന മാധ്യമപ്രവർത്തകനായ മഞ്ജുഷ് ഗോപാലാണ് സീ മലയാളം ന്യൂസ് ഡിജിറ്റൽ ടിവിയെ നയിക്കുന്നത്. മലയാള വാർത്താലോകത്ത് പരിചയസമ്പത്തുള്ള വലിയൊരു സംഘവും മഞ്ജുഷിന് കീഴിൽ അണിനിരക്കുന്നു. തിരുവനന്തപുരത്താണ് സീ മലയാളം ന്യൂസ് ഓഫീസും സ്റ്റുഡിയോയും. നോയിഡയിലാണ് മാതൃസ്ഥാപനം. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലേക്കാണ് സീ പുതിയ കാൽവെപ്പ് നടത്തുന്നത്. 12 ഭാഷകളിലുള്ള വെബ്സൈറ്റുകൾക്ക് പുറമേ ബിസിനസ്, ടെക്ക്, വേൾഡ്, മൂവീസ്, ഹെൽത്ത് എന്നിവയ്ക്ക് പ്രത്യേകം വെബ്സൈറ്റുകളും സീ മീഡിയയുടെ കീഴിലുണ്ട്.
36.2 കോടി ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ മാധ്യമ ശൃംഖലയാണ് സീ ഗ്രൂപ്പ്. സോഷ്യൽ മീഡിയയിൽ 15.4 കോടി ഫോളോവേഴ്സാണുള്ളത്. 22 കോടി കാഴ്ചക്കാരും 17 വാർത്താ ചാനലുകളും ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ്‌വർക്ക്. സുഭാഷ് ചന്ദ്ര ഗോയെങ്ക ചെയർമാനായ എസ്സെൽ ഗ്രൂപ്പിന് കീഴിൽ 1999 ൽ സ്ഥാപിതമായ സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡ് ഇതിനകം തന്നെ ഉത്തരേന്ത്യയിൽ മാധ്യമലോകത്ത് വൻ സ്വാധീനം ചെലുത്തുന്ന നെറ്റ് വർക്കായി മാറിക്കഴിഞ്ഞു.
ദക്ഷിണേന്ത്യൻ വാർത്താലോകത്തേക്ക് കൂടി കടക്കുന്നതിലൂടെ സീ മീഡിയ ഗ്രൂപ്പിന്റെ മാധ്യമ ശൃംഖല വിപുലീകരിക്കപ്പെടുകയാണ്. സിനിമ-എന്റർടെയ്മെന്റ് മേഖലയിൽ പുലർത്തുന്ന ആധിപത്യം വാർത്താ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സീ, ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും പ്രേക്ഷകരിലേക്കും എത്തുന്നത്. ഉത്തരേന്ത്യയിലെ വാർത്താലോകത്ത് സജീവ സാന്നധ്യമായ സീ മീഡിയ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലും ഈ വിജയം ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...