സംസ്ഥാനത്ത് ഇതുവരെ 13 പേർക്ക് എച്ച്3എൻ2 വൈറസ് മൂലമുള്ള രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. എറണാകുളത്ത് മൂന്ന് പേർക്കും പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലായി 10 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് എച്ച്3എൻ2 ഇൻഫ്ലുവൻസ മൂലം 2 പേര്‍ മരണപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. കര്‍ണ്ണാടക, ഹരിയാന സ്വദേശികളായിരുന്നു മരണപ്പെട്ടത്. ഇതിനെ തുടർന്ന് എച്ച്3എൻ2 വൈറസ് ബാധയെ കുറിച്ചുള്ള ആശങ്ക വർധിച്ചിരുന്നു. മുതിർന്നവരും കുട്ടികളും ഗർഭിണികളും രോഗങ്ങളുള്ളവരും എച്ച്3എൻ2 വൈറസ്ബാധയ്‌ക്കെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ എച്ച്1എൻ1 കേസുകളും വർദ്ധിച്ച് വരുന്നുണ്ട്.
എച്ച്3എൻ2 വിന്റെ ലക്ഷണങ്ങൾ
എച്ച്3എൻ2 വിന്റെ പ്രധാന ലക്ഷണമായി കാണുന്നത് പനിക്കൊപ്പമുള്ള നിരന്തരമായ ചുമയാണ്. എന്നാൽ പല രോഗികളും ഇത്തരം രോഗലക്ഷണങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുന്നുണ്ട്. വിദഗ്ധരുടെ അഭിപ്രായങ്ങൾ അനുസരിച്ച് രോഗി സുഖം പ്രാപിച്ചതിന് ശേഷവും ഈ രോഗലക്ഷണങ്ങൾദീർഘകാലം നിലനിൽക്കുന്നുണ്ട്. . ഈ അവസ്ഥ ജീവന് ഭീഷണിയല്ല, എന്നിരുന്നാലും ചില രോഗികൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നുണ്ട്. എച്ച്3എൻ2 വിന്റെ ചില ലക്ഷണങ്ങൾ കോവിഡിന് സമാനമാണ്, എന്നിരുന്നാലും രോഗികൾ കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
പ്രതിരോധ മാർഗങ്ങൾ
1) പ്രതിരോധത്തിനായി എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കുക. കഴിയുമെങ്കിൽ, ഒക്ടോബർ അവസാനത്തോടെ വാക്സിനേഷൻ എടുക്കുക.
2) കൈകൾ വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുക. ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകൾ വൃത്തിയായി കഴുകണം. മുഖം, വായ, മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കുന്നതിന് മുമ്പും കൈകൾ കഴുകുക.
3) ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുക.
4) ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ആളുകൾ അധികമായി തിങ്ങി നിറഞ്ഞ സ്ഥലങ്ങളിൽ വേഗത്തിൽ പനി പടരാൻ സാധ്യതയുണ്ട്.
5) രോഗലക്ഷണമുള്ള ആളുകളിൽ നിന്ന് അകലം പാലിക്കുക.
6) നിങ്ങൾക്ക് പനി ഉണ്ടെങ്കിൽ, പനി കുറഞ്ഞതിന് ശേഷവും 24 മണിക്കൂർ വീട്ടിൽ തന്നെ തുടരുക. അണുബാധ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനാണിത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടാൻ മറക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...