ബഫർസോൺ: സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു

സമിതിയ്ക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 09:41 PM IST
  • സമിതിയ്ക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്
  • ഈ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച് ആവശ്യമായ ഫീൽഡ് പരിശോധനയും നടത്തിയ ശേഷമാണ് അന്തിമ റിപ്പോർട്ട് സുപ്രീംകോടതിയ്ക്ക് സമർപ്പിക്കുക.
  • ഒരു കിലോ മീറ്റർ ബഫർ സോൺ വരുന്ന മേഖലകളിലെ ജനസാന്ദ്രതയും ബഫർ സോൺ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സുപ്രീംകോടതിയെ ധരിപ്പിക്കാൻ സമിതിയുടെ റിപ്പോർട്ട് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് മന്ത്രി
ബഫർസോൺ: സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു

ബഫർ സോൺ സംബന്ധിച്ച് ജൂൺ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ നിർദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇതിനായി ഫീൽഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാൻ ആയിട്ടുള്ള സമിതിയിൽ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുൻ വനം വകുപ്പ് മേധാവി ജയിംസ് വർഗീസ് എന്നിവരാണ് അംഗങ്ങൾ.

സമിതിയ്ക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിൽ പ്രമോദ് ജി. കൃഷ്ണൻ (അഡീഷണൽ പി.സി.സി.എഫ് (വിജിലൻസ് & ഫോറസ്റ്റ് ഇന്റലിജൻസ്), ഡോ.റിച്ചാർഡ് സ്‌കറിയ (ഭൂമി ശാസ്ത്ര അധ്യപകൻ), ഡോ. സന്തോഷ് കുമാർ എ.വി (കേരള ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി),  ഡോ.ജോയ് ഇളമൺ (കില ഡയറക്ടർ) എന്നിവർ അംഗങ്ങളാണ്.

കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് & എൻവിയോൺമെന്റൽ സെന്റർ നേരത്തെ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ  അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു. ഈ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച് ആവശ്യമായ ഫീൽഡ് പരിശോധനയും നടത്തിയ ശേഷമാണ് അന്തിമ റിപ്പോർട്ട് സുപ്രീംകോടതിയ്ക്ക് സമർപ്പിക്കുക. ഒരു കിലോ മീറ്റർ ബഫർ സോൺ വരുന്ന മേഖലകളിലെ ജനസാന്ദ്രതയും ബഫർ സോൺ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സുപ്രീംകോടതിയെ ധരിപ്പിക്കാൻ സമിതിയുടെ റിപ്പോർട്ട് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News