അക്രമാസക്തം തലസ്ഥാനം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു

 പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 15, 2022, 03:51 PM IST
  • ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് സമരവുമായി എത്തിയത്
  • 250 ഓളം വരുന്ന പ്രവർത്തകർ സംഘടിച്ചെത്തി ബാരിക്കേഡ് കടക്കാൻ ശ്രമിച്ചു
  • സെക്രട്ടറിയേറ്റിലെ പല ഗേറ്റുകളിലൂടെയും പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ തള്ളിമാറ്റി
അക്രമാസക്തം തലസ്ഥാനം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർ പോലീസിന് നേരെ കമ്പും കൊടിയും വലിച്ചെറിഞ്ഞു. പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. തലസ്ഥാനത്ത് ഏറെനേരം തെരുവ് യുദ്ധത്തിലാണ് മാർച്ച് കലാശിച്ചത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് സമരവുമായി എത്തിയത്. 250 ഓളം വരുന്ന പ്രവർത്തകർ സംഘടിച്ചെത്തി ബാരിക്കേഡ് കടക്കാൻ ശ്രമിച്ചു. കോരിച്ചൊരിയുന്ന മഴയത്തും പ്രതിഷേധക്കാർ പിന്മാറിയില്ല. യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. 

ചിതറിയോടിയ പ്രവർത്തകർ പല ഭാഗങ്ങളിൽ നിന്നായി സംഘടിച്ചെത്തി വീണ്ടും പൊലീസിന് നേരെ തട്ടിക്കയറി. വനിതാ പ്രവർത്തകർ ഉൾപ്പെടെ മാർച്ചിൽ അണിനിരന്നു.  യുവമോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിഷ്ണു ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പ്രവർത്തകരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണീർവാതകം പ്രയോഗിച്ചതും ചില പ്രവർത്തകർക്ക് ശാരീരിക അസ്വസ്ഥതയുണ്ടാക്കി. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ഇവരെയും പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സെക്രട്ടറിയേറ്റിലെ പല ഗേറ്റുകളിലൂടെയും പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ തള്ളിമാറ്റി. ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പ്രവർത്തകർ ചിതറിയോടി കുതിച്ചെത്തുമ്പോൾ പൊലീസുകാർ അവിടെ സുരക്ഷാകവചം തീർക്കും. അങ്ങനെയാണ് വനിതാ പ്രവർത്തകരെ ഉൾപ്പെടെ പല ഘട്ടങ്ങളിലും പ്രതിരോധിച്ചത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വനിതാ യുവമോർച്ച പ്രവർത്തകർ കറുത്ത വസ്ത്രമണിഞ്ഞാണ് പ്രതിഷേധത്തിന് എത്തിയത്.

തിരുവനന്തപുരം സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി ഇൻസ്പെക്ടർമാരും അസിസ്റ്റൻറ് കമ്മീഷണർമാരും സബ് ഇൻസ്പെക്ടർമാരും പോലീസുകാരും സമരക്കാരെ നേരിടാൻ അണിനിരന്നിരുന്നു. ഡിസിപി അംഗിത് അശോകൻ നേരിട്ട് സെക്രട്ടറിയേറ്റിലെത്തി. പല ഘട്ടത്തിലും പോലീസും പ്രവർത്തകരുമായി വാക്കുതർക്കത്തിലേർപ്പെട്ടുവെങ്കിലും വ്യാപകമായ അക്രമസംഭവമുണ്ടാകാതെ പൊലീസ് സംയമനം പാലിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News