ന്യൂഡൽഹി: സമയത്ത് വിമാനം പുറപ്പെടാത്തതിനെത്തുടര്‍ന്ന് എയർ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡു. ഹൈദരാബാദിലേക്കുള്ള വിമാനം വൈകിയത് മൂലം ഒരു യോഗം നഷ്ടമായതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഡൽഹി എയർപോർട്ടിൽ നിന്ന് ഇന്ന് ഉച്ചക്ക് 1.15 ന് പുറപ്പെടേണ്ട A1 544 എന്ന വിമാനത്തിൽ ഹൈദരബാദിൽ സുപ്രധാനമായ ഒരു പരിപാടിക്ക് പോകാൻ എത്തിയതായതിരുന്നു കേന്ദ്രമന്ത്രി. സമയമായിട്ടും പൈലറ്റ് എത്തിച്ചേരാത്തതിനാല്‍ വിമാനം വൈകുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിയോടെ മന്ത്രി വീട്ടിലേക്ക് മടങ്ങി.
സംഭവത്തിൽ എയർ ഇന്ത്യയുടെ വിശദീകരണം ആവശ്യമാണെന്നും സംഭവത്തിന്റെ പൂർണ ഉത്തരവാദിത്ത്വം എയർ ഇന്ത്യക്കാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സുതാര്യതയും ഉത്തരവാദിത്തവുമാണ് ഇന്നത്തെ കാലത്ത് അനിവാര്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മത്സരത്തിന്റെ കാലഘട്ടത്തില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എയര്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എയർ ഇന്ത്യയുടെ അനാസ്ഥ മൂലം പ്രധാനപ്പെട്ട ഒരു യോഗം നഷ്ടമായിയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.
അതേസമയം, സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ ചെയർമാനും എം.ഡിയുമായ അശ്വനി ലൊഹാനി പറഞ്ഞു.