ഹൈദരാബാദ്: ഇന്ത്യൻ സിനിമ മേഖലയിൽ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു കെജിഎഫും, കെജിഎഫ് 2ഉം. ചിത്രത്തിലൂടെ ആരാധകരുടെയെല്ലാം മനംകവർന്ന താരമായി യഷും മാറി. യഷിന്റെ റോക്കി ഭായ് എന്ന കഥാപാത്രത്തെ ഓരോ പ്രേക്ഷകനും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമകൾ പലപ്പോഴും പലരെയും സ്വാധീനിക്കാറുണ്ട്. മോശം രീതിയിലും നല്ല രീതിയിലും സിനിമകൾ ന്മമളെ സ്വാധീനിക്കും. അത്തരത്തിൽ കെജിഎഫിലെ റോക്കി ഭായിയെ അനുകരിച്ച ഒരു പതിനഞ്ചുകാരന് സംഭവിച്ച കാര്യമാണ് ഇപ്പോൾ വാർത്തയാകുന്നത്.
യഷിന്റെ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലിച്ച പതിനഞ്ചുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഒരു പായ്ക്കറ്റ് സിഗരറ്റ് ആണ് റോക്കി ഭായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പതിനഞ്ചുകാരൻ പുകച്ചുതള്ളിയത്. ഇതേതുടർന്ന് തൊണ്ടവേദനയും ചുമയും അനുഭവപ്പെട്ട 15കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.
കെജിഎഫ് രണ്ടാം ഭാഗം കണ്ടതിന് ശേഷമാണ് കുട്ടി ഇത്തരത്തിലൊരു കാര്യം ചെയ്തത്. രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരൻ കെജിഎഫ് 2 കണ്ടത്. സിനിമയിലെ റോക്കിയുടെ പ്രകടനം കണ്ട് ആവേശഭരിതനായ കുട്ടി ഒരു പായ്ക്കറ്റ് സിഗരറ്റ് വലിച്ച് തീർക്കുകയായിരുന്നു. തുടർന്ന് കടുത്ത തൊണ്ടവേദനയും ചുമയും ഉണ്ടായതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പ്രത്യേക കൗൺസിലിങും നൽകിയാണ് ഡോക്ടർമാർ പതിനഞ്ചുകാരനെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്.
‘കൗമാരക്കാരെ വലിയ തോതിൽ സ്വാധീനിക്കുന്നതാണ് റോക്കി ഭായ് പോലുള്ള കഥാപാത്രങ്ങൾ. ഈ സംഭവത്തിൽ തന്നെ സിനിമ കണ്ടതിന് പിന്നാലെയാണ് നായകനെ അനുകരിച്ച് പതിനഞ്ചു വയസ് മാത്രം പ്രായമുള്ള കുട്ടി സിഗരറ്റ് വലിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടി വന്നത്. സിനിമകൾക്ക് ആളുകളെ വലിയ തോതിൽ സ്വാധീനിക്കാനാകുമെന്നതിനാൽ പുകവലിയും പുകയില ചവയ്ക്കുന്നതും മദ്യപാനവുമൊന്നും സിനിമകളിൽ മഹത്വവൽക്കരിക്കാതിരിക്കാനുള്ള ധാർമിക ഉത്തരവാദിത്തം ചലച്ചിത്ര പ്രവർത്തകർക്കുണ്ടെന്ന് ഡോ. രോഹിത് റെഡ്ഡി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...