One Nation One Election: സ്വാതന്ത്ര്യശേഷം 1951 മുതൽ 1967 വരെ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് ആയിരുന്നു. ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആദ്യമായി മാറ്റം കൊണ്ടുവന്നത് കേരളമാണ്.
കേരള നിയമസഭയിലേക്ക് ഒന്നാമത്തെ തെരഞ്ഞെടുപ്പ് നടന്നത് 1957ലാണ്. 1959 വിമോചന സമരകാലത്ത് കേരള നിയമസഭ അസംബ്ലി പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. 1960ൽ രണ്ടാം തെരഞ്ഞെടുപ്പ് നടത്തി.
ലോക്സഭയുടെ നിയമസഭയുടേയും കാലാവധി അഞ്ച് വർഷമാണ്. പക്ഷേ 5 വർഷം പൂർത്തിയാക്കണമെന്ന് നിർബന്ധമില്ല. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്ക് സഭയാണ് വരുന്നതെങ്കിലോ നിയമസഭ/ ലോക്സഭ പിരിച്ചുവിട്ട് അടുത്ത തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
Also Read: Ketu Transit 2023: കേതു സംക്രമണം, ഈ 3 രാശിക്കാര്‍ക്ക് ദുരിതം!! പണവും ആരോഗ്യവും നഷ്ടപ്പെടും
സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കാലാവധി തീരും മുന്‍പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ഗവർണറോട് ആവശ്യപ്പെടാൻ കഴിയും. ഇതേകാര്യം ലോക്സഭയിൽ പ്രധാനമന്ത്രിക്ക് രാഷ്ട്രപതിയോടും ആവശ്യപ്പെടാം. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാലും സർക്കാരിൽ പ്രതിസന്ധിയുണ്ടാക്കും. സംസ്ഥാനങ്ങളുടെയും രാജ്യത്തിന്‍റെയും തിരഞ്ഞെടുപ്പ് ഷെഡ്യൂളുകളിൽ മാറ്റം വരുന്നത് അങ്ങനെയാണ്.
നിലവിൽ അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചില സംസ്ഥാന അസംബ്ലികൾ കാലാവധി തീരാതെ പിരിച്ചുവിടുന്ന സാഹചര്യം വരുന്നതോടെ ലോക്സഭയിലേക്കും നിയമസഭയിലേക്കും വെവ്വേറെ തെരഞ്ഞെടുപ്പ് ആവശ്യമായി വന്നു. 1971ൽ കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്നും ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു.
പല തെരഞ്ഞെടുപ്പുകൾ പല സമയം നടക്കുന്നതിനാൽ നിലവിൽ എല്ലാ മൂന്ന് മാസം കൂടുമ്പോഴെങ്കിലും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് ഉണ്ടാകാറാണ്ട്. ഇത് ഭരണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇടയാക്കുന്നു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും മന്ത്രിമാരും എംപി, എംഎൽഎ, പഞ്ചായത്ത് മെബർമാർ തുടങ്ങി എല്ലാവരും ആ സമയം പ്രധാന്യം നൽകുന്നത് തെരഞ്ഞെടുപ്പിനായിരിക്കും.
രാഷ്ട്രീയ പാർട്ടികൾ ഒറ്റ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നതും വിഷയമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനെയും രണ്ട് രീതിയിലാണ് രാഷ്ട്രീപാർട്ടികളും വോട്ടർമാരും സമീപിക്കുന്നത്. ദേശീയ വിഷയങ്ങളും സംസ്ഥാന വിഷയങ്ങളും എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ആശങ്ക സൃഷ്ടിച്ചേക്കാം. ചുരുക്കിപ്പറഞ്ഞാൽ തെരഞ്ഞെടുപ്പ് പ്രചാരണരംഗം കുറച്ചുകൂടി സങ്കീർണമായേക്കും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാകണമെങ്കിൽ നിലവിലുള്ള എല്ലാ അസംബ്ലികളും പിരിച്ചുവിടണം. വ്യത്യസ്ഥ കാലാവധിയുടെ സംസ്ഥാനങ്ങളിലെ അസംബ്ലികളിൽ ചിലത് പാതിവഴിയിൽ പിരിച്ചുവിടേണ്ടിവരും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഗുണങ്ങൾ-
രാജ്യത്ത് പലസമയത്തായി നടത്തുന്ന തെരഞ്ഞെടുപ്പുകൾ എല്ലാം ഒന്നിച്ച് ക്രമീകരിക്കാനാകുന്നു.
പോളിംഗ് പൊതുപണം ഉപയോഗിച്ച് നടത്തുന്ന വലിയ ചെലവുള്ള ജനാധിപത്യ പ്രക്രിയയാണ്. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒന്നാക്കുന്നതോടെ ആ ചെലവ് കുറയും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മാത്രം ചെലവായത് 60,000 കോടി രൂപയാണ്.
ഒരേസമയത്തുള്ള തെരഞ്ഞെടുപ്പുകൾ സമയം ലാഭിക്കും.
ഒറ്റ തെരഞ്ഞെടുപ്പിന് ശേഷം പൂർണമായും സർക്കാരുകൾക്ക് ഭരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാരിന് സ്ഥിരതയുള്ള അഞ്ച് വർഷം ലഭിക്കും.
മൂന്ന് മാസത്തിലൊരിക്കലെങ്കിലും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് വരുന്നതിനാൽ ഭരണനേതൃത്വം പൂർണമായും തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് സർക്കാർ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് കാലതാമസം വരുത്തുന്നു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ അത് സർക്കാർ പദ്ധതികളെ ബാധിക്കുന്നു. പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ കഴിയാതെ വരുന്നു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും വിലക്ക് വരുന്നു. ജനങ്ങൾക്കുള്ള സേവനത്തിൽ കാലതാമസം വരുത്തുന്നു. ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിലേക്ക് നിയോഗിക്കപ്പെടുന്നത് അവരുടെ ജോലികളും താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് ഇടയാക്കുന്നു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ അപ്ഗ്രേഡേഷൻ അടക്കമുള്ള സാങ്കേതിക കാര്യങ്ങൾ ഒന്നിച്ച് ഒരേപോലെ ചെയ്യാനും നടപ്പിൽ വരുത്താനും കഴിയും.
ഒരു തെരഞ്ഞെടുപ്പിന് വോട്ടർപട്ടികയിൽ പേരുണ്ടാകുകയും അടുത്തതിന് ഇല്ലാതിരിക്കുകയും ഒക്കെ ചെയ്യും ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.
സമാധാനപൂർണമായ തെരഞ്ഞെടുപ്പിന് സുരക്ഷാ ഉദ്യോദസ്ഥരുടെ വിന്യാസം വർധിപ്പിക്കേണ്ടിവരും. ഇതിനായി കൂടുതൽ ഫോഴ്സ് ഉപയോഗിക്കേണ്ടിവരുന്നു. സംസ്ഥാനത്തെ മറ്റ് ക്രമസമാധാന ചുമതലകളിലുള്ളവരെക്കൂടി ഇലക്ഷൻ ഡ്യൂട്ടിക്ക് ഉപയോഗപ്പെടുത്തേണ്ടിവരും. ഇത് ഒരു വർഷത്തിൽ പലതവണ നടത്തേണ്ടിവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കൂട്ടുകയും മറ്റ് ജോലികളിൽ തടസം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇതൊഴിവാക്കാൻ ഒറ്റ തെരഞ്ഞെടുപ്പിലൂടെ കഴിയും.
രാഷ്ട്രീയരംഗത്തെ കുതിരക്കച്ചവടങ്ങൾക്കും താൽപര്യങ്ങൾക്ക് അനുസരിച്ച് പാർട്ടി മാറുന്നതിനും സഖ്യമുണ്ടാക്കുന്നതിനും ഒക്കെ ഒരു പരിധിവരെ തടയിടുമെന്നും വിലയിരുത്തപ്പെടുന്നു.
പോളിംഗ് ശതമാനം ഉയർത്താനാകുമെന്നതാണ് മറ്റൊരു കാര്യം. വിദേശത്ത് ഉള്ളവർക്ക് ഉള്ളപ്പെടെ വോട്ട് ചെയ്യാനുള്ള അവസരം കൂടും.
അപ്പോൾ സ്വാഭാവികമായും ഒറ്റ ദിവസംകൊണ്ടാണോ ഈ തെരഞ്ഞെടുപ്പ് എന്ന് സംശയം തോന്നാം. അത് ഒരിക്കലും നടക്കില്ല. ഇപ്പോൾ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പുകൾ പലഘട്ടങ്ങളിലായാണ് നടത്തുന്നത്. രണ്ടോ-മൂന്നോ മാസം കൊണ്ട് പൂർത്തീകരിക്കാനാകും വിധമായിരിക്കും തെരഞ്ഞെടുപ്പ് ക്രമീകരിക്കുക.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എതിർക്കുന്നവർ പറയുന്നത്-
പുതിയ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നടപ്പിലാക്കാൻ, ഭരണഘടനയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും (1951) അഞ്ച് അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇതിന് എല്ലാ സംസ്ഥാനങ്ങളും അംഗീകൃത ദേശീയ പാർട്ടികളുടെയും സമ്മതം വേണം.
തൂക്കുസഭകളെക്കുറിച്ചോ സഭ പിരിച്ചുവിടേണ്ടി വന്നാലുള്ള സാഹചര്യത്തെക്കുറിച്ചോ വ്യക്തതയില്ല
പാർലമെന്‍റോ നിയമസഭകളിൽ ഏതെങ്കിലുമോ ഏതെങ്കിലും സാഹചര്യത്തിൽ പിരിച്ചുവിട്ടാൽ അടുത്ത തെരഞ്ഞെടുപ്പ് ആ സംസ്ഥാനത്തിന് മാത്രമായിരിക്കുമോ അതോ എല്ലാ സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് നേരിടേണ്ടി വരുമോ എന്നതിൽ വ്യക്തതയില്ല. അങ്ങനെയെങ്കിൽ രാഷ്ട്രപതി ഭരണം വരുമോ എന്നതും വിശദീകരിക്കണം.
സുരക്ഷാ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരെയും അഡ്മിനിസ്ട്രേറ്റീവ് തലത്തിലുള്ളവരെയും അധികമായി വിന്യസിക്കേണ്ടിവരും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും കൂടുതലായി ഉപയോഗിക്കേണ്ടി വരും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പരമാവധി കാലാവധി 15 വർഷമാണ്. ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പിലൂടെ വെറും അഞ്ച് തവണ മാത്രമേ മെഷീനുകൾ ഉപയോഗിക്കാൻ കഴിയൂ
ഒറ്റ തെരഞ്ഞെടുപ്പിനുള്ള അധിക ചെലവ് തെരഞ്ഞെടുപ്പ് കമ്മിഷന് വഹിക്കാനാകുമോ എന്നതിൽ കൂടുതൽ പഠനം വേണം.
സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ദേശീയ വിഷയങ്ങൾ വോട്ടർമാരെ സ്വാധീനിക്കാറുണ്ട്. അതിനുള്ള സാഹചര്യം ഇല്ലാതാകുന്നത് ദേശീയ പാർട്ടികൾക്ക് ഗുണമാവുകയും പ്രാദേശിക പാർട്ടികളെ ബാധിക്കുകയും ചെയ്തേക്കാം
ലോ കമ്മീഷൻ ഓഫ് ഇന്ത്യ, നിതി ആയോഗ്, പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവ ഇക്കാര്യം ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം ലോ കമ്മീഷൻ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിഷയ വിദഗ്ധരിൽ നിന്നും അഭിപ്രായം ശേഖരിച്ച് ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി.
ഒരേ സമയത്ത് നടത്തുന്ന തെരഞ്ഞെടുപ്പ് പൊതുഫണ്ട് സേവ് ചെയ്യുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനും തെരഞ്ഞെടുപ്പുകൾ പല സമയങ്ങളിൽ നടത്തുന്നതുമൂലം വിവിധ സർക്കാർ വകുപ്പുകൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ, സർക്കാർ പദ്ധതികൾ തടസപ്പെടുത്തുന്നത് ഒക്കെ ഒഴിവാക്കാനാകുമെന്നാണ് റിപ്പോർട്ടിൽ.
2022-2023 കാലഘട്ടത്തിൽ കമ്മീഷൻ വീണ്ടും ഈ വിഷയത്തിൽ അഭിപ്രായങ്ങൾ തേടിയപ്പോൾ, ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യ പ്രക്രിയയെയോ ഭരണഘടനയുടെ അടിസ്ഥാന ഘടനയെയോ രാജ്യത്തിന്‍റെ ഫെഡറൽ രാഷ്ട്രീയത്തെയോ ബാധിക്കുമോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചു.
ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് അഭികാമ്യമാണെന്നും എന്നാൽ അതിന് ഭരണഘടനയിൽ പ്രായോഗികമായ ഒരു ഫോർമുല ആവശ്യമാണെന്നും ലോ കമ്മീഷൻ നിഗമനത്തിലെത്തിച്ചേർന്നു.
2017ൽ നിതി ആയോഗും തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടത്തുന്നതാണ് അഭികാമ്യമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ബിജെപിയുടെ അജണ്ട
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് - 2014 ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഈ ആശയം. രാഷ്ട്രീയപാർട്ടികളുടെയും സർക്കാരിന്‍റെയും ചെലവ് കുറയ്ക്കാനാകും എന്നതാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും വാഗ്ദാനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പുകളും ഇക്കൂടെ നടത്താമെന്നതും മുന്നോട്ടുവച്ചു.
2016 സെപ്റ്റംബറിൽ രാഷ്ട്രപതി പ്രണബ് മുഖർജി രാജേന്ദ്ര പ്രസാദ് സർവോദയ വിദ്യാലയ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ ഇതിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു.
2019 ജൂണിൽ പാർലമെന്‍ററി സംയുക്ത പാർട്ടി സമ്മേളനത്തിലും നരേന്ദ്രമോദി ഇതേക്കുറിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു.
2022-ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒറ്റ തവണ തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ ഭരണഘടന ഭേദഗതി ചെയ്തതിന് ശേഷം മാത്രമേ അത് ചെയ്യാൻ കഴിയൂ, അത് പാർലമെന്‍റിന്‍റെ ചുമതലയാണ്. 1982-83 കാലഘട്ടത്തിൽ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്നതിന് വേണ്ടി EC വാദിച്ചിരുന്നു.
2018ൽ ലോ കമ്മീഷൻ വിവിധ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടിയപ്പോൾ നാല് പാർട്ടികൾ (ശിരോമണി അകാലിദൾ, എഐഎഡിഎംകെ, സമാജ്‌വാദി പാർട്ടി, ഭാരത് രാഷ്ട്ര സമിതി ) മാത്രമാണ് പിന്തുണച്ചത്. ഒൻപത് പാർട്ടികൾ (ബിജെപി സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഡിഎംകെ, തെലുങ്കുദേശം പാർട്ടി, സിപിഐ, സിപിഐഎം, ഫോർവേഡ് ബ്ലോക്ക് , ജെഡിഎസ്) എതിർത്തു. ജനാധിപര്യവിരുദ്ധവും ഫെഡറലിസത്തിന് എതിരും ഭരണഘടനാവിരുദ്ധവും എന്നായിരുന്നു ഒൻപത് പാർട്ടികളുടേയും നിലപാട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണ് ഇപ്പോഴത്തെ ബിജെപി നീക്കമെന്നാണ് മറ്റൊരു വിമർശനം.
ബിജെപി ഭരണത്തിലുള്ള സംസ്ഥാന സർക്കാരുകൾ ആശയത്തെ അനുകൂലിക്കുന്നതിനൊപ്പം ബിജെഡി ഭരണത്തിലുള്ള ഒഡീഷയും എഐഎഡിഎംകെയ്ക്കും ശിരോമണി അകാലിദളിനുമൊപ്പം പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യ പോലെ വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പ് ആശയം നടപ്പാക്കാനാകില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
ഒരു രാജ്യം-ഒരു നിയമം, ഒരു നേതാവ്, ഒരു സംസ്കാരം, ഒരു മതം നടപ്പാക്കാനുള്ള ബിജെപിയുടെ അജണ്ടയുടെ ഭാഗമാണിതെന്നും വിമർശിക്കപ്പെടുന്നു.
പാർലമെന്‍ററിയിൽ നിന്ന് രാഷ്ട്രപതി ഭരണത്തിലേക്ക് മാറാനുള്ള മോദി സർക്കാരിന്‍റെ ശ്രമമാണിതെന്ന് ഈ നീക്കത്തെ എതിർക്കുന്ന ചിലർ വിശ്വസിക്കുന്നു. മറ്റുചിലർ വാദിക്കുന്നത് ഇത് വൈവിധ്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നാണ്.
പുതിയ ആശയം നടപ്പാക്കണമെങ്കിലൽ ഭരണഘടനയിൽ ആർട്ടിക്കിൾ 83,85, 172, 174, 356 എന്നിവയുടെ ഭേദഗതി ആവശ്യമാണ്. ഇതിന് 50 ശതമാനം സംസ്ഥാനങ്ങളെങ്കിലും ഭരണഘടനാ ഭേദഗതികൾ അംഗീകരിക്കണം. ആർട്ടിക്കിൾ 174 സംസ്ഥാന അസംബ്ലികൾ പിരിച്ചുവിടുന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്, ആർട്ടിക്കിൾ 356 സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും.
പഠിക്കാൻ സമിതി
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയിലാണ് പഠനം. ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ഫിൻസ് കമ്മീഷൻ മുൻ ചെയർമാൻ എൻ കെ സിംഗ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോതാരി എന്നിവരാണ് അംഗങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...