ന്യൂഡൽഹി: നീറ്റ് യുജി, പിജി കൗൺസിലിംഗ് അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി അറിയിച്ചു. എംസിസി ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in-ൽ ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. നീറ്റ് യുജി, പിജി കൗൺസിലിംഗ് ആരംഭിക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി അടുത്ത ആഴ്ച മുതൽ കൗൺസിലിംഗ് ആരംഭിക്കാൻ തീരുമാനിച്ചത്.
നീറ്റ് യുജി, പിജി-2021 കൗൺസിലിംഗിനായുള്ള കൗൺസിലിംഗ് ഷെഡ്യൂൾ ഉടൻ തന്നെ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി- ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് എംസിസി വ്യക്തമാക്കി. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും, ഒബിസി വിഭാഗത്തിനുമുള്ള സംവരണം സംബന്ധിച്ച സുപ്രീം കോടതി തീരുമാനവും എംസിസി അറിയിച്ചു. അഖിലേന്ത്യാ ക്വാട്ടയിലെ ബിരുദ, ബിരുദാനന്തര മെഡിക്കൽ സീറ്റുകളിൽ 27 ശതമാനം സംവരണം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഇക്കണോമിക്കലി വീക്കർ സെക്ഷൻ ക്വാട്ടയ്ക്ക്, ഈ വർഷത്തേക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. കൂടാതെ വരും വർഷങ്ങളിൽ ക്വാട്ടയുടെ മാനദണ്ഡം 2022 മാർച്ചിലുള്ള അടുത്ത ഹിയറിംഗിൽ തീരുമാനിക്കും. പ്രവേശന നടപടികൾ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ടെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കി. ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി കാത്തിരിക്കുന്ന നിരവധി ഡോക്ടർമാർക്ക് ആശ്വാസം പകരുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ (ഇഡബ്ല്യുഎസ്) നിർണയിക്കുന്നതിന് എട്ട് ലക്ഷം രൂപ വാർഷിക വരുമാന മാനദണ്ഡം ബാധകമാക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസം തുടർച്ചയായി വാദം കേട്ട ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് കൗൺസിലിംഗ് ആരംഭിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 2021-22 അധ്യയന വർഷത്തേക്കുള്ള മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-പിജി) പ്രവേശനത്തിൽ ദേശീയതലത്തിൽ ഒബിസിക്ക് 27 ശതമാനവും ഇഡബ്ല്യുഎസ്സിന് 10 ശതമാനവും സംവരണം നൽകുന്ന കേന്ദ്രത്തിന്റെയും മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെയും (എംസിസി) തീരുമാനത്തെ ചോദ്യം ചെയ്ത് 2021 ജൂലൈ 29ന് ഡോക്ടർമാർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ വർഷത്തെ സംവരണം:
എസ്‌സി: 15 ശതമാനം
എസ്ടി: 7.5 ശതമാനം
പേഴ്സൺ വിത്ത് ഡിസ്അബിലിറ്റി: 5 ശതമാനം
ഒബിസി: 27 ശതമാനം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം: 10 ശതമാനം
ഓൾ ഇന്ത്യ ക്വാട്ട സീറ്റ് നീറ്റ് യുജി, പിജി കൗൺസിലിംഗിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം:
mcc.nic.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക. PG അല്ലെങ്കിൽ UG കൗൺസലിംഗ് ടാബിൽ ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
തുടർന്ന് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
രേഖകൾ അപ്ലോഡ് ചെയ്യുക.
രജിസ്ട്രേഷൻ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക.
അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
നീറ്റ് കൗൺസിലിംഗ് 2021ന് ആവശ്യമായ രേഖകൾ:
നീറ്റ് 2021 അഡ്മിറ്റ് കാർഡ്.
ഓൺലൈൻ അപേക്ഷാ ഫോമിന്റെ പകർപ്പ്.
നീറ്റ് മാർക്ക് ഷീറ്റ്.
നാഷണാലിറ്റി സർട്ടിഫിക്കറ്റ്.
12-ാം ക്ലാസിലെ മാർക്ക് ഷീറ്റ്.
പ്രായം തെളിയിക്കുന്നതിനുള്ള പത്താം ക്ലാസ് സർട്ടിഫിക്കറ്റ്.
ആധാർ കാർഡ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...