കോൺഗ്രസും ബിജെപിയും കടുത്ത മത്സരം കാഴ്ചവെച്ച മണിപ്പൂരിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി തിരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ഭരണത്തുടർച്ചക്കായുള്ള കുപ്പായം തുന്നി കാത്തിരിക്കുകയാണ് ബിജെപി. എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം അനുകൂലമായതും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. 2017ൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ അധികാരത്തിൽ ഏറിയെങ്കിലും ഇത്തവണ സഖ്യകക്ഷികളുടെ സഹായം വേണ്ടിവരില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
ബിജെപിയുടെ അഞ്ച് വർഷത്തെ ഭരണമികവുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി എണ്ണി എണ്ണി പറയുമ്പോൾ തീർത്തും പരാജയപ്പെട്ട സർക്കാരാണ് മണിപ്പൂരിലേത് എന്ന് ആരോപിക്കുകയാണ് രാഹുൽഗാന്ധി. 2016ൽ കോൺഗ്രസ് വിട്ട എൻ. ബിരൻ സിംഗ് ബിജെപിക്ക് ഒപ്പം ചേർന്ന് തകർത്തത് 15 വർഷത്തെ കോൺഗ്രസ് ഭരണമാണ്. 2017ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും പ്രാദേശിക പാർട്ടികളായ നാഷണൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് പാർട്ടി, ലോക് ജനശക്തി പാർട്ടി എന്നിവരുടെ പിന്തുണയോടെ 21 സീറ്റുകൾ മാത്രം നേടിയ ബിജെപി അധികാരത്തിൽ എത്തുകയായിരുന്നു.
Also Read: യോഗിയെ അട്ടിമറിക്കുമോ അഖിലേഷ്? എന്താകും യോഗിയുടെ യോഗം?
60 സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പ്;
ഒട്ടേറെ അക്രമ സംഭവങ്ങൾ അരങ്ങേറിയ തിരഞ്ഞെടുപ്പായിരുന്നു മണിപ്പൂരിലേത്. ഇവിഎം മെഷീൻ മോഷണം പോയത് ഉൾപ്പെടെ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. മികച്ച പോളിംങ് ആയിരുന്നു (78.03%) ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. 15 വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെ 173 സ്ഥാനാർഥികളാണ് ആദ്യ ഘട്ടത്തിൽ മത്സരരംഗത്ത് ഉണ്ടായിരുന്നത്. കള്ളവോട്ട്, പ്രിസൈഡിംഗ് ഓഫീസർക്ക് നേരേ ഭീഷണി, ഇവിഎം മോഷണം തുടങ്ങി അക്രമ സംഭവങ്ങൾ പലതും റിപ്പോർട്ട് ചെയ്തിരുന്നു. 23 ബുത്തൂകളിൽ കോൺഗ്രസ് കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഭരണകക്ഷിയായ ബിജെപി രംഗത്തെത്തുകയും ചെയ്തു.
ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിൽ നടന്ന രണ്ടാം ഘട്ടത്തിലും അരങ്ങേറിയത് വ്യാപക അക്രമങ്ങളാണ്. രണ്ട് വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെ 92 സ്ഥനാർഥികളാണ് ഈ ഘട്ടത്തിൽ പൊരുതാനിറങ്ങിയത്. പോളിംങ് സ്റ്റേഷനുകളിലെ വ്യാപക അക്രമങ്ങൾക്കിടയിലും 76.75 % പോളിംഗ് രേഖപ്പെടുത്തിയിരുന്നു. രണ്ടുഘട്ടങ്ങളിലായി 11 ഓളം ഇവിഎം മെഷീനുകൾ തകർത്ത സംഭവങ്ങളും ഡാറ്റ വീണ്ടെടുക്കാൻ കഴിയാത്ത വിധം ഉണ്ടായ യന്ത്രതകരാറും തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുന്ന കാഴ്ചയും മണിപൂർ കണ്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...